|    Mar 25 Sat, 2017 7:13 pm
FLASH NEWS

കുറ്റിയാടി നിസാര്‍ വധശ്രമം; അന്വേഷണം അട്ടിമറിക്കാന്‍ നീക്കം

Published : 20th November 2015 | Posted By: SMR

വടകര: കുറ്റിയാടി ടൗണില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ പട്ടാപ്പകല്‍ കടയില്‍ കയറി മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ബോംബെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലെ പോലിസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന ആരോപണം ശക്തം. സിപിഎം നേതൃതലത്തില്‍ ആസൂത്രണം ചെയ്ത ആക്രമണമാണ് കുറ്റിയാടിയില്‍ അരങ്ങേറിയതെന്നു വ്യക്തമായിട്ടും കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ആറു സിപിഎമ്മുകാരില്‍ കേസ് നടപടികള്‍ അവസാനിപ്പിക്കാനാണ് നീക്കമെന്നാണു സൂചനകള്‍.
കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്നാംപ്രതി മനീഷുമായി ബന്ധപ്പെട്ട് പോലിസ് പുറത്തുവിട്ട വിവരങ്ങളിലെ അവ്യക്തതയും വൈരുധ്യവും അന്വേഷണം അട്ടിമറിക്കപ്പെടുന്നതിലേക്കാണു വെളിച്ചം വീശുന്നത്. ഇയാളെ എവിടെ നിന്ന് അറസ്റ്റ് ചെയ്‌തെന്ന കാര്യത്തിലും അഞ്ചു ദിവസം ഒളിവില്‍ താമസിച്ചതെവിടെയെന്നതിനും പോലിസ് കൃത്യമായ ഉത്തരം നല്‍കുന്നില്ല. വാണിമേലില്‍ വച്ച് അറസ്റ്റ് ചെയ്തുവെന്നാണ് റിമാന്‍ഡ് റിപോര്‍ട്ടില്‍ പോലിസ് കോടതിയെ അറിയിച്ചത്. നിസാറിനെ വധിക്കാന്‍ ശ്രമിച്ചശേഷം രക്ഷപ്പെടുന്നതിനിടെ അക്രമിസംഘത്തില്‍ നിന്നും ഒറ്റപ്പെട്ട മനീഷ് രക്തംപുരണ്ട വസ്ത്രങ്ങളുമായി കിലോമീറ്ററുകള്‍ അകലെയുള്ള വിലങ്ങാട് എത്തിയതെങ്ങനെയെന്ന സംശയത്തിന് പോലിസ് വിശദീകരണം ന ല്‍കിയിട്ടില്ല.
സംഭവത്തിന് ശേഷം മനീഷിന് അഞ്ചു ദിവസം ആര് അഭയം നല്‍കിയെന്ന അന്വേഷണം സിപിഎം നേതൃത്വത്തിലേക്കാണ് എത്തിപ്പെടുകയെന്നതിനാലാണ് പോലിസിന്റെ ഒളിച്ചുകളിയെന്നാണ് ആക്ഷേപം. വീടിനോടു ചേര്‍ന്ന തുറസ്സായ പറമ്പില്‍ ഒളിവില്‍ താമസിച്ചുവെന്ന മൂന്നാം പ്രതിയുടെ മൊഴി വിശ്വസനീയമല്ലെന്നു പ്രദേശം സന്ദര്‍ശിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രതിക്ക് അഭയം നല്‍കിവരെ കുറിച്ചുള്ള അന്വേഷണമില്ലാത്തത് ദുരൂഹമായി അവശേഷിക്കുന്നു. മനീഷിനെയും കൊണ്ട് ചൊവ്വാഴ്ച അര്‍ധരാത്രി കുറ്റിയാടിയിലെ നിസാറിന്റെ കടയുടെ പരിസരത്ത് പോലിസ് നടത്തിയ തെളിവെടുപ്പും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെയായിരുന്നു. ആ സമയത്ത് ലഭ്യമായ നാട്ടുകാരുടെ മുമ്പില്‍ പോലിസ് നടത്തിയ പരാമര്‍ശങ്ങള്‍ മനീഷ് ഉള്‍പ്പെടെയുള്ള അക്രമിസംഘത്തില്‍ അന്വേഷണം അവസാനിപ്പിക്കുന്ന മട്ടിലാണ്. കേസിലെ പ്രതികള്‍ക്ക് അഭയം നല്‍കുകയും തെളിവുനശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തതിന് അറസ്റ്റിലായ സിപിഎമ്മുകാരായ ദമ്പതികളുടെ വീട് പിറ്റേദിവസം തന്നെ ജില്ലയിലെ ഉന്നത സിപിഎം നേതാവ് സന്ദര്‍ശിച്ചിരുന്നു. നിസാര്‍ വധശ്രമക്കേസിലെ ഇത്തരം സിപിഎം ബന്ധങ്ങള്‍ പക്ഷേ പോലിസിന്റെ അന്വേഷണപരിധിയില്‍ ഇതുവരെ ഇടം നേടിയിട്ടില്ലെന്നതും അട്ടിമറി സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
നിസാറിനെ വെട്ടാനുപയോഗിച്ച വാള്‍ നിര്‍മിച്ചത് ഇടച്ചേരിയിലെ സിപിഎം കേന്ദ്രത്തില്‍ നിന്നാണെന്നു പിടിയിലായ മൂന്നാംപ്രതി സമ്മതിച്ചിരുന്നു. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള തൂണേരി ബ്ലോക്ക് ഇരുമ്പ് ഉരുക്ക് സൊസൈറ്റിയുടെ കേന്ദ്രത്തിലാണ് വാള്‍ നിര്‍മിച്ചതെന്നാണ് പോലിസിനു ലഭിച്ച വിവരം. വലിയ സന്നാഹങ്ങളുമായി ഇവിടെ റെയ്ഡ് നടത്തുകയും വാള്‍ നിര്‍മിച്ചതെന്നു കരുതുന്നയാളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പോലിസ് പിന്നീട് ഇയാളെ വിട്ടയക്കുകയായിരുന്നു.
നാദാപുരം മേഖലയില്‍ സിപിഎമ്മിനു വേണ്ടി കൊലക്കത്തികള്‍ നിര്‍മിക്കപ്പെടുന്നത് എടച്ചേരിയിലെ കേന്ദ്രത്തിലാണെന്ന ആക്ഷേപത്തെ ബലപ്പെടുത്തുന്ന വിവരങ്ങള്‍ നിസാര്‍ വധശ്രമക്കേസ് അന്വേഷണത്തില്‍ ലഭിച്ചിട്ടും ആ വഴിക്ക് അന്വേഷണം മുന്നേറിയില്ല.
കഴിഞ്ഞ ദിവസം പിടിയിലായ മനീഷ് രണ്ടു ദിവസത്തോളം പോലിസ് കസ്റ്റഡിയിലായിരുന്നിട്ടും വിശദമായ ചോദ്യംചെയ്യല്‍ നടന്നില്ലെന്നാണു സൂചന. തുടരന്വേഷണങ്ങള്‍ക്കായി മനീഷിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലിസ് ഇന്നലെ കല്ലാച്ചി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

(Visited 63 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക