|    Apr 27 Fri, 2018 6:28 am
FLASH NEWS

കൂടംകുളം 400 കെവി ലൈന്‍ വലിക്കല്‍ : 11 വര്‍ഷമായി പരിഹരിക്കാത്ത പ്രശ്‌നം ഒരുദിവസം കൊണ്ട് തീരില്ല: കര്‍മസമിതി

Published : 6th November 2016 | Posted By: SMR

പത്തനംതിട്ട: കൂടംകുളം ആണവനിലയത്തില്‍ നിന്നുള്ള ഇടമണ്‍ -കൊച്ചി 400 കെ വി വൈദ്യുതി ലൈന്‍ നിര്‍മാണത്തിന് അനുകൂല സാഹചര്യമൊരുക്കാന്‍ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ വിളിച്ച യോഗം ലക്ഷ്യത്തിലെത്തിയില്ല. കോന്നി താലൂക്കില്‍ പലയിടത്തും ലൈന്‍ നിര്‍മാണ ജോലികള്‍ക്ക് എത്തിയവര്‍ക്ക് എതിര്‍പ്പ് നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ പ്രശ്‌ന പരിഹാരത്തിനായി യോഗം വിളിച്ചു ചേര്‍ത്തത്. സര്‍വേ നടപടികള്‍ മുടങ്ങിയതോടെ വിഷയത്തില്‍ ജില്ലാ കലക്ടറുടെ മധ്യസ്ഥതയില്‍ യോഗം വിളിക്കണമെന്ന് പവര്‍ ഗ്രിഡ് അധികൃതരും ആവശ്യപ്പെട്ടിരുന്നു. അടൂര്‍ പ്രകാശ്, വീണാ ജോര്‍ജ് എന്നീ എംഎല്‍എമാരെ യോഗത്തിലേക്ക് വിളിച്ചിരുന്നെങ്കിലും അവര്‍ പങ്കെടുത്തില്ല. പ്രശ്‌ന പരിഹാരത്തിനായി ലൈന്‍ പോവുന്ന പ്രദേശങ്ങളിലെ വസ്തു ഉടമകള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്ന നഷ്ടപരിഹാര പദ്ധതികള്‍ വലിയ തോതില്‍ വര്‍ധിപ്പിച്ചിരുന്നു. 340 കോടിയായിരുന്ന നഷ്ടപരിഹാരം മൊത്തം 1200യോളമായി ഉയര്‍ത്തി. ടവറിനു വേണ്ടി എടുക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ അഞ്ചിരട്ടി നഷ്ടപരിഹാരം. ലൈന്‍ കടന്നുപോവുന്ന ഇടങ്ങളില്‍ ഭൂമിക്ക് സര്‍ക്കാര്‍ വിലയുടെ ഇരട്ടി നല്‍കും. ലൈന്‍ പോവുന്ന ഇടങ്ങളില്‍ മരം മുറിച്ച് നീക്കില്ല. വീടു മാറ്റേണ്ടി വന്നാല്‍ അവര്‍ക്ക് പുതിയ വീട് വയ്ക്കാന്‍ പണം നല്‍കും. രണ്ട് ടവറുകള്‍ക്കിടയില്‍ ലൈന്‍ താഴ്ന്നു കിടക്കുന്ന ഇടത്ത് അധികമായി ഇരുവശത്തും 15 മീറ്റര്‍ കൂടി സ്ഥലം നല്‍കണം. ഈ സ്ഥലത്തിനും ന്യായവിലയുടെ ഇരട്ടി കിട്ടും, തുടങ്ങിയ നിര്‍ദേശങ്ങള്‍ പവര്‍ഗ്രിഡ് അധികൃതര്‍ യോഗത്തിന്റെ  ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. എന്നാല്‍ കര്‍മസമിതി പ്രതിനിധികള്‍ ഇത് അംഗീകരിച്ചില്ല. ആയിരം കോടികളുടെ കണക്കുകള്‍ കര്‍ഷകരെ പറ്റിക്കാനാണെന്ന് അവര്‍ പറഞ്ഞു.സര്‍വേ നടത്താന്‍ പോലീസ് സഹായം വേണമെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍  ആവശ്യപ്പെട്ടു.രണ്ടു മുഖ്യമന്ത്രിമാര്‍ ഇടപെട്ടിട്ടും 11 വര്‍ഷമായി പരിഹരിക്കാന്‍  കഴിയാതിരുന്ന പ്രശ്‌നം ഒരു ദിവസം കൊണ്ട് തീര്‍ക്കാന്‍ ആരും കരുതരുതെന്നു കര്‍മ സമിതി നേതാക്കളായ ജ്യോതിഷ്‌കുമാര്‍ മലയാലപ്പുഴ, മനോജ് ചരളേല്‍ പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയുടെ താരിഫ് വില സംബന്ധിച്ച പുതിയ ഉത്തരവ് ഉടനെ പുറത്തിറക്കുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് തീരുമാനമാകാതെ യോഗം പിരിഞ്ഞു. ഒരു വസ്തുവില്‍ ലൈന്‍ സംബന്ധമായ പ്രവൃത്തികള്‍ക്ക് കയറും മുമ്പ് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളില്‍ ഉടമയുമായി ഒത്തുതീര്‍പ്പ് ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കണമെന്ന് മനോജ് ചരളേല്‍ പറയുന്നു. ഇത് ഉണ്ടാകാത്തത് പ്രതിഷേധത്തിന് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss