|    Feb 22 Wed, 2017 10:14 am
FLASH NEWS

കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് നേട്ടം; ശിയാ വിഭാഗത്തിന് തിരിച്ചടി

Published : 28th November 2016 | Posted By: SMR

കുവൈത്ത്‌സിറ്റി:  15ാമത് കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളായ ഇസ്‌ലാമിക, നാഷനലിസ്റ്റ്, ലിബറല്‍ കക്ഷികള്‍ക്ക് നേട്ടം. പ്രതിപക്ഷ കക്ഷികള്‍ 15 ഓളം സീറ്റുകള്‍ നേടിയപ്പോള്‍ ഷിയാ വിഭാഗത്തിനു നിലവിലുണ്ടായിരുന്ന ഒമ്പത് സീറ്റില്‍ മൂന്നെണ്ണം നഷ്ടമായി.
മല്‍സരിച്ച 14 സ്ത്രീകളില്‍ മൂന്നാം മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ മനുഷ്യാവകാശ പ്രവര്‍ത്തകയും മുന്‍ എംപിയുമായ സഫ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹാഷിം മാത്രമാണു വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്ന പ്രതിപക്ഷ നിരയിലെ 12 പേരാണ് ഇത്തവണ തിരിച്ചെത്തിയത്.
മല്‍സരിച്ച 30 സിറ്റിങ് എംപിമാരില്‍ എട്ടു പേര്‍ മാത്രമാണു ജയിച്ചത്. മല്‍സര രംഗത്ത് ഉണ്ടായിരുന്ന മൂന്നു മന്ത്രിമാരില്‍ പൊതു മരാമത്ത് മന്ത്രി അലി അല്‍ ഉമൈറും മതകാര്യ മന്ത്രി യഅഖൂബ് അല്‍ സാനിയും പരാജപ്പെട്ടു. എന്നാല്‍,  വാര്‍ത്താ വിതരണ മന്ത്രി ഈസ അല്‍ കന്തറി ജയിച്ചുകയറി.
തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ പകുതിയിലധികം പേര്‍ പുതുമുഖങ്ങളാണ്. ജയിച്ച പ്രമുഖരില്‍ സ്പീക്കര്‍ മര്‍സൂഖ് അല്‍ ഘാനം, ഷിയാ നേതാവായ അദ്‌നാന്‍ അബ്ദുല്‍സമദ്, സലഫി നേതാക്കളായ വലീദ് തബതബാഈ, മുഹമ്മദ് അല്‍ ഹായിഫ്, ബ്രദര്‍ ഹുഡ് ആഭിമുഖ്യ വിഭാഗമായ ഇസ്‌ലാമിസ്റ്റ് കോണ്‍സ്റ്റിറ്റിയൂഷന്‍ മൂവ്‌മെന്റ് നേതാക്കളായ ജമാന്‍ അല്‍ ഹര്‍ബിഷ്, ഒസാമ അല്‍ ഷാഹീന്‍ ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഈസ അല്‍ കന്ദറി എന്നിവരും ഉള്‍പ്പെടും. ഇന്നലെ എട്ടിനാരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് എട്ടു വരെ നീണ്ടു. രാത്രി ഒമ്പതിനാരംഭിച്ച വോട്ടെണ്ണല്‍ ഞായറായാഴ്ച പുലര്‍ച്ചയോടെയാണ് അവസാനിച്ചത്. അഞ്ചു മണ്ഡലങ്ങളിലായി 4,83,000 വോട്ടര്‍മാരാണുള്ളത്.
ഓരോ മണ്ഡലങ്ങളില്‍ നിന്നും ഏറ്റവും അധികം വോട്ടുകള്‍ ലഭിക്കുന്ന പത്തു പേരാണ് 50 അംഗ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുക. നാലാം മണ്ഡലത്തില്‍ നിന്നു 5601 വോട്ടുകള്‍ നേടി വിജയിച്ച തമര്‍ അല്‍ ദുഫൈരി ആണു ഏറ്റവും അധികം വോട്ടുകള്‍ നേടിയത്. സാലിഹ് അല്‍ ഖൊര്‍ഷിദ് ആണു ഏറ്റവും കുറഞ്ഞ വോട്ടുകള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.  ഒന്നാം മണ്ഡലത്തില്‍ നിന്നു വിജയിച്ച ഇദ്ദേഹത്തിനു 2131 വോട്ടുകളാണു ലഭിച്ചത്.
പ്രതിപക്ഷവും സര്‍ക്കാരും തമ്മില്‍ നിലനിന്നിരുന്ന കടുത്ത അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ സപ്തംബറിലാണു കാലാവധി തികയ്ക്കാന്‍ ഒമ്പത് മാസം അവശേഷിക്കെ അമീര്‍ ഷൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് കുവൈത്ത് പാര്‍ലമന്റ് പിരിച്ചുവിട്ടത്. ബജറ്റ് കമ്മി കുറക്കുന്നതിന്റെ ഭാഗമായി പെട്രോളിന് നല്‍കിവരുന്ന സബ്‌സിഡി എടുത്തു മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് സര്‍ക്കാരും എംപിമാരും തമ്മില്‍ അഭിപ്രായവ്യത്യാസം ഉടലെടുക്കാന്‍ കാരണമായത്. പെട്രോള്‍ വില വര്‍ധനവ്, പൗരന്‍മാരുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാനുള്ള നിയമം മുതലായ വിഷയങ്ങളാണു പ്രതിപക്ഷം ഇത്തവണ തിരഞ്ഞെടുപ്പില്‍ ഉന്നയിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക