|    Apr 27 Thu, 2017 8:22 pm
FLASH NEWS

കുശാല്‍ നഗറില്‍ നിന്നും കോട്ടച്ചേരിയിലേക്ക് സമാന്തര റോഡ് യാഥാര്‍ത്ഥ്യമാകുന്നു

Published : 27th October 2016 | Posted By: SMR

കാഞ്ഞങ്ങാട്: കുശാല്‍നഗര്‍ റെയില്‍വേ ഗേറ്റില്‍ നിന്ന് കോട്ടച്ചേരി റെയില്‍വേ സ്‌റ്റേഷനെ ബന്ധിപ്പിക്കുന്ന സമാന്തര റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായി. നഗരത്തില്‍ നിലവിലുള്ള ഗതാഗത കുരുക്കില്‍ നിന്നും യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ ആശ്വാസമാകുന്ന റോഡ് നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത് കാഞ്ഞങ്ങാട് നഗരസഭയാണ്. കുശാല്‍നഗര്‍ റെയില്‍വേ ഗേറ്റില്‍ നിന്നും റെയില്‍പാളത്തിന് സമാന്തരമായി റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള റോഡ് നിര്‍മാണം പൂര്‍ത്തിയായത് ഏറെ കടമ്പകള്‍ക്ക് ശേഷമാണ്. 1996ല്‍ ജനകീയാസൂത്രണ പദ്ധതിയില്‍ തുക ഉള്‍പ്പെടുത്തി ഒരു കിലോമീറ്ററോളം റോഡ് നിര്‍മിച്ച് ടാര്‍ ചെയ്തിരുന്നു. എന്നാല്‍ അവശേഷിക്കുന്ന ഭാഗത്തേക്ക് റോഡ് നിര്‍മിക്കാന്‍ റെയില്‍വേയുടെ അനുമതി ലഭിച്ചില്ല. 16 വര്‍ഷത്തിന് ശേഷമാണ് സമാന്തര റോഡ് യാഥാര്‍ത്ഥ്യമാകുന്നത്. ഇനി ടാറിങ് ജോലി മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്്. 2000ത്തിന് ശേഷം വന്ന കൗണ്‍സിലും നാല് നഗരസഭ ചെയര്‍മാന്മാരും ഈ റോഡ് വിഷയത്തില്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. മുന്‍ ചെയര്‍പേഴ്‌സണ്‍ ടി വി ശൈലജയും റോഡ് അനുമതിക്ക് വേണ്ടി നിരവധി തവണ റെയില്‍വേ അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കെഎസ്ടിപി റോഡ് പണിയുടെ ഭാഗമായി നീക്കിയ മണ്ണും കല്ലും ഉപയോഗിച്ചാണ് പുതിയ സമാന്തര റോഡിന്റെ നിര്‍മാണം നടന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി നഗരത്തില്‍ നിന്നും കെഎസ്ടിപി അധികൃതര്‍ നീക്കിത്തുടങ്ങിയ മണ്ണുകള്‍ അപ്പാടെ സമാന്തര റോഡിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു. നഗരസഭാ ചെയര്‍മാനും കൗണ്‍സിലര്‍മാരും രാത്രികാല നിര്‍മാണ പ്രവര്‍ത്തിക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തു. സമാന്തര റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ തീരദേശത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് കുശാല്‍നഗര്‍ റെയില്‍വെ ഗേറ്റ് കടന്നയുടന്‍ സമാന്തര റോഡിലൂടെ കോട്ടച്ചേരി റെയില്‍വെ സ്‌റ്റേഷന്‍ വഴി നഗരത്തിലെത്താം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day