|    Nov 14 Wed, 2018 11:37 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കുളമാവ് ഡാമിന്റെ ഡിസ്‌പേഴ്‌സല്‍ ഗേറ്റുകള്‍ ഉപയോഗിക്കാനാവുമോയെന്ന് ആലോചന

Published : 24th August 2018 | Posted By: kasim kzm

സി എ സജീവന്‍

തൊടുപുഴ: ഭാവിയില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പു നിയന്ത്രിക്കുന്നതിനായി കുളമാവ് ഡാമിന്റെ ഡിസ്‌പേഴ്‌സല്‍ ഗേറ്റുകള്‍ ഉപയോഗിക്കുന്നതിന്റെ സാധ്യതയും വൈദ്യുതി ബോ ര്‍ഡ് തേടുന്നു. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കം കാരണം തീരുമാനിച്ചതു പ്രകാരം ചെറുതോണിയിലെ ഷട്ടറുകളുടെ പ്രവര്‍ത്തനം നടപ്പാക്കാനായില്ലെന്ന വിലയിരുത്തലാണു വൈദ്യുതി ബോര്‍ഡിനുള്ളത്. എന്നാല്‍ ഇതിന്റെയെല്ലാം അടിസ്ഥാന കാരണം അതിശക്തമായ മഴയും തുടര്‍ന്നുണ്ടായ പ്രളയവുമാണെന്നു ബോര്‍ഡ് വിലയിരുത്തുന്നു. എന്നിരുന്നാലും വരുംകാലങ്ങളില്‍ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളുണ്ടാവുന്ന പക്ഷം കുളമാവ് ഡാമിന്റെ ഡിസ്‌പേഴ്‌സല്‍ ഗേറ്റുകള്‍ തുറന്നു നിയന്ത്രിത അളവില്‍ ജലം ഒഴുക്കിക്കളയാനാവുമോ എന്നാണു പരിശോധിക്കുന്നത്. ഇതു ചളിയും അഴുക്കുമൊക്കെ ഒഴുക്കിക്കളയുന്നതിനായി വിഭാവനം ചെയ്തിട്ടുള്ളതാണെങ്കിലും അതിപ്രളയം മൂലമുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കുളമാവിലെ വാല്‍വുകളെ ഉപയോഗിക്കാനാവൂ എന്നതു സംബന്ധിച്ച ചര്‍ച്ച ബോര്‍ഡില്‍ സജീവമാണ്.ഇപ്പോഴത്തെ സ്ഥിതിയില്‍ ഡിസ്‌പേഴ്‌സല്‍ ഗേറ്റുകള്‍ ഉപയോഗപ്പെടുത്താനാവില്ല. ഭാവിയില്‍ ഇതിന്റെ പ്രവര്‍ത്തന സാധ്യത കൂടി ബോര്‍ഡ് പരിഗണിച്ചേക്കും. ഇത്തരത്തിലുള്ള അഭിപ്രായം ബോര്‍ഡിന്റെ തലപ്പത്ത് ഒരു വിഭാഗത്തിനുണ്ട്. ഇതിന് എത്രത്തോളം സാധ്യതയുണ്ടെന്നതു സംബന്ധിച്ച് ബോര്‍ഡ് അഭിപ്രായരൂപീകരണം നടത്തുകയാണ്.വൈദ്യുതി ബോര്‍ഡ് നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നം ചിരപരിചിതരായ ജീവനക്കാരുടെ അഭാവമാണ്. ഇടുക്കി അടക്കമുള്ള ഡാമുകളില്‍ മുന്‍കാലങ്ങളില്‍ ക്രിയാത്മക ഇടപെടലുകളും സംഭാവനകളും നല്‍കിയ ഉദ്യോഗസ്ഥരെക്കുറിച്ച് ബോര്‍ഡിന് യാതൊരറിവുമില്ല. ഇനി ഏതെങ്കിലും ഉദ്യോഗസ്ഥന്‍ സന്നദ്ധസേവനത്തിനോ, തന്റെ അറിവും പ്രതിഭയും ബോര്‍ഡിന് വേണ്ടി നല്‍കാനോ തയ്യാറായാല്‍ അതു വിനിയോഗിക്കാനും സംവിധാനമില്ല. കുളമാവ് ഡാമില്‍ നിന്നും പുറത്തേക്കു വെള്ളവും ചളിയും ഒഴുക്കിക്കളയുന്നതിനാണു ഡിസ്‌പേഴ്‌സല്‍ ഗേറ്റ് ഉണ്ടാക്കിയിട്ടുള്ളത്. ആറടി വ്യാസമുള്ള പൈപ്പുകളിലൂടെയാണു വെള്ളവും ചളിയും പുറത്തേക്കു തുറന്നുവിടുന്നത്. എന്നാല്‍ ഇത് ഒരിക്കലല്ലാതെ മറ്റൊരിക്കല്‍ പരീക്ഷിച്ചിട്ടില്ല. അന്ന് തുറന്നുവിട്ടപ്പോള്‍ അതിമര്‍ദത്താല്‍ വെള്ളമൊഴുക്കിനെ നിയന്ത്രിക്കാനായില്ല. ജെറ്റ് പോലെ പുറത്തേക്കു കുതിച്ച ജലപ്രവാഹം വ്യാപകമായ നാശംവരുത്തിയിരുന്നു. എന്നാല്‍ അതു പ്രവര്‍ത്തിപ്പിച്ചതിന്റെ പോരായ്മയാണെന്ന് ഇപ്പോള്‍ ഇതിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. ഡിസ്‌പേഴ്‌സല്‍ ഗേറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് ഇപ്പോഴത്തെ നിലയില്‍ തടസ്സങ്ങളൊന്നുമില്ലെന്നും അവര്‍ പറയുന്നു. ഇപ്പോഴത്തെ നിലയില്‍ ഇടുക്കി അണക്കെട്ടില്‍ ജലം നിയന്ത്രിക്കാന്‍ ചെറുതോണിയിലെ അഞ്ച് ഷട്ടറുകള്‍ മാത്രമാണ് ഉള്ളത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss