|    Sep 19 Wed, 2018 2:03 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കൂടുതല്‍ സഹായം തേടി കേരളം; ലോകബാങ്ക് സംഘം ഇന്നു സംസ്ഥാനത്ത്

Published : 29th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നട്ടംതിരിയുന്ന കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് ലോകബാങ്കില്‍ നിന്നു കൂടുതല്‍ വായ്പയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇന്നു സംസ്ഥാനത്തെത്തുന്ന 12 അംഗ ലോകബാങ്ക് സംഘത്തോട് കുറഞ്ഞ പലിശനിരക്കില്‍ ദീര്‍ഘകാലത്തേക്ക് വായ്പ നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ചര്‍ച്ചയെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.
3000 കോടി രൂപയുടെ വായ്പ വാങ്ങാനാണ് നീക്കം. നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തിയശേഷം തുകയുടെ കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തും. അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മാണം ചൂണ്ടിക്കാട്ടിയാവും വായ്പ ആവശ്യപ്പെടുക. 20,000 കോടിയോളം ഇതിനു ചെലവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തെ സഹായിക്കാന്‍ ലോകബാങ്ക് നേരത്തേ തന്നെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
സംസ്ഥാനത്തിന് കൂടുതല്‍ സഹായം വേണമെന്ന ആവശ്യം പരിഗണിക്കാന്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണനും ധനമന്ത്രാലയ സെക്രട്ടറി ഹസ്മുഖ് ആദിയയും ഇന്നു കേരളത്തിലെത്തും. പുനര്‍നിര്‍മാണത്തിന് വലിയതോതില്‍ പണം ആവശ്യമായതിനാല്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യം കേരളം ഉന്നയിക്കും. ചരക്കുസേവന നികുതിക്ക് പുറമെ പത്തുശതമാനം സെസ്സ് ഏര്‍പ്പെടുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെടുമെന്നാണ് വിവരം. യുഎഇയില്‍ നിന്നുള്ള 700 കോടി രൂപ അടക്കമുള്ള വിദേശസഹായം കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചതിനു പിന്നാലെയാണ് കേരളം വിവിധ ഏജന്‍സികളെ സമീപിക്കുന്നത്. ഫെഡറല്‍ തത്ത്വമനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് രാജ്യാന്തര വായ്പകളെടുക്കാന്‍ അവകാശമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss