|    Oct 15 Mon, 2018 8:49 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Published : 7th September 2017 | Posted By: fsq

പെരുമ്പാവൂര്‍/അരീക്കോട്: കുളിക്കാനിറങ്ങിയ നാലു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മൂന്ന് കുട്ടികള്‍ പെരുമ്പാവൂരിലും ഒരു വിദ്യാര്‍ഥി അരീക്കോട്ടുമാണ് മരിച്ചത്. പെരുമ്പാവൂര്‍ പെട്ടമലയിലെ ആഴമേറിയ കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങിയ നോര്‍ത്ത് കളമശ്ശേരി സ്വദേശികളായ പുത്തലത്ത് മഠത്തില്‍ ശ്രീകുമാറിന്റെ മകന്‍ ശ്രാവണ്‍ (17), പുത്തലത്ത് റോഡില്‍ പുതിയപുരയില്‍ അനില്‍കുമാറിന്റെ മകന്‍ വിനായകന്‍ (18), കളമശ്ശേരി പൂക്കോലയില്‍ ശോഭനന്‍ പണിക്കരുടെ മകന്‍ അഭിജിത് (19) എന്നിവരാണു മരിച്ചത്. കുഴിപ്പിള്ളില്‍ അനില്‍കുമാറിന്റെ മകന്‍ അക്ഷയ് (18) നീന്തി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. രാവിലെ വീട്ടില്‍ നിന്ന് രണ്ടു ബൈക്കുകളിലായി പെട്ടമലയിലെത്തിയ സംഘം ക്വാറിയില്‍ നീന്താന്‍ ഇറങ്ങുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. അഭിജിത് സെന്റ് ആല്‍ബര്‍ട്‌സ് കോളജില്‍ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. വിനായക് എറണാകുളം സെന്റ് പോള്‍സ് കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയും ശ്രാവണന്‍ ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയുമാണ്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മൂവരുടെയും മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12ന് പച്ചാളം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. കൂട്ടുകാരോടൊപ്പം ചാലിയാറില്‍ കുളിക്കാനിറങ്ങിയ കീഴുപറമ്പ് കോട്ടമരക്കാര്‍ എന്ന മാനുട്ടിയുടെ മകന്‍ ആദില്‍ (17) ആണ് മരിച്ച മറ്റൊരു വിദ്യാര്‍ഥി.  അവധിദിവസം വീട്ടില്‍ വിരുന്നുവന്ന കുടുംബ സുഹൃത്തുക്കളോടൊപ്പം ചാലിയാറിലെ എടശ്ശേരിക്കടവ് പാലത്തിനോട് ചേര്‍ന്നുള്ള കടവില്‍ ഇന്നലെ രാവിലെ ഒമ്പതോടെ കുളിക്കുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ സമീപവാസികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അരീക്കോട് പോലിസും മുക്കത്തുനിന്നെത്തിയ അഗ്നിശമന സേനയും നടത്തിയ തിരച്ചിലില്‍  ഉച്ചയ്ക്ക് രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. കീഴുപറമ്പ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു. മാതാവ്: മൈമൂന. സഹോദരി: നജ്മ. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രിയോടെ മയ്യിത്ത് ഖബറടക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss