|    Jul 25 Tue, 2017 8:26 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കുളച്ചല്‍ പദ്ധതി യുക്തിരഹിതവും അശാസ്ത്രീയവുമെന്ന് മുഖ്യമന്ത്രി

Published : 16th July 2016 | Posted By: SMR

തിരുവനന്തപുരം: കുളച്ചല്‍ തുറമുഖപദ്ധതി യുക്തിരഹിതവും അശാസ്ത്രീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുളച്ചല്‍ തുറമുഖത്തിനു കേന്ദ്രാനുമതി ലഭിച്ച സാഹചര്യത്തില്‍ വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള കേരളത്തിന്റെ ആശങ്ക ഈമാസം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ നേരിട്ടറിയിക്കും. നാളെ ചേരുന്ന എംപിമാരുടെ യോഗത്തില്‍ ഈ വിഷയം അവതരിപ്പിക്കുകയും പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്ന് എം വിന്‍സന്റിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.
കുളച്ചല്‍ പദ്ധതിക്കു കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിരിക്കുകയാണ്. കൊച്ചി തുറമുഖത്തുനിന്ന് 250 കിലോമീറ്റര്‍ മാത്രം ദൂരമേ ഉള്ളൂവെന്ന കാരണം പറഞ്ഞാണു വിഴിഞ്ഞം പദ്ധതിക്കു നേരത്തെ കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. എന്നാല്‍, വിഴിഞ്ഞത്തുനിന്ന് 30 കിലോമീറ്റര്‍ മാത്രം അകലെയുള്ള കുളച്ചലിന്റെ കാര്യത്തില്‍ ഈ നിബന്ധന ഉപേക്ഷിച്ചു. പൊതുജനങ്ങളുടെ നികുതിപ്പണം യുക്തിരഹിതമായും അശാസ്ത്രീയമായും ഉപയോഗിക്കുന്നതിനോടു യോജിക്കാനാവില്ല.
പുതിയ തുറമുഖം അനുവദിച്ച കേന്ദ്രത്തിന്റെ നടപടി യുക്തിസഹമല്ല. വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചിരുന്നു. 1000 ദിവസത്തിനുള്ളില്‍ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കിനല്‍കും. എന്നാല്‍, നേരത്തെ ഉണ്ടായിരുന്ന ലാന്‍ഡ് ലോര്‍ഡ് മാതൃകയില്‍ നിന്നു മാറി പുതിയ രീതി സ്വീകരിച്ചതോടെ പദ്ധതിയില്‍ സര്‍ക്കാരിനുള്ള നിയന്ത്രണം നഷ്ടപ്പെട്ടിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി തീര്‍ക്കാന്‍ നിര്‍മാണപ്രവൃത്തികള്‍ ഏറ്റെടുത്ത അദാനിയാണു മുന്‍കൈയെടുക്കേണ്ടത്. ഇതിനൊന്നും കാത്തുനില്‍ക്കാതെ പദ്ധതി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുളച്ചല്‍ പദ്ധതി വിഴിഞ്ഞം പദ്ധതിയുടെ കൊലക്കയറായി മാറുകയാണെന്ന് എം വിന്‍സെന്റ് ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരേ ഒറ്റക്കെട്ടായി നിലപാടു സ്വീകരിക്കണം. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും സര്‍വകക്ഷി പ്രതിനിധിസംഘം കേരളത്തിന്റെ ആശങ്ക കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം വിന്‍സെന്റ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ സബ്മിഷനായി അനുവദിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക