|    Jan 19 Thu, 2017 10:49 pm
FLASH NEWS

കുറ്റിക്കോലിലെ സിപിഎം വിമതരെ സ്വീകരിക്കാന്‍ സിപിഐ കണ്‍വന്‍ഷന്‍ 17ന്

Published : 10th August 2016 | Posted By: SMR

കാസര്‍കോട്: സിപിഎം ശക്തികേന്ദ്രമായ കുറ്റിക്കോലില്‍ നിന്ന് സിപിഐയില്‍ ചേരുന്ന സിപിഎം വിമതരെ 17ന് നടക്കുന്ന കണ്‍വന്‍ഷനില്‍ സ്വീകരിക്കും. സിപിഎം വിട്ടുവരുന്ന നൂറോളം വിമതര്‍ക്ക് അംഗത്വം നല്‍കുന്നതിന് വേണ്ടിയാണ് സിപിഐ കുറ്റിക്കോലില്‍ പ്രത്യേക കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ക്കുന്നത്.
സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന കാര്യം കുറ്റിക്കോല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ പി ഗോപാലന്‍ മാസ്റ്റര്‍ അടക്കമുള്ള വിമതവിഭാഗം ഇതിനകം ഉറപ്പിച്ചിട്ടുണ്ട്. അനുരഞ്ജനത്തിനുള്ള സാധ്യതകള്‍ അടഞ്ഞതോടെയാണ് ഗോപാലന്‍മാസ്റ്റര്‍ അടക്കമുള്ള നൂറോളം സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേരുന്നത്.
സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരിയുള്‍പെടെയുള്ള നേതാക്കള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്. സിപിഎം ബേഡകം ഏരിയാകമ്മിറ്റിയില്‍ നിലനില്‍ക്കുന്ന വിഭാഗീയപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സിപിഎം ജില്ലാനേതൃത്വം പരാജയപ്പെട്ടതോടെയാണ് വിമതപക്ഷം സ്വന്തമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ഏരിയാസമ്മേളനത്തിനുശേഷം സിപിഎം ഏരിയാസെക്രട്ടറിയായി ജില്ലാ നേതൃത്വം ഇടപെട്ട് സി ബാലനെ വീണ്ടും സെക്രട്ടറിയാക്കിയതോടെയാണ് വിമത പ്രശ്‌നം രൂക്ഷമായത്. 2010ല്‍ ഏരിയാ സമ്മേളനവുമായി ബന്ധപ്പെട്ട് പ്രശ്‌നമാണ് ഇവിടെ പാര്‍ട്ടിയില്‍ വിഭാഗീയതക്ക് കാരണമായത്.
ഏരിയാ സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സി ബാലനെതിരെ ഒരു വിഭാഗം രംഗത്തുവന്നതോടെ ജില്ലാ കമ്മിറ്റി ഇടപെട്ട് കെ ബാലകൃഷ്ണന്‍, സി എച്ച് കുഞ്ഞമ്പു, എം രാജഗോപാല്‍ എന്നിവരെ വിവിധ കാലയളവില്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയിരുന്നു. പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് സി ബാലനെ തന്നെ സെക്രട്ടറിയാക്കിയത്. ഇതോടെയാണ് വിമതര്‍ വീണ്ടും സജീവമായത്.
സിപിഎം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സിപിഐയിലേക്ക്
കാഞ്ഞങ്ങാട്: ബേഡകം മോഡല്‍ വിഭാഗീയത കാഞ്ഞങ്ങാട്ടും അജാനൂരിലും സങ്കീര്‍ണ്ണമാകുന്നു. സിപിഎമ്മിന്റെ ജില്ലയിലെ മറ്റൊരു ശക്തികേന്ദ്രമായ അജാനൂരിലെ വിവിധ ഭാഗങ്ങളില്‍ സിപിഎമ്മിലെ ചില പ്രാദേശികനേതാക്കളും പ്രവര്‍ത്തകരും സിപിഐയില്‍ ചേരാന്‍ ശ്രമം തുടങ്ങി.
സിപിഎം നേതൃത്വവുമായി ഏറെ നാളായി ഇടഞ്ഞുനില്‍ക്കുന്ന വിമതപക്ഷം കഴിഞ്ഞ ദിവസം സിപിഐ നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തി.
പാര്‍ട്ടിനയത്തോട് എതിര്‍പ്പുള്ളവരും പ്രാദേശിക ഘടകങ്ങളിലെ പ്രശ്‌നങ്ങളും ചില നേതാക്കളുടെ ഏകാധിപത്യമനോഭാവവുമാണ് ഒരു വിഭാഗത്തെ സിപിഐയുമായി അടുക്കാന്‍ പ്രേരിപ്പിക്കുന്നത്. കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റിയിലെ മറ്റു ചില ലോക്കല്‍ കമ്മിറ്റികളുടെ കീഴിലുള്ള പ്രവര്‍ത്തകരും സിപിഐയിലേക്ക് പോകാനൊരുങ്ങിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക