|    Jan 23 Mon, 2017 10:25 pm

കുഴല്‍പ്പണവേട്ട; നാലുപേര്‍ പിടിയില്‍

Published : 16th March 2016 | Posted By: SMR

ചിറ്റൂര്‍/പെരിന്തല്‍മണ്ണ: ചിറ്റൂര്‍ ആലംകടവിനു സമീപം വാഹന പരിശോധനയ്ക്കിടെ 2,97,50,000 രൂപയുടെ കുഴല്‍പ്പണം പോലിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് താമരശ്ശേരി, ഉണ്ണിക്കുളം സ്വദേശികളായ വി കെ ഹാരിസ് (35), വടക്കേപ്പറമ്പില്‍ ഹൗസ് ഹാരീസ് (30) എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ജില്ലാ പോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി സുല്‍ഫിക്കര്‍, ചിറ്റൂര്‍ സിഐ ബിജു കെ എം എന്നിവരുടെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ചിറ്റൂര്‍-ഗോപാലപുരം റോഡില്‍ ആലാംകടവ് പാലത്തിനു സമീപം ടിഎന്‍-04 എക്യൂ 4007 നമ്പര്‍ ക്രീറ്റ ആഡംബര കാറിലെ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കുഴല്‍പ്പണം. ചിറ്റൂര്‍ എസ്‌ഐ ബഷീര്‍ സി ചിറക്കല്‍, എസ്‌ഐ രാജേഷ് അയോടന്‍, എസ്‌ഐ വിജയന്‍ ജിഎ എസ്‌ഐ മോഹന്‍ദാസ്, എസ്‌സിപിഒമാരായ ജേക്കബ്, നസീര്‍ അലി, രഞ്ജിത്ത്, ഡിവിആര്‍ എച്ച്‌സി ബാലന്‍ എന്നിവരാണ് കുഴല്‍പ്പണം പിടികൂടിയത്.
ബംഗളൂരുവില്‍ നിന്ന് റോഡ് മാര്‍ഗം കേരളത്തിലേക്കു കടത്തിയ 1,10,70,000 രൂപയുടെ കറന്‍സിയുമായി രണ്ടുപേര്‍ പെരിന്തല്‍മണ്ണ പോലിസിന്റെ പിടിയിലായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ അതിര്‍ത്തികളില്‍ പോലിസ് നിരീക്ഷണം ശക്തമാക്കിയതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പണവുമായി പട്ടാമ്പി കൊപ്പം സ്വദേശികളായ തൃപ്രങ്കാവില്‍ അബ്ദുല്‍ റഷീദ് (35), തൃപ്രങ്കാവില്‍ മുഹമ്മദ് നവാസ് (26) എന്നിവര്‍ പിടിയിലായത്. പണം കടത്താനുപയോഗിച്ച മാരുതി റിറ്റ്‌സ് കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാറിന്റെ മുന്‍സീറ്റുകളുടെ അടിഭാഗത്തായി ഗിയര്‍ബോക്‌സിനു സമീപം പ്രത്യേകം അറകളുണ്ടാക്കി അതിനുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്. ഇവ 1000, 500 രൂപ നോട്ടുകളാക്കി അടുക്കിവച്ച രീതിയിലായിരുന്നു. കേരളത്തിനകത്ത് പല ജില്ലകളിലായി വേരോട്ടമുള്ള വന്‍ ഹവാല ഇടപാടു സംഘത്തിലെ കരിയര്‍മാരാണ് അറസ്റ്റിലായത്. മലപ്പുറം ജില്ല അതിര്‍ത്തിയായ തൂതയില്‍വച്ച് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കോടിക്കണക്കിനു രൂപയുമായി വന്ന കാര്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മാസങ്ങള്‍ക്കു മുമ്പ് ഇത്തരത്തില്‍ ആഡംബര വാഹനങ്ങളില്‍ ജില്ലയിലേക്കു കൊണ്ടുവന്ന ആറു കോടിയോളം രൂപയും 13 കിലോ സ്വര്‍ണവും രണ്ടു തവണയായി പെരിന്തല്‍മണ്ണയിലെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇത്തരം ഹവാല പണം നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി വര്‍ഗീസ് അറിയിച്ചു. സിഐ എ എം സിദ്ദീഖ്, എസ്‌ഐ ജോബി തോമസ്, പ്രത്യേക അന്വേഷണ സംഘത്തിലെയും പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പോലിസിലെയും ഉദ്യോഗസ്ഥരായ പി മോഹന്‍ദാസ്, പി എന്‍ മോഹനകൃഷ്ണന്‍, എന്‍ വി ഷബീര്‍, സി പി മുരളി, ടി കുഞ്ഞയമ്മു, ജയമണി, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് കുഴല്‍പ്പണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക