|    Jun 22 Fri, 2018 9:15 am
FLASH NEWS
Home   >  News now   >  

കൂടെ കൊണ്ടു നടന്നതും നീയേ ചാപ്പാ…..

Published : 16th May 2016 | Posted By: G.A.G

MODI-SILENT

IMTHIHAN-SLUG-352x300എന്തൊക്കെ ബഹളമായിരുന്നു
മലപ്പുറം കത്തി
മെഷീന്‍ ഗണ്ണ്
ബോംബ്, ഒലക്കേടെ മൂട്…
ഒടുക്കം  പവനായി……
ശവമായി
ഇങ്ങനെയൊരു ഡയലോഗ് മാത്രം കൊടുത്ത് അനുയോജ്യമായ പടം ചേര്‍ത്ത് എഫ് ബിയില്‍ പോസ്റ്റ് ചെയ്യാന്‍ പറഞ്ഞാല്‍ കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥി വരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസംഗിക്കുന്ന പടം ചേര്‍ത്ത് പോസ്റ്റു ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല.
നരേന്ദ്ര മോഡിയുടെ ഡല്‍ഹിയിലെ അധികാരാരോഹണമായിരുന്നു കേരളത്തിലെ ബി ജെ പി മുന്നണിക്ക് പതിവില്‍ നിന്നും വ്യത്യസ്തമായി ഉണര്‍വു പകര്‍ന്നിരുന്നത് എന്നതില്‍ സംശയമില്ല. നേരത്തേ തിരഞ്ഞെടുപ്പെന്നു പറഞ്ഞാല്‍ ബി ജെ പിക്കാര്‍ക്ക് നാലു പുത്തന്‍ കിട്ടാനുളള ഏര്‍പ്പാടായിരുന്നു. ഇനി ആ പരിപാടി പറ്റില്ലെന്നു പാര്‍ട്ടിയുടെ പുതിയ കാര്യക്കാരന്‍ അമിത് ഷാ കട്ടായം പറഞ്ഞപ്പോള്‍ തല്‍ക്കാലത്തേക്ക് ആ പരിപാടി നിര്‍ത്തി.(ഇല്ലെങ്കില്‍ ഗുജറാത്തിലെ കലാപരിപാടി പുറത്തെടുക്കുമെന്നു കക്ഷി കണ്ണുരുട്ടി ബ്രോ.) ജന്മനാലുളള ഗ്രൂപ്പിന്റെ അസുഖം പകര്‍ച്ച വ്യാധി പോലെ കൂടെക്കിടന്നവര്‍ക്കെല്ലാം കിട്ടിയതു കാരണം മിസ്ഡ് കാള്‍ മെമ്പറായി പോലും മാരാര്‍ജി ഭവനില്‍ ചവിട്ടാത്ത കുമ്മനം രാജശേഖരനെ നൂലില്‍ കെട്ടിയിറക്കി.
ഒരു എം.പി പോലുമില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാവില്ലെന്നു പറഞ്ഞപ്പോള്‍ നോമിനേറ്റഡ് കാറ്റഗറിയില്‍ പെടുത്തി സുരേഷ് ഗോപിയെപ്പിടിച്ച് എംപിയുമാക്കിത്തന്നു. മല്‍സരിക്കാന്‍ സെലിബ്രിറ്റികളെ വേണമെന്നും പറഞ്ഞപ്പോള്‍ കളിയൊന്നുമില്ലാതെ തേരാപാരാ നടക്കുന്ന ശ്രീശാന്തിനെപ്പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കി. പോരാത്തതിന് പ്രചാരണത്തിന് ഹെലികോപ്റ്റര്‍, ഒരു ഡസന്‍ കേന്ദ്രമന്ത്രിമാര്‍,പോരാ പ്രധാന മന്ത്രി തന്നെ എല്ലാ തിരക്കുകളും മാറ്റിവെച്ച് വരാമെന്നേറ്റു. ആകെകൂടി ബംബര്‍ ലോട്ടറി അടിച്ച പ്രതീതി. ഹിന്ദു ഐക്യം പറഞ്ഞു ചെന്നപ്പോഴൊന്നും ഒന്നു നേരേ ചൊവ്വേ സംസാരിക്കാന്‍ പോലും മര്യാദ കാട്ടാതിരുന്ന സുകുമാരന്‍ നായരെപ്പോലുളളവരെക്കൊണ്ട് ക്ഷ ണ്ണ ഞ്ഞ വരപ്പിക്കാന്‍ പത്തൊമ്പതാം തിയ്യതിയൊന്നു കാത്തിരിക്കുകയായിരുന്നു. എന്തു ചെയ്യാം സൂര്യോദയം മുതല്‍ വെളളം കോരി അസ്തമയടുത്തപ്പോള്‍ കലമുടച്ചവനെപ്പോലെ ആയി എന്നു പറഞ്ഞാല്‍ മതിയല്ലോ. നിത്യേന പത്രം വായിക്കുകയും ഇന്ത്യയിലും പുറത്തും നിരന്തരം സഞ്ചരിക്കുകയും ചെയ്യുന്ന കേരളിയരോടാണ് മോഡിജി വന്ന് കേരളത്തിന്റെ സ്ഥിതി സോമാലിയയുടെ അവസ്ഥയിലാണെന്നു പറയുന്നത്. ഇന്ത്യയെന്നു കേട്ടാല്‍  ചോര തിളക്കാത്ത ഇവനൊക്കെ കേരളമെന്നു കേട്ടപ്പോള്‍ ചോര തിളച്ചു. രാജ്യദ്രോഹികള്‍ …ചക്കാത്തിന് ഒരു എം പി യെക്കൊടുത്തതിന്റെ നന്ദി പോലും കാണിച്ചില്ല. ആ, പറഞ്ഞിട്ടും കാര്യമില്ല.  അഛനും മക്കളും വീട്ടില്‍ അടി പിടി പതിവാണെങ്കിലും വരത്തന്‍ വന്ന് അമ്മയെത്തല്ലിയാല്‍ ആരും നോക്കി നില്‍ക്കില്ലല്ലോ. ഇനി നടേശന്‍ മുതലാളിയുടെ വീട്ടില്‍ പോയി നീട്ടി പാടാം ‘കൂടെ കൊണ്ടു നടന്നതും നീയേ
കൊണ്ടു പോയി കൊല്ലിച്ചതും നീയേ ചാപ്പാ…..’

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss