|    Jul 28 Fri, 2017 12:28 am
FLASH NEWS

കുളം പുനരുദ്ധീകരണത്തില്‍ വ്യാപക ക്രമക്കേട്; നിര്‍മാണം പൂര്‍ത്തീകരിക്കും മുമ്പേ ഭിത്തികള്‍ തകര്‍ന്നു

Published : 1st July 2016 | Posted By: SMR

കെ വി സുബ്രമണ്യന്‍

കൊല്ലങ്കോട്: നബാര്‍ഡിന്റെ സഹായത്തോടെ പാലക്കാട് ജില്ലയിലെ കുളങ്ങള്‍ പുനരുദ്ധീകരിക്കുന്ന പദ്ധതികളില്‍ വ്യാപക ക്രമക്കേടെന്നു പരാതി. പണികള്‍ പൂര്‍ത്തിയാകും മുമ്പേ ഭിത്തികള്‍ തകര്‍ന്നടിഞ്ഞ് നിലംപൊത്തുന്ന സ്ഥിതി തുടരുകയാണ്. പുതുനഗരം പഞ്ചായത്തില്‍ പൊതുകുളം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കാരാട്ടു കൊളുമ്പിലെ കുളം പുനരുദ്ധീകരണത്തിനായി നബാര്‍ഡില്‍ നിന്നും 36.45 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നന്നാക്കുന്നത്.
വിരിഞ്ഞിപ്പാടം കാരാട്ടു കൊളുമ്പിലെ കുളം പുനരുദ്ധീകരണം പൂര്‍ത്തിയാകും മുമ്പേ തന്നെ ഭിത്തികള്‍ ഇടിഞ്ഞു തുടങ്ങി. അശാസ്ത്രീയനിര്‍മാണവും പണിയിലെ ഗുണനിലവാരമില്ലായ്മയും ആണ് ഭിത്തി തകരുവാന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഇന്നലെ പുലര്‍ച്ച അഞ്ചു മണിയോടെ കുളത്തിന്റെ വടക്കുഭാഗത്തുള്ള കരിങ്കല്ലില്‍ കെട്ടിപൊക്കിയ ഭിത്തി പത്തു മീറ്റര്‍ നീളത്തിലധികം തകര്‍ന്ന് കുളത്തില്‍ നിലംപൊത്തി സമീപത്തുള്ള വീടുകള്‍ക്കും അപകടസമാനമായ ഭീഷണിയായി തുടരുകയാണ്. വിധവയായ വിശാലാക്ഷി പുതിയതായി പണിത കക്കൂസും കുളത്തിന്റെ ഭിത്തി തകര്‍ന്ന മണ്ണിടിച്ചലില്‍ പൂര്‍ണമായും തകര്‍ന്നു.
പഞ്ചായത്തില്‍ നിന്നും അനുവദിച്ച കക്കൂസ് നിര്‍മാണത്തിന് പണം കൈപ്പറ്റുന്നതിനായി ഫോട്ടോ എടുത്ത് കൊടുത്താ ല്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് മണ്ണിടിച്ചിലില്‍ പൂര്‍ണമായും തകര്‍ന്നു പോയത്. പുനര്‍നിര്‍മാണത്തിന്റെ ആദ്യഘട്ടം മുതല്‍ വന്‍ അഴിമതി നടന്നതായും ആരോപണമുണ്ട്. കോണ്‍ഗ്രസ്സ് പ്രദേശിക നേതാവവും ഭാര്യയും ഇപ്പോഴത്തെ വാര്‍ഡ് മെംബറുടെ മകനുമാണ് കുളം കരാറെടുത്തിരിക്കുന്നത്.
കുളത്തിലെ മണ്ണെടുത്ത് വ്യാപകമായി വില്‍പന നടത്തിയതായും ആരോപണമുണ്ട്. പഞ്ചായത്തിന്റെ പുറമ്പോക്ക് ഭൂമിയിലാണ് കുളമുള്ളത്. കരിങ്കല്‍കെട്ട് ഭിത്തികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി മണ്ണിട്ട് നിരത്തുന്നതിന് പകരം മണ്ണ് കരാറുകാരുടെ വീട്ടില്‍ നിക്ഷേപിക്കുകയും കച്ചവടം നടത്തി പണമുണ്ടാക്കിയതായും കുളം പുനര്‍നിര്‍മാണ കമ്മിറ്റി അംഗങ്ങ ള്‍ തന്നെ ആരോപണവുമായി രംഗത്തു വന്നിട്ടുണ്ട്. പുനര്‍നിര്‍മാണം നടത്തുന്ന പുതുനഗരം വിരിഞ്ഞിപ്പാടം കാരാട്ടു കൊളുമ്പിലെ നബാര്‍ഡ് പദ്ധതിയിലെ കുളം പുനര്‍നിര്‍മാണത്തിലെ അഴിമതി വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക