|    May 26 Fri, 2017 6:45 pm
FLASH NEWS

കുഴല്‍പണം തട്ടല്‍: താമരശ്ശേരി സ്വദേശികളെ കര്‍ണാടക പോലിസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി

Published : 3rd September 2016 | Posted By: SMR

താമരശ്ശേരി: കുഴല്‍പണം തട്ടിപ്പറിക്കാന്‍ സഹായിച്ചെന്നാരോപിച്ച് താമരശ്ശേരി സ്വദേശികളെ കര്‍ണാടക പോലിസ് പിടികൂടി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. താമരശ്ശേരി ചുണ്ടക്കുന്നുമ്മല്‍ സക്കീര്‍ ഹുസ്സൈന്‍, കൂടത്തായി കയ്യേലിക്കുന്നമ്മല്‍ യൂനുസ് എന്നിവരെയാണ് താമരശ്ശേരി സ്വദേശികളുടെ സഹായത്തോടെ കര്‍ണാടക പോലിസ് പിടികൂടിയത്. സക്കീര്‍ ഹുസ്സൈനെ അഞ്ച് ദിവസം കഴിഞ്ഞ് വിട്ടയച്ചെങ്കിലും യൂനുസ് കര്‍ണാടക പോലിസിന്റെ കസ്റ്റഡിയിലാണ്. കര്‍ണാടകയില്‍ വച്ച് താമരശ്ശേരി സ്വദേശികളുടെ കുഴല്‍പണം പിടിച്ചു പറിച്ചതായി ആരോപിച്ചാണ് താമരശ്ശേരി ചുങ്കം ചുണ്ടക്കുന്നുമ്മല്‍ സക്കീര്‍ ഹുസ്സൈനെ കര്‍ണാടക പോലിസ് കസ്റ്റഡിയിലെടുത്തത്.
ആഗസ്റ്റ് 23ന് വൈകീട്ട് നാലുമണിയോടെയാണ് കര്‍ണാടക പോലിസും താമരശ്ശേരി സ്വദേശികളായ ഏതാനും പേരും സക്കീര്‍ ഹുസ്സൈന്റെ വീട്ടിലെത്തിയത്. പുറത്തെത്തിയ സക്കീര്‍ ഹുസ്സൈനെ പിടികൂടി പോലിസ് വാഹനത്തില്‍ കയറ്റി കര്‍ണാടകയിലെത്തിക്കുകയായിരുന്നു. കൊടക് ജില്ലയിലെ ശ്രീമംഗലം പോലിസ് സ്‌റ്റേഷനിലെത്തിക്കുകയും തുടര്‍ന്ന് വനപ്രദേശത്തുള്ള ഹോം സ്‌റ്റേയിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് സക്കീര്‍ ഹുസ്സൈന്‍ പറഞ്ഞു.
കുഴല്‍പണം കവര്‍ച്ച ചെയ്യാന്‍ സഹായിച്ചെന്നാരോപിച്ച് ദിവസങ്ങളോളം ക്രൂരമായി മര്‍ദ്ദിച്ചു. കാലില്‍ കത്തികൊണ്ട് മുറിവുണ്ടാക്കി മുളകുപൊടി പുരട്ടുകയും പെട്രോള്‍ ഒഴിക്കുകയും ചെയ്തു. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ഇരുപത്തി എട്ടാം തിയ്യതി വൈകിട്ടോടെ വിട്ടയച്ചുവെന്നും പരാതിപ്പെടുകയോ ആശുപത്രിയില്‍ ചികില്‍സ തേടുകയോ ചെയ്താല്‍ കള്ളകേസില്‍ കുടുക്കി ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സക്കീര്‍ ഹുസ്സൈന്‍ പറഞ്ഞു. ഇരു കാലിനും അരയ്ക്കു താഴെ സാരമായി പരുക്കേറ്റ സക്കീര്‍ ഹുസ്സൈന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. ആഗസ്റ്റ് 26ന് വൈകീട്ടാണ് കൂടത്തായി കൈയ്യേലികുന്നുമ്മല്‍ യൂനുസിനെ കര്‍ണാടക പോലിസ് കസ്റ്റഡിയിലെടുത്തത്. വിവരം അറിഞ്ഞ് ബന്ധുക്കള്‍ കൊടകിലെ ശ്രീമംഗലം പോലിസ് സ്‌റ്റേഷനിലെത്തിയെങ്കിലും വിട്ടയക്കാനോ കേസ് എന്താണെന്ന് വ്യക്തമാക്കാനോ പോലിസ് തയ്യാറായില്ലെന്ന് സഹോദരന്‍ അഷ്‌റഫ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day