|    May 30 Tue, 2017 7:16 am
FLASH NEWS

കുഴല്‍പ്പണവുമായി പോയയാളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം

Published : 18th July 2016 | Posted By: SMR

പെരിന്തല്‍മണ്ണ: കുഴല്‍പ്പണവുമായി പോവുകയായിരുന്നയാളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം. പണം വീടുകളില്‍ വിതരണം ചെയ്യുന്നതിനായി വളപുരത്ത് ബസ്സിറങ്ങി വരികയായിരുന്ന കൊടുവള്ളി സ്വദേശി അബ്ദുര്‍റഹ്മാന്‍കുട്ടി (52) യെയാണ് ഇന്നോവ കാറില്‍ വന്ന ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്. ഇയാളെ ബലമായി കാറില്‍ പിടിച്ചുകയറ്റുന്ന സമയം ബഹളംവച്ചത് സ്ത്രീയുടെ ശബ്ദമായി തോന്നിയ തൊട്ടടുത്ത വീട്ടിലെ വീട്ടമ്മ, സ്ത്രീയെ തട്ടിക്കൊണ്ടു പോവുന്നുണ്ടെന്ന വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. വളപുരത്തുനിന്നു വെങ്ങാട്ടേയ്ക്കുള്ള വഴിയില്‍ നാട്ടുകാര്‍ ബൈക്കും മറ്റും ഉപയോഗിച്ച് റോഡ് ബ്ലോക്ക് ചെയ്‌തെങ്കിലും അതെല്ലാം തട്ടിമാറ്റി കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.
വെങ്ങാട് -ചെമ്മലശ്ശേരി റൂട്ടില്‍ വന്ന ഇന്നോവ കാര്‍ പലയിടത്തും വാഹനങ്ങളിലിടിച്ചു. പിന്നീട് ടയര്‍ പഞ്ചറായി കാര്‍ നില്‍ക്കുകയായിരുന്നു. കാറിനെ പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ വാഹനം തല്ലിപ്പൊളിക്കുകയും കാറിലുണ്ടായിരുന്ന ആറുപേരെ മര്‍ദ്ദിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുവന്ന പെണ്ണിനെ എന്തു ചെയ്‌തെന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം. സംഘത്തിലുള്ളതാണെന്നു കരുതി, പ്രതികള്‍ തട്ടിക്കൊണ്ടുവന്ന അബ്ദുര്‍റഹ്മാന്‍കുട്ടിയും നാട്ടുകാര്‍ മര്‍ദ്ദിച്ചു.
തുടര്‍ന്ന് കുളത്തൂര്‍ എസ്‌ഐ വിഷ്ണു, പെരിന്തല്‍മണ്ണ എസ്‌ഐ ജോബി എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലിസെത്തി പ്രതികളായ അഞ്ചുപേരെയും അബ്ദുര്‍റഹ്മാനെയും മര്‍ദ്ദനമേറ്റ് പരിക്കുകളോടെ ആശുപത്രിയിലേയ്ക്കു മാറ്റി. കണ്ണൂര്‍ കൂത്തുപറമ്പ് പഴയതിരുത്ത് പടാംപൊയില്‍ വീട്ടില്‍ സക്കീര്‍ (27), മട്ടന്നൂര്‍ കളറോഡ് സുബ്ഹി വീട്ടില്‍ ഷാനിഫ്(25), കൂത്തുപറമ്പ് റഹീസ് (26), കൂത്തുപറമ്പ് ശങ്കരനെല്ലൂര്‍ ഫിറോസ് മന്‍സിലില്‍ റനീസ് (32) എന്നിവരാണ് അബ്ദുറഹ്മാന്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അബ്ദുര്‍റഹ്മാന്‍ കുട്ടിയുടെ പക്കലുണ്ടായിരുന്ന 5,10,000 രൂപയില്‍ 3,600 രൂപ മാത്രമേ സംഭവസ്ഥലത്തെ വാഹനത്തില്‍നിന്നു കിട്ടിയിട്ടുള്ളു. തട്ടിക്കൊണ്ടുപോയ പ്രതികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. കവര്‍ച്ചാശ്രമത്തിനും തട്ടിക്കൊണ്ടു പോയതിനുമാണ് കേസ്. പ്രതികള്‍ ഡിസ്ചാര്‍ജ് ആകുന്ന മുറയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തുമെന്നും കൂടുതല്‍ പേര്‍ക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും സിഐ അറിയിച്ചു.അ

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day