|    Sep 25 Tue, 2018 2:46 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

Published : 24th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ് നയ്യാര്‍ (95) അന്തരിച്ചു. ബുധനാഴ്ച അര്‍ധരാത്രിയോടെ അന്തരിച്ച അദ്ദേഹത്തിന്റെ സംസ്‌കാരം ഇന്നലെ ഒന്നരയോടെ ഡല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തില്‍ നടന്നു. 1923 ആഗസ്ത് 14ന് ഇപ്പോള്‍ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ സിയാല്‍കോട്ടിലാണ് ജനനം. സ്വതന്ത്ര ഇന്ത്യക്കും പാകിസ്താനും മുമ്പേ ജനിച്ചൊരാള്‍ എന്ന നിലയില്‍ രാജ്യം ശ്രദ്ധയോടെ വായിച്ചിരുന്ന വാക്കുകളുടെ ഉടമയായിരുന്നു അദ്ദേഹം. നയതന്ത്രരംഗത്തും മനുഷ്യാവകാശരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച നയ്യാര്‍, ഉര്‍ദു പത്രമായ അന്‍ജാനിലൂടെയാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. അന്‍ജാനില്‍ നിന്ന് വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐയിലും പിന്നീട് സ്‌റ്റേറ്റ്‌സ്മാനിലുമെത്തി. ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ പത്രാധിപരായിരുന്നു. 14 ഭാഷകളിലായി 80ലധികം ദിനപത്രങ്ങളില്‍ കോളമെഴുതിയിട്ടുണ്ട്. എമര്‍ജന്‍സി റിറ്റോള്‍ഡ്, ഇന്ത്യ ആഫ്റ്റര്‍ നെഹ്‌റു, ബിയോണ്ട് ദി ലൈന്‍സ് തുടങ്ങി 15ഓളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 1990ല്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി. 1996ല്‍ ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യന്‍ പ്രതിനിധിയായി. 1997ല്‍ നാമനിര്‍ദേശം ചെയ്ത് രാജ്യസഭാംഗവുമായി. മുന്‍ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രി, ആഭ്യന്തരമന്ത്രി ഗോവിന്ദ് വല്ലഭ് പന്ത് എന്നിവരുടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ഉദ്യോഗസ്ഥനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്ക് എതിരേ ശക്തമായി വാദിക്കുകയും പ്രതികരിക്കുകയും ചെയ്ത നയ്യാരെ ഇന്ദിരയുടെ ഭരണകൂടം ജയിലിലടച്ചു. അടിയന്തരാവസ്ഥക്കാലത്ത് ആദ്യമായി ജയിലിലടയ്ക്കപ്പെട്ട പത്രപ്രവര്‍ത്തകരില്‍ പ്രധാനിയായിരുന്നു അദ്ദേഹം. ന്യൂമോണിയ ബാധിച്ച നയ്യാര്‍ കഴിഞ്ഞ അഞ്ചു ദിവസമായി എസ്‌കോര്‍ട്‌സ് ആശുപത്രിയിലായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സീതാറാം യെച്ചൂരി തുടങ്ങി രാഷ്ട്രീയ, സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss