|    Jun 19 Tue, 2018 10:38 am
FLASH NEWS

കുഴല്‍പ്പണം തട്ടാന്‍ ശ്രമം;അഞ്ചംഗസംഘം പിടിയില്‍

Published : 25th January 2017 | Posted By: fsq

 

കല്‍പ്പറ്റ: കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശികളായ അഞ്ചംഗ സംഘത്തെയാണ് കഴിഞ്ഞ ദിവസം രാത്രി മീനങ്ങാടി കുമ്പളേരിയില്‍ വച്ച് പോലിസ് പിടികൂടിയത്. കൊലപാതകം ഉള്‍പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതികളാണ് പോലിസിന്റെ വലയിലായത്. തൃശൂര്‍ മരന്തപ്പള്ളി തയ്യില്‍ അനൂപ് എന്ന മാടപ്രാവ് (30), പുതുക്കാട് മറോട്ടിക്കുന്നേല്‍ സതീശന്‍ (42), മെലടൂര്‍ കൂട്ടാലപറമ്പില്‍ സനീഷ് (31), കൊടകര കൈപ്പഞ്ചേരി സനീഷ് (28), പള്ളത്തേരി ദീപു (33) എന്നിവരാണ് പിടിയിലായത്. ഇതില്‍ അനൂപിന്റെ പേരില്‍ കൊലപാതകം, വാഹനം കത്തിക്കല്‍ തുടങ്ങി നിരവധി കേസുകളുണ്ട്. മറ്റ് പ്രതികള്‍ക്കെതിരേയും തൃശൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ സ്പിരിറ്റ് കടത്ത് ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നു. മലപ്പുറത്ത് നിന്നു വയനാട്ടിലേക്ക് 75 ലക്ഷം രൂപയുടെ കുഴല്‍പ്പണം എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏതാനും ദിവസങ്ങളായി സംഘം ജില്ലയിലുണ്ട്. കുഴല്‍പ്പണവുമായി തിങ്കളാഴ്ച രാത്രിയില്‍ ബൈക്കിലെത്തിയ രണ്ടുപേരെ മീനങ്ങാടി കുമ്പളേരിയില്‍ സ്‌കോര്‍പ്പിയോയിലെത്തിയ അക്രമിസംഘം ഇടിച്ചുതെറിപ്പിച്ചു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ തടിച്ചുകൂടുകയും സംഘത്തെ തടഞ്ഞുവയ്്ക്കുകയും പോലിസില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍, പോലിസ് എത്തുന്നതിനു മുമ്പ് അക്രമിസംഘം രക്ഷപ്പെട്ടു. തുടര്‍ന്ന് മീനങ്ങാടി എസ്‌ഐ കെ രാധാകൃഷ്ണന്‍, കല്‍പ്പറ്റ എസ്‌ഐ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ സാഹസികമായി ഇവരെ പിടികൂടുകയായിരുന്നുവെന്ന് കല്‍പ്പറ്റ ഡിവൈഎസ്പി മുഹമ്മദ് ഷാഫി പറഞ്ഞു. കുഴല്‍പ്പണവുമായി എത്തിയ രണ്ടുപേരും ഇതിനിടെ രക്ഷപ്പെട്ടു. ഇവരെക്കുറിച്ച് പോലിസ് അന്വേഷിച്ചുവരുന്നു. കൂട്ടുകവര്‍ച്ച പ്രകാരം കേസെടുത്ത് കല്‍പ്പറ്റ സിഐ ജേക്കബ് അന്വേഷണം നടത്തിവരികയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss