|    Sep 22 Sat, 2018 6:28 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കുല്‍ദീപ് നയാറിന്റെ വേര്‍പാടില്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചിച്ചു

Published : 24th August 2018 | Posted By: G.A.G

ജിദ്ദ: മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാറിന്റെ വേര്‍പാടില്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചിച്ചു. ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്ത് എക്കാലത്തും മാതൃകയാക്കാവുന്ന വരികള്‍ക്കപ്പുറത്തെ ജീവിതമായിരുന്നു കുല്‍ദീപ് നയാറിന്റേതെന്നും ഫോറം അഭിപ്രായപ്പെട്ടു.
സ്വതന്ത്ര ഇന്ത്യയോടൊപ്പം എഴുതിവളര്‍ന്ന അദ്ദേഹം രാജ്യത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ പത്രപ്രവര്‍ത്തകനായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഏതാണ്ട് മുഴുവന്‍ പ്രധാനമന്ത്രിമാരുമായും ബന്ധമുണ്ടായിരിക്കുമ്പോഴും ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന കോളമിസ്റ്റുകളില്‍ ഒരാളായിരിക്കുമ്പോഴും സകലമാന സ്ഥാപിത താല്‍പര്യങ്ങളുടെയും വിഗ്രഹം ഉടയ്ക്കുന്ന വിപ്ലവകാരിയായി മാറാനും എല്ലാവിധ എസ്റ്റാബ്ലിഷ്‌മെന്റുമായും കലഹിക്കാനും അദ്ദേഹം അസാമാന്യ ധീരത കാണിച്ചു. നെഹ്‌റുവിന്റെ നയങ്ങളിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി അക്കാലത്ത് ലോകശ്രദ്ധ പിടിച്ചുപറ്റിയ നയാര്‍ അടിയന്തരവാസ്ഥ കാലത്ത് ഇന്ദിരയെ വിമര്‍ശിച്ചതിന് ജയിലിലടക്കപ്പെടുകയും ചെയ്തു. പാക് നയത്തിലെ പാളിച്ചകള്‍, പഞ്ചശീല തത്വങ്ങള്‍ മറന്ന് ചൈനയെ ആക്രമിച്ചത്, ഹേമന്ദ് കര്‍ക്കരെയുടെ മരണം, സിഖ് തീവ്രവാദം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകളും വെളിപ്പെടുത്തലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
എഴുത്തിനു പുറമേ സാമൂഹിക ജീവിതത്തിലും മനുഷ്യാവകാശ പോരാട്ട മേഖലകളിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. മതനിരപേക്ഷ ജനാധിപത്യത്തിന്റെ സംസ്ഥാപനത്തിന് അദ്ദേഹം ഊടുംപാവും നല്‍കി. വിഭജനത്തിന്റെ മുറിപ്പാടുകള്‍ നേരില്‍കണ്ട അദ്ദേഹം ഗാന്ധിജി രക്തസാക്ഷിത്വംവരിച്ചപ്പോള്‍ അവിടെ ഓടിയെത്തിയ ചുരുക്കം പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. ഫാഷിസം ഇന്ത്യന്‍ ജനാധിപത്യത്തിനു തന്നെ അപായമണി മുഴക്കുന്ന ഇക്കാലത്ത് സത്യസന്ധനും ധീരനുമായ കുല്‍ദീപ് നയാറിന്റെ വിടവാങ്ങല്‍ അപരിഹാര്യമായ വിടവായി നിലനില്‍ക്കും. സത്യം തുറന്നെഴുതാനുള്ള ചങ്കൂറ്റവും പംക്തിയെഴുത്തിലെ തീവ്രനിലപാടുകളും വസ്തുതകള്‍ പാവനമാണെന്ന കാഴ്ചപ്പാടും കൈമുതലാക്കിയായിരുന്നു അദ്ദേഹം തൂലിക ചലിപ്പിച്ചത്- ഫോറം അനുസ്മരിച്ചു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss