|    Oct 23 Tue, 2018 12:24 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

കുറ്റവാളി നേതാക്കള്‍ക്കു വേണ്ടി പടയോട്ടം

Published : 4th April 2018 | Posted By: kasim kzm

അഡ്വ.  എസ്  എ  കരീം
കുറ്റവാളികളായ രാഷ്ട്രീയനേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിലെ ഒരു ബിജെപി അഭിഭാഷകന്‍, അതേ കോടതിയില്‍ സ്വകാര്യ പൊതുതാല്‍പര്യ പരാതി കൊടുത്തു. പരാതി വന്നാല്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കും സര്‍ക്കാരിനും കോടതി നോട്ടീസയക്കും. ആ രീതി ഈ പരാതിയിലും ആവര്‍ത്തിച്ചു. ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ്. കോടതിയില്‍ നിന്ന് അയച്ച നോട്ടീസിനു നല്‍കിയ മറുപടിയില്‍ കുറ്റവാളികളായ രാഷ്ട്രീയനേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനം വഹിക്കാമെന്നും ഉന്നത നേതൃത്വം തന്നെ ഏറ്റെടുക്കാമെന്നുമുള്ള നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇപ്പോള്‍ നിലവിലിരിക്കുന്നതും അത്തരത്തിലുള്ള നയമാണ്.
ഇപ്പോള്‍ തന്നെ നിരവധി നേതാക്കള്‍ കോടതി ശിക്ഷിച്ച് ജയില്‍വാസം അനുഭ വിച്ചുകൊണ്ടിരിക്കുന്നു. പലരും രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഉന്നതസ്ഥാനം വഹിക്കുന്നവരാണ്. അവരില്‍ ചിലര്‍ തന്നെയാണ് പാര്‍ട്ടി തന്നെ ഉണ്ടാക്കിയതും. ഉദാഹരണത്തിന് രാഷ്ട്രീയ ജനതാദളിന്റെ സ്ഥാപകനേതാവാണ് ലാലുപ്രസാദ് യാദവ്. അദ്ദേഹവും ഭാര്യയും സംസ്ഥാനത്തെ മുഖ്യമന്ത്രിമാരായിരുന്നു. ഈ കാലഘട്ടത്തില്‍ നടന്ന കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിനെ ശിക്ഷിച്ചു. അദ്ദേഹം ഇപ്പോള്‍ ജയില്‍വാസം അനുഭവിക്കുന്നു. ഇതുപോലെയുള്ള മറ്റൊരു നേതാവാണ് ഹരിയാനയിലെ ഒ പി ചൗതാല. അദ്ദേഹം ഉദ്യോഗനിയമനത്തില്‍ അഴിമതി നടത്തിയതിന്റെ പേരില്‍ ജയില്‍വാസം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഓള്‍ ഇന്ത്യ അണ്ണാ ഡിഎംകെയുടെ നേതാവായിരുന്നു ജയലളിത. അവരുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരിയും വലംകൈയുമായിരുന്നു ശശികല. അവരും അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നു. ഇവരെല്ലാം വിവിധ പാര്‍ട്ടികളുടെ കിടിലന്‍ നേതാക്കളാണ്. പലരും സ്ഥാപകനേതാക്കള്‍.
ഇവിടെ അഴിമതിക്കേസില്‍ പേരുപറഞ്ഞവരും നാളെ ഈ ആരോപണത്തില്‍ വരാന്‍ സാധ്യതയുള്ളവരും കള്ളന്‍മാരോ കൊള്ളക്കാരോ സാമൂഹികവിരുദ്ധരോ അല്ല. ഭരണതീരുമാനമനുസരിച്ച് ഉത്തരവ് നടപ്പാക്കുമ്പോള്‍ അതില്‍ അഴിമതിയോ മറ്റു നടപടി പിശകുകളോ വന്നുചേരുന്നു. ഇത്തരം സംഭവങ്ങളില്‍ എല്ലാ കുറ്റാരോപണങ്ങളും ഒപ്പിടുന്നവന്റെ തലയില്‍ വന്നുചേരുന്നു. അഴിമതി എവിടെ തുടങ്ങി എവിടെ അവസാനിച്ചുവെന്നോ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങള്‍ ഏതെന്നോ അന്വേഷിക്കാതെ എല്ലാം ഉത്തരവു പുറപ്പെടുവിച്ചവന്റെ തലയില്‍ വന്നു കയറുന്നു. അങ്ങനെയുള്ളതാണ് ഭൂരിപക്ഷം അഴിമതിക്കേസുകളും. ഒരു സംഭവത്തെപ്പറ്റി അഴിമതി ആരോപണം ഉണ്ടാവുമ്പോള്‍ അതിന് ഉത്തരവാദികള്‍ ആരെന്നു കണ്ടുപിടിക്കാനുള്ള സംവിധാനം ഉണ്ടാവണം. അങ്ങനെ ഒരന്വേഷണം ഉണ്ടായാല്‍ ഇന്നു പ്രതിസ്ഥാനത്തു നില്‍ക്കുന്ന പലരും പ്രതികളല്ലാതായി മാറാം. അതേ സ്ഥാനത്ത് മറ്റു പലരും പ്രതികളായി വന്നെന്നും വരാം. ഒപ്പിട്ടവരെ മാത്രം ഓടിച്ചിട്ടു പിടിച്ചു കുറ്റവിചാരണ നടത്തി ശിക്ഷിക്കുന്ന നയം മാറ്റുകയാണു വേണ്ടത്.
സോഷ്യലിസവും മതേതരത്വവും ജനാധിപത്യവുമാണ് നമ്മുടെ രാജ്യത്തിന്റെ മുദ്രാവാക്യം. എന്നാലും ജാതിക്കും മതത്തിനും കനത്ത സ്വാധീനമുണ്ട്. ഭൂരിപക്ഷം ഭരണാധികാരികളും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. ഒരു ചെറിയവിഭാഗം ജാതിയുടെയും മതത്തിന്റെയും അടിമകളാണ്. അങ്ങനെയുള്ളവര്‍ക്ക് രാഷ്ട്രീയനേതൃത്വം കൈയില്‍ കിട്ടിയാല്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ അഴിമതിക്കാരനായ നേതാവിനെ വെള്ളപൂശാന്‍ ശ്രമിച്ചുകൂടെന്നില്ല. നിലവിലിരിക്കുന്ന സാഹചര്യവും സര്‍ക്കാരിന്റെ സമീപനവും ഒന്നായതുകൊണ്ട്, കുറ്റവാളികളായ നേതാക്കള്‍ക്കും പാര്‍ട്ടികളില്‍ ഉന്നത നേതൃത്വം വഹിക്കുന്നവര്‍ക്കും ഒരു ഭീഷണിയും ഉണ്ടാവാന്‍ സാധ്യതയില്ല.                                    ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss