|    Nov 17 Sat, 2018 3:35 am
FLASH NEWS
Home   >  Editpage  >  Editorial  >  

കുറ്റാന്വേഷണങ്ങളിലെ ഇരട്ടത്താപ്പുകള്‍

Published : 11th January 2018 | Posted By: kasim kzm

പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനുമായ ഡോ. സാക്കിര്‍ നായികിന്റെ സ്വത്ത് കണ്ടുകെട്ടിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി തടഞ്ഞുകൊണ്ട് അപ്പീല്‍ ട്രൈബ്യൂണല്‍ നടത്തിയ വിധിപ്രസ്താവം രാജ്യത്തിന്റെ സമകാലിക സാഹചര്യത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. അപ്പീല്‍ പരിഗണിക്കവെ ട്രൈബ്യൂണല്‍ മേധാവി ജസ്റ്റിസ് മന്‍മോഹന്‍ സിങ് കുറ്റാന്വേഷണങ്ങളില്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ കാണിക്കുന്ന ഇരട്ടത്താപ്പിനെ തുറന്നുകാണിച്ചു എന്നതാണ് ഈ വിധിയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്.
എന്തുകൊണ്ട് സാക്കിര്‍ നായികിനെതിരേ മാത്രം നടപടിയെന്നും ആള്‍ദൈവമായ ആശാറാം ബാപ്പുവിനെതിരേയും നടപടി വേണ്ടതല്ലേ എന്നും ജസ്റ്റിസ് മന്‍മോഹന്‍ സിങ് ചോദിച്ചു. 10,000 കോടി രൂപയിലധികം വരുന്ന സ്വത്തിന്റെ ഉടമകളും കുറ്റകൃത്യങ്ങളില്‍ പ്രതികളുമായ പത്തു ബാബമാരുടെ പേര് ഞാന്‍ പറയാം, അതില്‍ ആര്‍ക്കെങ്കിലുമെതിരേ നടപടി എടുക്കുമോ? ഡോ. നായികിനെതിരേ അസാധാരണ വേഗത്തോടെ പ്രവര്‍ത്തിക്കുന്ന ഇഡി പത്തു വര്‍ഷമായിട്ടും ആശാറാം ബാപ്പുവിന്റെ സ്വത്ത് പിടിച്ചെടുക്കാന്‍ നടപടിയെടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. നായികിനെതിരേയുള്ള കുറ്റപത്രത്തില്‍ വേണ്ടത്ര ആരോപണങ്ങള്‍ ഇല്ലെന്നിരിക്കെ അദ്ദേഹത്തിന്റെ സ്വത്ത് എന്തിനാണ് കണ്ടുകെട്ടുന്നതെന്ന് ട്രൈബ്യൂണല്‍ ഇഡി അഭിഭാഷകനോട് ചോദിക്കുകയും ചെയ്തു.
സാക്കിര്‍ നായികിനെതിരേ കേന്ദ്രഭരണകൂടം നടത്തിവരുന്ന നീക്കങ്ങള്‍ക്ക് ഇത് രണ്ടാം തവണയാണ് തിരിച്ചടി നേരിടുന്നത്. അദ്ദേഹത്തിനെതിരേ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ അപേക്ഷ ഇന്റര്‍പോള്‍ തള്ളിയത് നേരത്തെത്തന്നെ രാഷ്ട്രാന്തരീയതലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായക്കു മങ്ങലേല്‍പിച്ചിരുന്നു. അന്താരാഷ്ട്ര അറസ്റ്റ് വാറന്റായ റെഡ്‌കോര്‍ണര്‍ നോട്ടീസ് ഇറക്കേണ്ട സാഹചര്യം സാക്കിര്‍ നായികിന്റെ കാര്യത്തില്‍ ഇല്ലെന്നായിരുന്നു ഇന്റര്‍പോളിന്റെ വിലയിരുത്തല്‍. സമ്മര്‍ദം ചെലുത്തി മലേസ്യയില്‍ കഴിയുന്ന ഡോ. നായികിനെ ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമവും പരാജയപ്പെടുകയായിരുന്നു.
ബിജെപി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നീതിരഹിതമായ നീക്കങ്ങള്‍ നടക്കുന്നു എന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് ഇഡി അപ്പീല്‍ ട്രൈബ്യൂണലിന്റെ കഴിഞ്ഞ ദിവസത്തെ വിധി. ഇന്ത്യന്‍ ഭരണഘടനയെ പിടിച്ചാണയിട്ട് ഭരണം ഏറ്റെടുത്തവര്‍ തങ്ങളുടെ നടപടികളില്‍ ഓരോന്നിലും വംശീയ മുന്‍വിധികളും പ്രതികാരബുദ്ധിയും ഒളിപ്പിച്ചുവച്ചാണ് മുന്നേറുന്നതെന്നു നീതിബോധമുള്ള ആര്‍ക്കും ബോധ്യപ്പെടും. എന്‍ഐഎ പോലുള്ള അന്വേഷണ ഏജന്‍സികള്‍ മുസ്‌ലിം സമൂഹത്തില്‍ നിന്നു കുറ്റവാളികളെ സൃഷ്ടിച്ചെടുക്കാന്‍ പാടുപെടുന്നു എന്ന പരാതി വേറെയുണ്ട്.
രാജ്യത്തു നിലനില്‍ക്കുന്ന നിയമപരമായ എല്ലാ വ്യവസ്ഥാപിത രീതികളെയും അപ്രസക്തവും അപഹാസ്യവുമാക്കുന്നുവെന്നതാണ് വലതുപക്ഷത്തിന്റെ സവിശേഷത. ഇത് ഒരേസമയം പ്രതിജ്ഞാലംഘനവും രാജ്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് തിരിച്ചറിയുന്നതില്‍ പൊതുസമൂഹം പരാജയപ്പെടുകയാണ്. ആപത്കരമായ ഈ വസ്തുതയിലേക്കു കൂടിയാണ് ജസ്റ്റിസ് മന്‍മോഹന്‍ സിങ് വിരല്‍ചൂണ്ടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss