|    Sep 26 Wed, 2018 12:18 pm
FLASH NEWS
Home   >  Pravasi   >  

കുവൈത്തില്‍ ശൈഖ് ഫൈസലടക്കം ഏഴുപേരുടെ വധശിക്ഷ നടപ്പാക്കി

Published : 26th January 2017 | Posted By: fsq

 

ജിദ്ദ: കുവൈത്തില്‍ രാജകുടുംബാംഗം ശെയ്ഖ് ഫൈസല്‍ ഉള്‍പ്പെടെ ഏഴ് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി. രണ്ട് കുവൈത്ത് പൗരന്മാര്‍, രണ്ട് ഈജിപ്ത് പൗരന്മാര്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍, എത്യോപ്യ എന്നീ രാജ്യങ്ങളിലെ ഓരോ പൗരന്മാര്‍ എന്നിവരുടെ വധശിക്ഷ കഴിഞ്ഞ ബുധനാഴ്ചയാണ് നടപ്പാക്കിയത്. കൊലപാതകം, ബലാല്‍സംഗം, പിടിച്ചുപറി കേസുകളിലെ പ്രതികളായ ഇവര്‍ക്കെതിരായ വിചാരണാ കോടതി വിധി അപ്പീല്‍ കോടതിയും അമീര്‍ കോടതിയും ശരിവച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയതെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി (കുന) റിപോര്‍ട്ട് ചെയ്തു.വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് ബന്ധുക്കളെ കാണാന്‍ കുവൈത്തി പൗരന്മാര്‍ക്കും അതത് രാജ്യങ്ങളിലെ പ്രതിനിധികളെ കാണാന്‍ മറ്റു പ്രതികള്‍ക്കും അവസരമൊരുക്കിയിരുന്നു. സഹോദര പുത്രന്‍ ശൈഖ് ബാസില്‍ സലിം സബാഹിന്റെ കൊലപാതകത്തില്‍ കുറ്റക്കാരനാണെന്ന് ക്രിമിനല്‍ കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് 2011 ഒക്ടോബറിലാണ് രാജകുടുംബാംഗമായ ശെയ്ഖ് ഫൈസലിനെ തൂക്കിലേറ്റാന്‍ വിധിച്ചത്. കുവൈത്ത് ആര്‍മിയില്‍ ക്യാപ്റ്റനായിരുന്ന ശൈഖ് ഫൈസല്‍ മുന്‍ അമീറിന്റെ ഉടമസ്ഥതയിലുള്ള മസീല കൊട്ടാരത്തില്‍ വച്ച് 2010 ലാണ് അനന്തരവനു നേരെ വെടിയുതിര്‍ത്തത്. തൊട്ടടുത്തു നിന്നു പല തവണ നിറയൊഴിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കുവൈത്തിലെ 12ാമത് അമീറായ ശൈഖ് സബാഹ് അല്‍ സാലിം അല്‍ സബാഹിന്റെ ചെറുമകനും ശൈഖ് സാലിം സബാഹ് അല്‍ സലിം അല്‍ സബാഹിന്റെയും ശൈഖ ബദരിയ അബ്ദുല്ല അല്‍ ജാബിറിന്റെയും മൂത്ത മകനാണ് 52 കാരനായ ശെയ്ഖ് ബാസില്‍. അമേരിക്ക, കാനഡ, വെനിസ്വേല എന്നീ രാജ്യങ്ങളുടെ കുവൈത്ത് അംബാസഡറായി സേവനമനുഷ്ഠിച്ചിരുന്ന ഇദ്ദേഹത്തിന്റെ പിതാവ് തൊഴില്‍-സാമൂഹികക്ഷേമം, ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം എന്നീ മന്ത്രാലയങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ശെയ്ഖ് ബാസില്‍ ഭരണവുമായി ബന്ധപ്പെട്ട പദവികളൊന്നും വഹിച്ചിരുന്നില്ല എന്നതുകൊണ്ടു തന്നെ കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ലെന്ന് കണ്ടെത്തിയിരുന്നു.ഭര്‍ത്താവിന്റെ രണ്ടാം വിവാഹ സല്‍ക്കാരം നടക്കുന്ന കൂടാരത്തിനു തീയിട്ട കേസിലാണ് കുവൈത്ത് സ്വദേശിനിയായ നസ്‌റ അല്‍ ഇനീസിയെ തൂക്കിലേറ്റിയത്. ഭര്‍ത്താവിനോടുള്ള പ്രതികാരം തീര്‍ക്കാനാണ് 23 കാരിയായ നസ്‌റ കൂടാരത്തിനു തീയിട്ടത്. ദുരന്തത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 57 ഓളം പേര്‍ മരിച്ചിരുന്നു. തട്ടിക്കൊണ്ടു പോകുകയും ബലാല്‍സംഗം ചെയ്യുകയും പിടിച്ചുപറിക്കുകയും ചെയ്ത കേസില്‍ 2009നാണ് ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് സാഹയെ വധശിക്ഷക്കു വിധിച്ചത്. കൊലപാതക കേസില്‍ 2008ല്‍ ഫിലിപ്പീന്‍ പൗരനായ ജകാതിയ പവക്കും എ—ത്യോപ്യന്‍ സ്വദേശിക്കും വധശിക്ഷ വിധിച്ചു. 2008ല്‍ ഈജിപ്ത് സ്വദേശിയായ സമീര്‍ താഹയെ കൊന്ന കേസില്‍ 2009ലാണ് മറ്റൊരു ഈജിപ്ത് പൗരനായ സയ്യിദ് റാദിയെ വധശിക്ഷക്കു വിധിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss