|    Sep 25 Tue, 2018 4:06 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കുറ്റകൃത്യങ്ങളുടെ തലതൊട്ടമ്മ’ മമ്മി ബഷീരന്‍ അറസ്റ്റില്‍

Published : 20th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കുപ്രസിദ്ധ വനിതാ കുറ്റവാളിയും കുറ്റകൃത്യങ്ങളുടെ തലതൊട്ടമ്മയെന്നും അറിയപ്പെടുന്ന മമ്മി എന്ന ബഷീരന്‍ അറസ്റ്റില്‍. ന്യൂഡല്‍ഹിയിലെ സംഘം വിഹാര്‍ മേഖലയില്‍ ഇവരുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച നടത്തിയ തിരച്ചിലിലാണ് അറസ്റ്റിലായത്.
62 വയസ്സുള്ള മമ്മി മക്കള്‍ക്കൊപ്പം 113 കേസുകളില്‍ പ്രതിയാണ്. 2017ല്‍ ഒരു കൊലപാതക്കേസില്‍ പ്രതിയായതോടെ ഒളിവിലായിരുന്നു ഇവര്‍. സംഘം വിഹാര്‍ പ്രദേശത്തെ കാട്ടില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണമാണ് മമ്മിയിലെത്തിയത്. അമേത്തിയിലെ മിറാസ് ആയിരുന്നു കൊല്ലപ്പെട്ടത്. കേസില്‍ ആകാശ്, വികാസ്, നീരജ് എന്നിവരും പ്രതികളാണ്. മിറാസിന്റെ അര്‍ധസഹോദരി 60,000 രൂപയ്ക്ക് നല്‍കിയ ക്വട്ടേഷന്‍ കൊലപാതകമായിരുന്നു മിറാസിന്റേത്. കൂട്ടുപ്രതികളെ പിടിച്ചെങ്കിലും മമ്മി രക്ഷപ്പെട്ടു. തുടര്‍ന്ന് ഇവരെക്കുറിച്ചുള്ള വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ പോലിസ് തയ്യാറാക്കിയ നാടകത്തിലൂടെയാണ് മമ്മി ബഷീരനെ പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്ര സിങിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം മമ്മിയുടെ വീട് അധികൃതര്‍ ലേലംചെയ്യുന്നതായി പ്രചരിപ്പിച്ചു. ഇതറിഞ്ഞ മമ്മി അന്വേഷിക്കാനായി പ്രദേശത്തെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലിസ് പറയുന്നത്.
എട്ട് മക്കളുടെ മാതാവായ മമ്മി മക്കളോടൊപ്പമാണ് കുറ്റകൃത്യങ്ങള്‍ നടത്തിയത്. കവര്‍ച്ച, കള്ളുകച്ചവടം, മോഷണം, കൊലപാതകം, മയക്കുമരുന്ന് കച്ചവടം തുടങ്ങി പല കേസുകളിലെയും പ്രതിയാണ്. കഴിഞ്ഞ 16 വര്‍ഷമായി ഇവര്‍ പലവിധ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതായി ദക്ഷിണ ജില്ല ഡിസിപി റഓമില്‍ ബനിയ പറഞ്ഞു. ഇവരുടെ മക്കള്‍ക്കെതിരേ കൊലപാതകക്കുറ്റമടക്കം 42 കേസുകള്‍ നിലവിലുണ്ട്. മക്കളില്‍ മൂന്നുപേര്‍ ജയിലിലും മറ്റുള്ളവര്‍ ജാമ്യത്തിലും ഒളിവിലുമാണ്.
കുറ്റകൃത്യങ്ങളുടെ ജ്ഞാനമാതാവ്/തലതൊട്ടമ്മ എന്നാണ് ക്രിമിനല്‍ സംഘങ്ങള്‍ക്കിടയിലും പോലിസുകാര്‍ക്കിടയിലും ഇവര്‍ അറിയപ്പെടുന്നത്. ആഗ്രയാണ് മമ്മി ബഷീരന്റെ ജന്‍മസ്ഥലം. രാജസ്ഥാനിലെ മാല്‍ഖാനെ 17ാം വയസ്സിലാണ് മമ്മി വിവാഹം കഴിക്കുന്നത്. 1980കളില്‍ ഡല്‍ഹിയിലെത്തിയ ഇരുവരും ഗോവിന്ദ്പുരിയിലെ നവ്ജീവന്‍ ക്യാംപ് ചേരിപ്രദേശത്താണ് ജീവിച്ചത്. പിന്നീട് വിഹാറിലേക്ക് താമസം മാറുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss