|    Apr 22 Sun, 2018 5:03 am
FLASH NEWS

കുറ്റകൃത്യങ്ങള്‍ തടയാന്‍ എരുമേലിയില്‍ കാമറകള്‍ സ്ഥാപിക്കാന്‍ പോലിസ് ഒരുങ്ങുന്നു

Published : 22nd July 2016 | Posted By: SMR

എരുമേലി: കുറ്റകൃത്യങ്ങള്‍ പിടികൂടാനും തടയാനും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുമായി എരുമേലിയിലുട നീളം സ്ഥിരം കാമറകള്‍ സ്ഥാപിച്ച് നിരീക്ഷിക്കുന്നതിനുള്ള പദ്ധതിക്കു പോലിസ് ഒരുങ്ങുന്നു. കെല്‍ട്രോണുമായി സഹകരിച്ചാണു കാമറകള്‍ സ്ഥാപിക്കുക.
ഇതിന്റെ ഭാഗമായി കെല്‍ട്രോണ്‍ പ്രതിനിധികള്‍ ഇന്നലെ എരുമേലിയിലെത്തി പോലിസുമായി ചര്‍ച്ച നടത്തി. എസ്‌ഐ ജര്‍ലിന്‍ വി സ്‌കറിയയുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
32 സ്ഥലങ്ങളിലായി 70 കാമറകളാണ് സ്ഥാപിക്കുക. എരുമേലി ടൗണിലെ വിവിധ ഭാഗങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബിവറേജസ് ഔട്ട്‌ലെറ്റ്, മുക്കൂട്ടുതറ ടൗണ്‍, കണമല ഇറക്കം, കാളകെട്ടി അഴുത ഇടത്താവളങ്ങള്‍, ശബരിമല കാനന പാതയിലെ കോയിക്കകാവ്, എംഇഎസ് കോളജ് ജങ്ഷന്‍, കൊരട്ടി പാലം, സ്‌കൂള്‍ പടിക്കലെ ജങ്ഷന്‍ തുടങ്ങി 32 ഡ്യൂട്ടി പോയിന്റുകളിലായി അതിവേഗ സൂക്ഷ്മ നീരീക്ഷണ കാമറകളാണ് സ്ഥാപിക്കുക. എസ്‌ഐ ജര്‍ലീന്‍ വി സ്‌കറിയ പറഞ്ഞു. ചുറ്റുപാടുമുള്ള ദൃശ്യങ്ങള്‍ പകര്‍ത്താനായി തിരക്കേറിയ സ്ഥലങ്ങളില്‍ കൂടുതല്‍ കാമറകളും കറങ്ങുന്ന കാമറയും ഉണ്ടാവും.
ഇത്തവണത്തെ ശബരിമല സീസണിനു മുമ്പ് പദ്ധതി ആരംഭിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം കോട്ടയത്ത് ജില്ലാ പോലിസ് മേധാവി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് എരുമേലിയില്‍ കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കാമറ നിരീക്ഷണം ഫലപ്രദമായി നടപ്പാക്കിയാല്‍ കുറ്റകൃത്യങ്ങള്‍ പാടെ കുറയുമെന്ന് പോലിസ് വിലയിരുത്തുന്നു.
തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ സുരക്ഷാ ക്രമീകരണം കൂടിയായാണ് കാമറകള്‍ സ്ഥാപിക്കുന്നത്. നിരീക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ കുറ്റകൃത്യങ്ങള്‍ക്ക് ആരും തയ്യാറാകില്ല.
എരുമേലി പോലിസ് സ്റ്റേഷന്‍, ശബരിമല സീസണില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക കണ്‍ട്രോള്‍ റൂം, കണമല, കാളകെട്ടി എന്നിവിടങ്ങളിലെ എയ്ഡ് പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ കാമറകളിലെ ദൃശ്യങ്ങള്‍ ഏകോപിപ്പിച്ച് നിരീക്ഷിക്കാന്‍ സംവിധാനമുണ്ടാവും.
ശബരിമല സീസണില്‍ ഗതാഗത ത്തിരക്കു നിയന്ത്രിക്കാനും അപകട ഘട്ടത്തില്‍ അടിയന്തര രക്ഷാ പ്രവര്‍ത്തനം നടത്താനും കാമറ ഉപകരിക്കും. കാമറകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ ചെലവുകള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതു സംബന്ധിച്ച് വ്യക്തമായിട്ടിട്ടില്ല. ഗ്രാമപ്പഞ്ചായത്തിന് ലഭിക്കുന്ന ശബരിമല ഫണ്ടില്‍ നിന്ന് ഇതിനായി തുക നീക്കിവെച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശബരിമല സീസണില്‍ സ്വകാര്യ വ്യക്്തി മുഖേന കാമറകള്‍ സ്ഥാപിച്ചിരുന്നു.
എന്നാല്‍ ഇത് പ്രയോജന രഹിതമായിരുന്നെന്ന് വ്യാപകമായ പരാതികള്‍ക്കിടയാക്കി. കാമറകള്‍ സ്ഥാപിച്ചയാള്‍ക്ക് പണം കിട്ടിയതുമില്ല. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കാമറ ഇടപാട് നടത്തിയതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് സ്ഥിരമായും സ്വന്തമായും കാമറ സ്ഥാപിക്കുന്നുള്ള പദ്ധതി പോലിസില്‍ രൂപം കൊണ്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss