|    Jan 22 Sun, 2017 11:53 pm
FLASH NEWS

കുവൈത്ത് പാര്‍ലമെന്റ് പിരിച്ചുവിട്ടു; 60 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ്

Published : 17th October 2016 | Posted By: SMR

കുവൈത്ത്‌സിറ്റി: കുവൈത്ത് പാര്‍ലമെന്റ് പിരിച്ചുവിട്ടതായി അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ഉത്തരവ്. ഇടക്കാല തിരഞ്ഞെടുപ്പ് കുവൈത്ത് ഭരണഘടനാപ്രകാരം 60 ദിവസത്തിനുള്ളില്‍ നടത്താനും നിര്‍ദേശമുണ്ട്.
ഏതാനും മന്ത്രിമാര്‍ക്കെതിരേ എംപിമാര്‍ കുറ്റവിചാരണാ നോട്ടീസ് നല്‍കുകയും സഹകരണം കുറഞ്ഞ സാഹചര്യത്തിലുമാണു നടപടി. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് എണ്ണധനകാര്യ മന്ത്രിക്കെതിരേ മൂന്ന് എംപിമാര്‍ കുറ്റവിചാരണയ്ക്ക് നോട്ടീസ് നല്‍കുമെന്ന് മുന്നറിയിപ്പുനല്‍കിയിരുന്നു. സ്വദേശികള്‍ക്കു പ്രതിമാസം 75 ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കാമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും തൃപ്തരാവാതെയാണു കുറ്റവിചാരണയ്ക്കുള്ള ശ്രമം നടന്നത്. അലി അല്‍ ഖമീസ്, അബ്ദുല്ല അല്‍ തുറൈജി, അഹ്മദ് അല്‍ ആസ്മി എന്നിവരാണു കുറ്റവിചാരണാഭീഷണി മുഴക്കിയത്. ഫൈസല്‍ അല്‍ കന്ദരി, സ്വാലിഹ് അശ്ശൂര്‍, ഹംദാന്‍ അല്‍ ആസ്മി, ജമാല്‍ അല്‍ ഉമര്‍ എന്നീ എംപിമാരും കുറ്റവിചാരണയ്‌ക്കൊരുങ്ങുന്നതായി റിപോര്‍ട്ടുണ്ടായിരുന്നു.
രാജ്യത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് 2017 ജൂലൈ 27നു നടക്കുമെന്നു പൊതുമരാമത്ത് പാര്‍ലമെന്ററികാര്യ മന്ത്രി ഡോ. അലി അല്‍ ഉമൈര്‍ കഴിഞ്ഞമാസം അറിയിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നേരത്തേ നടന്നേക്കും.
ഇന്നലെ നടന്ന അടിയന്തര മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മന്ത്രിസഭ പിരിച്ചുവിടാന്‍ ഉത്തരവു പുറപ്പെടുവിച്ചത്. അഞ്ചു മണ്ഡലങ്ങളില്‍നിന്നായി 50 പാര്‍ലമെന്റ് അംഗങ്ങളെയാണു പൊതുതിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക