|    Mar 24 Fri, 2017 11:13 pm
FLASH NEWS

കുറ്റിപ്പുറത്തു വീണ്ടും അതിസാരമരണം; ആശങ്കയോടെ നാട്ടുകാര്‍; അധികൃതര്‍ക്കു നിസ്സംഗത

Published : 5th August 2016 | Posted By: SMR

കുറ്റിപ്പുറം: കഴിഞ്ഞ 35 ദിവസത്തിനകം അതിസാരം ബാധിച്ച് നാലുപേര്‍ മരിച്ചിട്ടും  ഗ്രാമപ്പഞ്ചായത്തധികൃതരും ആരോഗ്യവകുപ്പും അലംഭാവം തുടരുന്നതിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. ഇന്നലെ തവനൂര്‍ സ്വദേശിയും വിമുക്തഭടനുമായിരുന്ന കരുമത്തില്‍ പി കെ രാമചന്ദ്രമേനോനാണ് അതിസാര ബാധയെ തുടര്‍ന്ന് മരിച്ചത്.
മാസങ്ങളായി കുറ്റിപ്പുറം കേന്ദ്രീകരിച്ച് തൊഴിലെടുക്കുന്ന ഇദ്ദേഹം കുറ്റിപ്പുറത്തെ ഹോട്ടലുകളില്‍ നിന്നായിരുന്നു സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നത്. കുറ്റിപ്പുറം റയില്‍വേ സ്റ്റേഷനടുത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ആയിഷ(81), മകള്‍ ഖദീജ (42), കുറ്റിപ്പുറം ചെല്ലൂര്‍ സ്വദേശിനി കാര്‍ത്ത്യായനി(620 എന്നിവര്‍ക്കുപുറകെയാണ് ഇന്നലെ രാമചന്ദ്രമേനോനും മരിച്ചത്.
മേഖലയില്‍നിന്ന് അമ്പതോളം പേര്‍ അതിസാരം ബാധിച്ച് തൃശൂരിലേയും കോഴിക്കോട്ടേയും മെഡിക്കല്‍ കോളജുകളിലും സ്വകാര്യ ആശുപത്രികളിലുമായി ചികില്‍സയിലുണ്ട്. ഇതില്‍ പലര്‍ക്കും ആഴ്ചകളോളം ചികില്‍സ നല്‍കിയിട്ടും രോഗം ഭേദമാകാത്ത സ്ഥിതിയാണുള്ളതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനുപുറമെയാണ് കുറ്റിപ്പുറത്തെ ഒരു കുടുംബത്തിലെ നാലുപേരെ കോളറപിടിപെട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും ശുചീകരണം ഉറപ്പുവരുത്താനുമായി ആരോഗ്യമന്ത്രിയുടേയും തദ്ദേശ സ്വയംഭരണ മന്ത്രിയുടേയും സാന്നിധ്യത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്നതല്ലാതെ ദുരന്ത നിവാരണത്തിന് ഫലപ്രദമായ നടപടികളൊന്നുമുണ്ടായില്ലെന്നതാണ് വസ്തുത.
കോളറ സ്ഥിരികരീച്ചതിനെ തുടര്‍ന്ന് ടൗണിലെ ഹോട്ടലുകളും ചായക്കടകളും അടച്ചിടാന്‍ ആരോഗ്യവകുപ്പധികൃതരും ജില്ലാ മെഡിക്കല്‍ ഓഫിസറും ഉത്തരവിട്ടിരുന്നു.എന്നാല്‍ അടച്ചിട്ട ചായക്കടകളും ഏതാനും ഹോട്ടലുകളും കഴിഞ്ഞ ദിവസം തുറന്നു പ്രവര്‍ത്തിച്ചത് വിവിധ സംഘടനകളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.
ടൗണിലെ ബസ്സ്റ്റാന്റിനകത്ത് ഗ്രാമപ്പഞ്ചായത്ത് ചെലവില്‍ നിര്‍മിച്ച് കച്ചവടത്തിനായി വാടകയ്ക്കു ലേലം ചെയ്തു കൊടുത്ത ബങ്കുകള്‍ അഴുക്കുചാലുകള്‍ക്കു മുകളില്‍ സ്ലാബിട്ട് മൂടി അതിന് മുകളിലാണ് നിര്‍മിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി ഈ അഴുക്കുചാലുകള്‍ക്കുള്ളില്‍ മാലിന്യം നിറഞ്ഞുകിടക്കുകയാണ്. ഇവ നീക്കം ചെയ്യാന്‍ ഗ്രാമപ്പഞ്ചായത്തും ആരോഗ്യവകുപ്പും ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഈ ബങ്കുകളിലാണ് വീണ്ടും ചായക്കടകള്‍ പ്രവര്‍ത്തിക്കുന്നത്.
അനുമതിയില്ലാതെ തുറന്ന ഹോട്ടലുകളും ബങ്കുകളും അടച്ചിടാന്‍ ബുധനാഴ്ച ആരോഗ്യവകുപ്പധികൃതര്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍  മുന്നില്‍നിന്നുപ്രവര്‍ത്തിക്കേണ്ട ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് തുടരുന്നതെന്നും പഞ്ചായത്ത് ഭരണസമിതിയില്‍ നിലനില്‍ക്കുന്ന വിഭാഗീയതയാണ് ശുചീകരണ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന നിസ്സംഗതക്കു കാരണമെന്നുമുള്ള ആരോപണങ്ങളും ശക്തമാണ്.

(Visited 23 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക