|    Apr 27 Thu, 2017 10:24 pm
FLASH NEWS

കൂട്ടായ്മയുടെ കാരുണ്യത്തില്‍ ഗോപാലന് വീടായി

Published : 2nd December 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: തീരാദുരിതം പേറി പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുള്ള കുടിലില്‍ താമസിച്ച നിര്‍ധന കുടുംബത്തിന് വീടൊരുക്കി സുല്‍ത്താന്‍ ബത്തേരി ഫഌക്‌സ് ക്ലബ്ബിന്റെ കാരുണ്യക്കൂട്ടായ്മ. നഗരസഭയിലെ കരുവള്ളിക്കുന്നില്‍ പട്ടയമില്ലാത്ത ഭൂമിയില്‍ കഴിഞ്ഞിരുന്ന വൃക്കരോഗിയായ ഗോപാലന്റെ കുടുംബത്തിനാണ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തില്‍ വീട് നിര്‍മിച്ചു നല്‍കിയത്. സ്ഥലത്തിന് പട്ടയമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കാതിരുന്ന കുടുംബത്തിനാണ് കൂട്ടായ്മ കരുത്തായത്. മാനസിക വൈകല്യം നേരിടുന്ന മകളും പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ മകനും ഉള്‍പ്പെടുന്ന കുടുംബത്തെ കൂലിപ്പണിയെടുത്തു പോലും പോറ്റാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഗോപാലന്‍. നാലേകാല്‍ ലക്ഷം രൂപ മുടക്കി 560 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള വീടാണ് നിര്‍മിച്ചു നല്‍കിയത്. നഗരസഭാ കൗണ്‍സിലര്‍ വല്‍സ ജോസിന്റെ ഇടപെടലുകളെ തുടര്‍ന്നാണ് ഗോപാലന്റെ വീടുനിര്‍മാണം ഫഌക്‌സ് ക്ലബ്ബ് ഏറ്റെടുത്തത്. ഒന്നര ലക്ഷം രൂപയോളം വല്‍സ ജോസ് തന്നെ സംഘടിപ്പിച്ചു നല്‍കി. ബാക്കി തുക ക്ലബ്ബ് അംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് സമാഹരിച്ചു. കല്‍പ്പറ്റ ഇലക്ട്രിക്കല്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ വൈദ്യുതീകരണം സൗജന്യമായി നിര്‍വഹിച്ചു. വീടിന്റെ താക്കോല്‍ദാനം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജിഷ ഷാജി അധ്യക്ഷത വഹിച്ചു. വികസനകാര്യ സമിതി അധ്യക്ഷന്‍ ടി എല്‍ സാബു, കൗണ്‍സിലര്‍മാരായ എന്‍ എം വിജയന്‍, പി പി അയൂബ്, വല്‍സ ജോസ്, എം സി ശരത്, ടോബിന്‍ വര്‍ഗീസ്, മുനിസിപ്പല്‍ സെക്രട്ടറി സി ആര്‍ മോഹന്‍, റിനു ജോണ്‍, ക്ലബ്ബ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍, സുരേഷ് ബാബു, ഷിനോജ് പാപ്പച്ചന്‍, അജയ് ഐസക്, ടോം ജോസ്, സെബാസ്റ്റ്യന്‍ സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day