|    Sep 25 Tue, 2018 6:55 am
FLASH NEWS

കൂടല്‍മാണിക്യം ഉല്‍സവം : ദേവസ്വം നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനം തുടങ്ങി

Published : 5th May 2017 | Posted By: fsq

 

ഇരിങ്ങാലക്കുട: ഈ വര്‍ഷത്തെ കൂടല്‍മാണിക്യം ഉല്‍സവം സുഗമമാക്കാന്‍ ദേവസ്വം മുന്‍കൈ എടുത്തു വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഉദ്യോഗസ്ഥന്മാരുടെ യോഗം നടത്തി. വ്യാഴാഴ്ച കൊട്ടിലാക്കലില്‍ ചേര്‍ന്ന യോഗത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ വേണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു. ആനകളുടെ കാര്യത്തില്‍ ഫോറസ്റ്റും മൃഗസംരക്ഷണ വകുപ്പും പോലിസും ചേര്‍ന്നുള്ള പരിശോധന കര്‍ശനമാക്കും. മെയ് ഏഴിനു വൈകിട്ട് അഞ്ചിന് ആനകള്‍ക്കുള്ള പരിശോധന നടക്കും. അതോടൊപ്പം പാപ്പാന്മാര്‍ക്കുള്ള ബോധവല്‍കരണ ക്ലാസും നടത്താന്‍ ഉദ്ദേശിക്കുന്നു. ആനകളെ തിരഞ്ഞെടുക്കുന്നതില്‍ ആനകളുടെ പൂര്‍വ ചരിത്രവും അച്ചടക്കവും പ്രധാന മാനദണ്ഡങ്ങള്‍ ആക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശം വന്നു. പാപ്പാന്മാരുടെ സാന്നിദ്ധ്യം എപ്പോഴും വേണമെന്നും എഴുന്നെള്ളിപ്പ് പാതയില്‍ വെള്ളം നനയ്ക്കണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നു. നിശ്ചിത അകലം പാലിച്ച് മാത്രമേ ഭക്തജനങ്ങളെ നിര്‍ത്താവൂ എന്നും ആനകള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന ശബ്ദം ഉണ്ടാക്കുന്ന തരത്തിലുള്ള ചില പ്രത്യേകതരം നീളം കൂടിയ ബലൂണുകള്‍ ഉല്‍സവ പറമ്പിലും ആനകളുടെ സമീപത്തും കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും നിരോധിക്കും. ഹേലികാമുകള്‍ക്കും ക്ഷേത്രത്തിനു അകത്തും പുറത്തും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 200 പോലിസുകാരുടെ സേവനം എപ്പോഴും ലഭ്യമാവുന്ന രീതിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും സുരക്ഷാ ക്യാമറ, ആംബുലന്‍സ്, ബൈക്ക് പെട്രോളിങ്ങ് എന്നിവ ഉണ്ടാക്കുമെന്നും അതിനുപുറമേ ഒരു വാച്ച് ടവര്‍ വേണമെന്നും പോലിസ് ദേവസ്വത്തോട് ആവശ്യപ്പെട്ടു. തിരക്കുള്ള റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ ബസുകള്‍ ഓടിക്കും. നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിലും വില്‍പന ശാലകളിലും പരിശോധനകള്‍ കര്‍ശ്ശനമാക്കും. പോലിസ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, മൃഗ സംരക്ഷണ വകുപ്പ്, ഫോറസ്റ്റ്, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, ഹെല്‍ത്ത്, കെഎസ്ആര്‍ടിസി വകുപ്പുകളെ പ്രതിനിധികരിച്ച് 20 തോളം ഉ—ദ്യോഗസ്ഥരും ജില്ല ഭരണകൂടത്തെ പ്രതിനിധികരിച്ച് മുകുന്ദപുരം തഹസില്‍ദാരും യോഗത്തില്‍ പങ്കെടുത്തു. ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ദേവസ്വം, ദേവസ്വം ഭരണസമിതി അംഗം വിനോദ് തറയില്‍, അശോകന്‍ ഐത്താടന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എ എം സുമ എന്നിവര്‍ സന്നിഹിതരായിരുന്നു. യോഗത്തിനു ശേഷം ഇരിങ്ങാലക്കുട സി ഐ സുരേഷ് കുമാര്‍, എസ്‌ഐ സുബീഷ്, മുകുന്ദപുരം തഹസില്‍ദാര്‍ മധുസൂദനന്‍ എന്നിവര്‍ ക്ഷേത്ര പരിസരം ചുറ്റികാണുകയും സുരക്ഷ മാനദണ്ഡങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ ദേവസ്വത്തിന് നല്‍കുകയുണ്ടായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss