|    Dec 16 Sat, 2017 11:05 am
FLASH NEWS

കുറ്റിപ്പുറത്തെ കോളറ; ബാധ ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നല്ലെന്ന് പരിശോധന റിപോര്‍ട്ട്

Published : 22nd July 2016 | Posted By: SMR

കുറ്റിപ്പുറം: ഒരു കുടുംബത്തിലെ നാലു പേരുള്‍പ്പെടെ ഏതാനും പേര്‍ക്ക് കോളറ പിടിപ്പെട്ടത് ഹോട്ടലില്‍ നിന്നും കഴിച്ച ഭക്ഷണത്തിലൂടെയല്ലെന്ന് പരിശോധനാ റിപോര്‍ട്ട്. കഴിഞ്ഞ പത്ത് ദിവസമായി കോളറ ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കുറ്റിപ്പുറം എസ്ബിടി ബാങ്ക് മാനേജറും കുടുംബവും കുറ്റിപ്പുറത്തെ ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നായിരുന്നു അവര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.
വിദഗ്ധ പരിശോധനയിലാണ് ഇവര്‍ക്ക് കോളറ പിടിപ്പെട്ടതായി സ്ഥിരീകരിച്ചത്. അതിനെ തുടര്‍ന്ന് ഇവര്‍ ഭക്ഷണം കഴിച്ച ഹോട്ടലും ഇതേ ഹോട്ടലുടമ നടത്തിയിരുന്ന മറ്റൊരു വെജിറ്റേറിയന്‍ ഹോട്ടലും ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൂട്ടിയിട്ടിരുന്നു.
ഹോട്ടലില്‍ നിന്നും അവിടെ ഉപയോഗിക്കുന്ന വെള്ളവും ഭക്ഷണങ്ങളുടെ സാമ്പിളും വിദഗ്ധ പരിശോധനക്കയച്ചിരുന്നു. ഹോട്ടലിലെ ചട്ട്ണിയില്‍ നിന്നുമാണ് അസുഖത്തിനു കാരണമായ ബാക്ടീരിയ പടര്‍ന്നതെന്ന നിഗമനത്തിലായിരുന്നു ആരോഗ്യ വകുപ്പധികൃതര്‍.
എന്നാല്‍ ഇന്നലെ പുറത്തു വന്ന പരിശോധനാ റിപോര്‍ട്ടിലാണ് ഹോട്ടല്‍ ഭക്ഷണമല്ല അസുഖ ബാധക്ക് കാരണമായതെന്ന് വ്യക്തമാക്കിയത്. കുറ്റിപ്പുറം ടൗണിലെ അഴുക്കുചാലുകള്‍ മലിനജലം കെട്ടി നിന്ന് പുറത്തേക്കൊഴുകി അതിലൂടെ ചിവിട്ടി നടന്നതാകാം അസുഖ ബാധക്ക് കാരണമായതെന്നാണ് പരിശോധനാഫലമെന്നാണറിയുന്നത്.
കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്ത് മുന്‍കൈയ്യെടുത്ത് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തിന്റെ തീരുമാന പ്രകാരം ടൗണിലും പരിസര പ്രദേസങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ നടന്നുവരികയാണ്. മാസങ്ങള്‍ക്കു മുന്‍പ് അടച്ചുപൂട്ടിയ കുറ്റിപ്പുറം ബസ്സ്റ്റാന്റിനു സമീപത്തെ കംഫര്‍ട്ട് സ്റ്റേഷന്‍ അറ്റകുറ്റപണി നടത്തി ഉടന്‍ തുറന്നു കൊടുക്കുന്നതിനുള്ള നടപടികളും നടന്നു വരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക