|    Aug 17 Fri, 2018 11:11 pm
FLASH NEWS

കൂട്ടായിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് തീയിട്ട സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

Published : 11th August 2018 | Posted By: kasim kzm

തിരൂര്‍: കൂട്ടായിയില്‍ സിപിഎം പ്രവര്‍ത്തകന്റ വീടിന് തീയിട്ട കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ കൂട്ടായി ചെറിയ മൊയ്തീന്‍ക്കാനകത്ത് ഇസ്ഹാഖ് (27) ലീഗ് പ്രവര്‍ത്തകന്‍ കൂട്ടായി അരയന്‍ കടപ്പുറം കമ്മുട്ടകത്ത് ഹര്‍ഷാദ് (31 ) എന്നിവരെയാണ് തിരൂര്‍ എസ്‌ഐ സുമേഷ് സുധാകര്‍ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ജൂലൈ 13ന് അര്‍ദ്ധരാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂട്ടായി അരയന്‍ കടപ്പുറത്തെ സിപിഎം പ്രവര്‍ത്തകനായ കുറിയന്റെ പുരക്കല്‍ സൈനുദ്ദീന്റെ വീടിനാണ് അക്രമികള്‍ തീയിട്ടത്. തീ വീട്ടിനകത്തേക്ക് പടര്‍ന്ന് കയറി മുറിയില്‍ ഉറങ്ങി കിടക്കുകയായിരുന്ന സൈനുദ്ദീന്റെ പ്ലസ്ടു വിദ്യാര്‍ഥിയായ മകള്‍ സാരമായി പൊള്ളലേറ്റ നിലയില്‍ ചികില്‍സയിലാണ്. ഹര്‍ഷാദും സുഹൃത്തായ ഇസ്ഹാഖും ചേര്‍ന്ന് സൈനുദ്ദീന്റെ മകനെ വെട്ടി കൊല്ലാനാണ് തീരുമാനിച്ചത്. എന്നാല്‍ ഇയാള്‍ അന്ന് നേരത്തെ വീട്ടിലെത്തിയതിനാല്‍ പദ്ധതി പാളുകയും തുടര്‍ന്ന് വീടിന് തീവെച്ച് ചുട്ടെരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കടപ്പുറത്തെ മല്‍സ്യബന്ധന തോണിയില്‍ നിന്നും മണ്ണെണ്ണ മോഷ്ടിച്ച് സൈനുദ്ദീന്റെ വീട്ടിലെത്തി മണ്ണെണ്ണയൊഴിച്ച് ചെരിപ്പിന് തീയിടുകയായിരുന്നു. സൈനുദ്ദീന്റെ മാതാവും മകളും കിടന്നിരുന്ന മുറിയിലേക്ക് മണ്ണെണ്ണയൊഴിച്ചും തീ കത്തിച്ചു. തീ പടര്‍ന്നു പിടിച്ചതോടെ പ്രതികള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇസ്ഹാഖ് ബൈക്കില്‍ പറവണ്ണ ആലിന്‍ ചുവട്ടിലെ ഒളി താവളത്തിലും തുടര്‍ന്ന് താനൂരിലും പരപ്പനങ്ങാടിയിലും കഴിഞ്ഞു.
പിന്നീട് ബാംഗ്ലൂരിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും എസ്‌ഐ സുമേഷ് സുധാകര്‍ പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഹര്‍ഷാദിനെ കൂട്ടായിയില്‍ വെച്ചും ഇസ്ഹാഹാഖിനെ ഉണ്യാലിലെ ബന്ധുവീട്ടില്‍ വച്ചുമാണ് അറസ്റ്റു ചെയ്തത്. പ്രതികളെ തിരൂര്‍ കോടതി 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രദേശത്തെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഹര്‍ഷാദ് അടുത്തിടെയാണ് റിമാന്റ് കാലാവധി കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയത്. പ്രദേശത്തെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സിപിഎം ലീഗ് നേതൃത്വം പരിശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് കലാപത്തിന് നീക്കം നടത്തുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss