|    Nov 13 Tue, 2018 10:05 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കൂടുതല്‍ മരണം മലപ്പുറത്ത്; പ്രളയബാധിതര്‍ 16 ലക്ഷം

Published : 20th August 2018 | Posted By: kasim kzm

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: വിസ്തീര്‍ണം കൊണ്ട് സംസ്ഥാനത്തു രണ്ടാം സ്ഥാനത്തുള്ള മലപ്പുറം ജില്ലയിലെ 16 ലക്ഷം പേരെ പ്രളയം ബാധിച്ചുവെന്നു കണക്കുകള്‍. ജില്ലയുടെ മൊത്തം ജനസംഖ്യയുടെ 35 ശതമാനത്തോളം വരും ഇത്. ജില്ല ഇപ്പോള്‍ പ്രളയക്കെടുതികളില്‍ നിന്നു പതുക്കെ മോചിതമാവുന്നുണ്ട്. ഇന്നലെ മരണമോ, പരിക്കുകളോ റിപോര്‍ട്ട് ചെയ്തിട്ടില്ല.
പ്രളയത്തിന്റെ ഒന്നാംഘട്ടത്തില്‍ നിലമ്പൂര്‍, ഏറനാട് താലൂക്കുകളിലായിരുന്നു കൂടുതല്‍ നാശനഷ്ടങ്ങള്‍. രണ്ടാംഘട്ടത്തില്‍ പൊന്നാനിയിലും തിരൂരിലുമായിരുന്നു. ഇതുവരെ 184 ക്യാംപുകളിലായി 33,658 പേര്‍ അഭയം തേടി. നിലമ്പൂര്‍ താലൂക്കില്‍ 24 ക്യാപുകളില്‍ 2075, പൊന്നാനി 22 ക്യാംപുകളില്‍ 3309, കൊണ്ടോട്ടി 16 ക്യാംപുകളില്‍ 1093, ഏറനാടിലെ 32 ക്യാംപുകളില്‍ 5884, തിരൂരങ്ങാടി 29 ക്യാംപുകളില്‍ 8736, തിരൂര്‍ 42 ക്യാംപുകളില്‍ 11302, പെരിന്തല്‍മണ്ണയിലെ 24 ക്യാംപുകളില്‍ 1259 പേരുമാണുള്ളത്.
ജില്ലയില്‍ ഇതുവരെ 48 പേര്‍ക്കാണു ജീവന്‍ നഷ്ടപ്പെട്ടത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. കൂടുതല്‍ പേര്‍ മരണപ്പെട്ടത് കൊണ്ടോട്ടിയിലാണ്; 14 പേര്‍. തിരൂര്‍ രണ്ട്, നിലമ്പൂര്‍ 11, ഏറനാട് 12, തിരൂരങ്ങാടി അഞ്ച്, പെരിന്തല്‍മണ്ണ രണ്ട്, പൊന്നാനി രണ്ട് എന്നിങ്ങനെയാണു മരണം. രണ്ടു പേരെ കാണാതായി. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2030.68 മില്ലിമീറ്റര്‍ മഴയാണ് ഇതുവരെ ലഭിച്ചത്. 138 വില്ലേജുകളിലായി ഏഴുലക്ഷം പേര്‍ നേരിട്ട് കെടുതി അനുഭവിക്കുന്നുവെന്നാണു ജില്ലാ ഭരണകൂടം പറയുന്നത്.
എന്നാല്‍ ഇതിലും ഇരട്ടി പേര്‍ കഷ്ടപ്പാടുകള്‍ അനുഭവിച്ചിരിക്കാനുള്ള സാധ്യതയാണു തെളിയുന്നത്. ക്യാംപുകളിലെത്താതെ ലക്ഷങ്ങള്‍ ബന്ധുവീടുകളില്‍ അഭയം തേടിയതായി ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും പ്രദേശിക ക്ലബ്ബുകളുടെയും ഇടപെടലാണു കഷ്ടനഷ്ടങ്ങളും മരണവും കുറയാന്‍ കാരണം. ജനങ്ങള്‍ നന്നായി സഹകരിച്ചുവെന്നു ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. ദുരിതാശ്വാസ ക്യാംപുകള്‍ നാട്ടുകാര്‍ ഏറ്റെടുത്തു നടത്തിയതിനാല്‍ സര്‍ക്കാരിന് ജോലി ഭാരം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.
ക്യാംപുകളില്‍ ഒരു കാര്യത്തിനും ബുദ്ധിമുട്ടേണ്ടിവന്നില്ലെന്നതു മലപ്പുറത്തിന്റെ മഹത്തായ സേവന സന്നദ്ധതയുടെയും സ്‌നേഹത്തിന്റെയും പര്യായമായി മനസ്സിലാക്കാം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മഴ കുറയുകയും പുതിയ അപകടസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുകയും ഉണ്ടായിട്ടില്ല.
വെള്ളം ഇറങ്ങാന്‍ തുടങ്ങിയതോടെ പല ക്യാംപുകളില്‍ നിന്നും ആളുകള്‍ തിരിച്ചുപോവാന്‍ തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ ഗതാഗത തടസ്സങ്ങളും നീങ്ങിയിട്ടുണ്ട്. തീവണ്ടി സര്‍വീസുകളും ബസ് സര്‍വീസുകളും സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. നാശനഷ്ടങ്ങളുടെ കണക്ക് റവന്യൂ വിഭാഗം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
110 വീടുകള്‍ പൂര്‍ണമായും 1459 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. 419.3 ലക്ഷം രൂപയുടെ നഷ്ടം ഈയിനത്തില്‍ കണക്കാക്കുന്നു.
4522.04 ഹെക്റ്ററിലാണ് കൃഷിനാശമുണ്ടായത്. 24 പശുക്കളും 34 ആടുകളും 5296 താറാവുകളും 112831 കാട, കോഴിയും ഉള്‍പ്പെടെയുള്ളവര്‍ക്കു ജീവഹാനി സംഭവിച്ചിട്ടുണ്ട്്. 68 ബോട്ടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഇതെല്ലാം ഔദ്യോഗിക കണക്കുകളാണ്. യഥാര്‍ഥ നഷ്ടം ഇതിന്റെ ഇരട്ടിയോളമാവും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss