|    Nov 21 Wed, 2018 4:20 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കുല്‍ഭൂഷന്റെ വധശിക്ഷ തടഞ്ഞു : അന്തിമവിധി വരുന്നതു വരെ കുല്‍ഭൂഷന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് രാജ്യാന്തര കോടതി

Published : 19th May 2017 | Posted By: fsq

 

കെ  എ  സലിം

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനു പാകിസ്താന്‍ കോടതി വിധിച്ച വധശിക്ഷ ഹേഗിലെ രാജ്യാന്തര കോടതി സ്‌റ്റേ ചെയ്തു. കേസില്‍ അന്തിമവിധി വരുന്നതു വരെ ശിക്ഷ നടപ്പാക്കരുതെന്ന് പാകിസ്താനു കോടതി നിര്‍ദേശം നല്‍കി. ജാദവിനെ തൂക്കിലേറ്റാനായി പാകിസ്താന്‍ ഉയര്‍ത്തിയ മിക്ക വാദങ്ങളും തള്ളിയ കോടതി, പാകിസ്താനിലെ സ്വതന്ത്ര കോടതിയില്‍ കേസ് പുനര്‍വിചാരണ നടത്തണമെന്നും ഉത്തരവിട്ടു. രാജ്യാന്തര നിയമപ്രകാരം ഇന്ത്യയുടെയും കുല്‍ഭൂഷണ്‍ ജാദവിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റോണി എബ്രഹാം അധ്യക്ഷനായ പതിനൊന്നംഗ ബെഞ്ച് വധശിക്ഷ റദ്ദാക്കിയത്. ജാദവിനു വധശിക്ഷ വിധിച്ച പാകിസ്താന്‍ പട്ടാളക്കോടതി നടപടി വിയന്നാ കരാറിന്റെ ലംഘനമാണെന്നായിരുന്നു ഇന്ത്യക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ വാദം. ഇത് കോടതി അംഗീകരിച്ചു. കേസ് രാജ്യാന്തര കോടതിയുടെ പരിധിയില്‍ വരുന്നതല്ലെന്നും വിയന്നാ ഉടമ്പടി പാലിക്കേണ്ടതില്ലെന്നുമുള്ള പാക് വാദങ്ങള്‍ തള്ളിയ കോടതി, വിയന്നാ കണ്‍വന്‍ഷന്റെ ആര്‍ട്ടിക്കിള്‍ ഒന്ന് പ്രകാരം കേസില്‍ ഇടപെടാനുള്ള അധികാരമുണ്ടെന്നു വ്യക്തമാക്കി. ജാദവിനു നിയമസഹായം ലഭ്യമാക്കാന്‍ ഇന്ത്യ നടത്തിയ തുടര്‍ച്ചയായ ശ്രമങ്ങള്‍ പാകിസ്താന്‍ അംഗീകരിക്കാതിരുന്നതും കോടതി പരിഗണിച്ചു. ചാരപ്രവര്‍ത്തനത്തിനു പിടിക്കപ്പെട്ടതിനാല്‍ ജാദവിന് സാധാരണ പൗരന്‍മാര്‍ക്കു ലഭിക്കേണ്ട നിയമ പരിരക്ഷ ലഭിക്കേണ്ടതില്ലെന്ന പാകിസ്താന്‍ വാദം കോടതി അംഗീകരിച്ചില്ല. വധശിക്ഷ വിധിച്ച പാക് സൈനിക കോടതിയെ സ്വതന്ത്ര കോടതിയായി പരിഗണിച്ച് അവിടെ കേസ് പുനര്‍വിചാരണ നടത്താന്‍ രാജ്യാന്തര കോടതി അനുവദിച്ചില്ല. പാകിസ്താന്‍ മുന്‍വിധിയോടെയാണ് കേസില്‍ പെരുമാറിയത്. ജാദവ് ഇന്ത്യക്കാരനാണെന്നതു പാകിസ്താന്‍ അംഗീകരിച്ചതാണ്. ആ നിലയ്ക്ക് അദ്ദേഹത്തെ കാണാന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഈ അവകാശം ഹനിച്ച പാകിസ്താന്‍ നടപടി വിയന്നാ ഉടമ്പടിയുടെ ലംഘനമാണ്. ജാദവിന്റെ ശിക്ഷ നടപ്പാക്കാന്‍ ബലം നല്‍കുന്ന യാതൊരു തെളിവും പാകിസ്താന്‍ സമര്‍പ്പിച്ചിട്ടില്ല. പ്രഥമദൃഷ്ട്യാ തന്നെ വിയന്നാ കണ്‍വന്‍ഷന്റെ ലംഘനമാണ് ജാദവിന്റെ വിഷയത്തില്‍ നടന്നിരിക്കുന്നത്. ജാദവിന്റെ കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പാകിസ്താന്‍ അറിഞ്ഞിരിക്കണം. തന്റെ ആരോഗ്യനിലയെക്കുറിച്ച് ജാദവിനെ അറിയിക്കണമെന്ന് ഉത്തരവിട്ട കോടതി, ജാദവ് അറസ്റ്റിലായ സാഹചര്യം സംബന്ധിച്ചു വിവാദം തുടരുന്ന കാര്യവും ഓര്‍മിപ്പിച്ചു. കേസില്‍ പ്രഥമമായി തന്നെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടതായി പതിനൊന്നംഗ ബെഞ്ചിലെ ഇന്ത്യക്കാരനായ ജഡ്ജി ദല്‍വീര്‍ ഭണ്ഡാരി നിരീക്ഷിച്ചു. പാകിസ്താന്റെ ഉള്ളില്‍വച്ചാണോ അതോ പുറത്തുവച്ചാണോ ജാദവ് അറസ്റ്റിലായതെന്ന് വ്യക്തമല്ല. ജാദവ് വിഷയത്തില്‍ വാക്കാലുള്ള ഇന്ത്യയുടെ 13 അപേക്ഷകള്‍ നിരസിച്ച പാകിസ്താന്റെ നടപടി അംഗീകരിക്കാനാവില്ല. ജാദവിന്റെ വിചാരണ സംബന്ധിച്ച രേഖകളും പാകിസ്താന്‍ ഇന്ത്യക്കു കൈമാറിയില്ല. ജാദവിനെതിരായ കുറ്റങ്ങള്‍ വ്യക്തമാക്കുന്ന ഔദ്യോഗിക അറിയിപ്പുകളൊന്നും നല്‍കാതെയാണ് അദ്ദേഹത്തിനുള്ള നിയമസഹായം പാകിസ്താന്‍ തടഞ്ഞതെന്നും ദല്‍വീര്‍ ഭണ്ഡാരി വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ബലൂചിസ്താനില്‍നിന്നാണ് ജാദവ് പിടിയിലായത്. ഇന്ത്യന്‍ നാവികസേനയില്‍ കമാന്‍ഡറായി വിരമിച്ച കുല്‍ഭൂഷണ്‍ ജാദവ് എന്ന ഹുസയ്ന്‍ മുബാറക് പട്ടേലിനെ കഴിഞ്ഞമാസമാണ് പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. ഇന്ത്യയുടെ ചാരസംഘടനയായ റോയുടെ ചാരനായി പ്രവര്‍ത്തിച്ച് മേഖലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് ജാദവിനെതിരായ ആരോപണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss