|    Nov 18 Sun, 2018 4:55 am
FLASH NEWS
Home   >  Editpage  >  Lead Article  >  

കുറ്റകൃത്യങ്ങളിലേക്കുള്ള രാജപാത

Published : 11th August 2016 | Posted By: SMR

കലീം

ജിഷ കൊലക്കേസിലെ ഒന്നാം പ്രതിയായ അമീറുല്‍ ഇസ്‌ലാം ലൈംഗികമായി വഴിപിഴച്ചുപോയ ഒരു ആസാമിയാണെന്നാണ് പോലിസ് പറയുന്നത്. കേസിനു ശക്തി കൂട്ടാന്‍ പ്രചരിപ്പിക്കുന്നതായിരിക്കും ഇത്തരം നീലകലര്‍ന്ന കഥകള്‍. പക്ഷേ, ഒരു കാര്യം തീര്‍ച്ചയാണ്. കേരളത്തിലും ഇന്ത്യയിലും ലൈംഗികമായ കുറ്റകൃത്യങ്ങള്‍ കൂടിവരുന്നുണ്ട്. ഒരു ദിവസം നൂറുകണക്കിനു സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നുവെന്ന് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ വെളിപ്പെടുത്തിയത് 2013ല്‍. നിര്‍ഭയ സംഭവത്തിനു ശേഷം ഡല്‍ഹിയില്‍ മാത്രം ബലാല്‍സംഗം ഇരട്ടിയായി. പോലിസ് സ്റ്റേഷനിലെത്തുന്ന കേസുകള്‍ മാത്രമേ ഔദ്യോഗിക റിപോര്‍ട്ടില്‍ കാണൂ.
അതിനോടൊപ്പം പിതാവ് മകളെ ബലാല്‍സംഗം ചെയ്യുന്നതിന്റെയും സഹോദരന്‍ സഹോദരിയെ പ്രാപിക്കുന്നതിന്റെയും വാര്‍ത്തകള്‍ പ്രചരിക്കുന്നു. ലൈംഗികമായ ചോദനകളാണ് പല കൊലപാതകങ്ങളിലും ചെന്നെത്തുന്നത്. മയക്കുമരുന്നും മദ്യവും അതിനു ശക്തിപകരുന്നു.
ജീവിതശൈലിയില്‍ വരുന്ന മാറ്റങ്ങള്‍, ഏകാന്തത, ലഹരി വസ്തുക്കളുടെ ലഭ്യത എന്നിവയ്ക്കു പുറമെ പൊതുവില്‍ ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന മറ്റൊരു ഘടകമാണ് ലൈംഗികത വില്‍പനയ്ക്ക് വച്ച സൈറ്റുകള്‍. ഇന്ത്യയില്‍ അതുസംബന്ധിച്ചു ശാസ്ത്രീയപഠനങ്ങള്‍ വേണ്ടത്ര ലഭ്യമല്ലെങ്കിലും ഒരു സര്‍വേയനുസരിച്ച് ഒരു ഇന്ത്യക്കാരന്‍ ശരാശരി എട്ടു മിനിറ്റും 28 സെക്കന്‍ഡും അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ചെലവഴിക്കുന്നുണ്ട്. ലോകശരാശരിക്കു മീതെയാണിത്. ഏതാണ്ട് നൂറു കോടി മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലുണ്ടെന്നു കൂടി ഇതിനോടു ചേര്‍ത്തുവയ്ക്കണം.
ചരിത്രാതീതകാലംതൊട്ടു തന്നെ മനുഷ്യന്‍ ലൈംഗികാവയവങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യുകയും വിനിമയം ചെയ്യുകയും ചെയ്തിട്ടുണ്ട്. മറ്റു ജീവിവര്‍ഗങ്ങളില്‍നിന്നു വ്യത്യസ്തമായി പ്രത്യുല്‍പാദനപരമല്ലാത്ത ലൈംഗികാസ്വാദനവും മനുഷ്യനു മാത്രമാണുള്ളത്. എന്നാല്‍ നവോത്ഥാന കാലഘട്ടത്തിനു ശേഷമാണ് രതിവിപണനം ഒരു വലിയ വാണിജ്യശൃംഖലയ്ക്കു രൂപം നല്‍കുന്നത്. ഇപ്പോഴത് ലോകമാസകലം പരന്നുകിടക്കുന്ന നിയമപരവും നിയമവിരുദ്ധവുമായ കൊള്ളക്കൊടുക്കയാണ്. അമേരിക്കന്‍ ഗവേഷകയായ ശിറാ ടോറന്റിന്റെ അഭിപ്രായത്തില്‍ ആമസോണ്‍, മൈക്രോ സോഫ്റ്റ്, ഗൂഗ്ള്‍, ആപ്പിള്‍, യാഹു എന്നീ വമ്പന്‍ അമേരിക്കന്‍ കുത്തകകളുടെ മൊത്തം വിറ്റുവരവിനേക്കാള്‍ വലിയ ടേണോവറാണ് അശ്ലീല വ്യവസായത്തിലുള്ളത്.
20ാം നൂറ്റാണ്ടിന്റെ പാതിയില്‍ അമേരിക്കയില്‍ പ്ലേബോയ്, ഹസ്‌ലര്‍, പെന്റ്ഹൗസ് തുടങ്ങി സ്ത്രീ-പുരുഷ ശരീരത്തിന്റെ വിവിധ പോസുകളിലുള്ള ചിത്രങ്ങള്‍ അടങ്ങിയ മാഗസിനുകള്‍ ആണ് പോര്‍ണോഗ്രഫിക്ക് ഒരുതരം കോര്‍പറേറ്റ് മാന്യത നല്‍കുന്നത്. പിന്നെ അവയുടെ ഫോട്ടോ കോപ്പി പോലുള്ള പ്രസിദ്ധീകരണങ്ങള്‍ പല രാജ്യങ്ങളിലും ഉടലെടുത്തു. പ്രത്യക്ഷത്തിലുള്ള ഈ ശരീര സൗഭാഗ്യ വില്‍പനയുടെ മറുഭാഗത്ത് ഇരുളടഞ്ഞ പ്രദേശങ്ങളില്‍ വലിയ തോതില്‍ സെക്‌സ് കച്ചവടം പുരോഗമിക്കുന്നു. പലയിടത്തും മാഫിയകള്‍ മറ്റു നിയമവിരുദ്ധമായ വ്യാപാരങ്ങള്‍ കൈയടക്കിയപോലെ ഈ മേഖലയിലും മേധാവിത്വം സ്ഥാപിച്ചു. മസാജ് പാര്‍ലറുകള്‍ തൊട്ട് സെക്‌സ് ലൈവ് ഷോ വരെ അതിലെ വില്‍പനച്ചരക്കുകളാണ്. നീലച്ചിത്രനിര്‍മാണത്തെക്കുറിച്ചു ഗവേഷണം നടത്തിയ പ്രഗദ്ഭ ഡോക്യുമെന്ററി നിര്‍മാതാവ് ലുയി തെറു അത് വ്യഭിചാരത്തിനായുള്ള പരസ്യമാണെന്നാരോപിക്കുന്നു. നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നവര്‍ സ്വന്തം ശരീരം വില്‍പനയ്—ക്കു വയ്ക്കുകയാണ്. വ്യഭിചാരം നിത്യതൊഴിലാക്കിയിട്ടില്ലാത്തവരും യു ട്യൂബ് ഉപയോഗിച്ചു മാംസവില്‍പന നടത്തുന്നു. പല ഹോളിവുഡ് സിനിമാനടികള്‍ക്കും അഭിനയമല്ല പ്രധാന വരുമാനമാര്‍ഗമെന്നും തെറു ആരോപിക്കുന്നു. അതുകൊണ്ടായിരിക്കും പോര്‍ണോഗ്രഫി ലോകത്ത് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന 10 സംരംഭങ്ങളില്‍പെട്ടത്. ഒരു പ്രശസ്ത ബിസിനസ് മാഗസിന്‍ തയ്യാറാക്കിയ പട്ടിക പ്രകാരം നിയമവിരുദ്ധമായ മരുന്നുകളാണ് കൊള്ള ലാഭത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. വര്‍ഷത്തില്‍ 3000 കോടി ഡോളറാണ് ആ ഇനത്തില്‍ വിറ്റുവരവ്. മരിജുവാന മാത്രം 1418 കോടി ഡോളറിന്റെ വരുമാനമുണ്ടാക്കുന്നു. 700 കോടി ഡോളറിന്റെ കൊക്കെയ്ന്‍ വില്‍പന നടക്കുന്നു. രണ്ടാം സ്ഥാനത്ത് ആയുധ കച്ചവടം. അമേരിക്കയിലെ ഫോര്‍ച്യുണ്‍ ബിസിനസ് മാഗസിന്റെ കണക്കനുസരിച്ച് ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ഈ കച്ചവടത്തിന്റെ ലാഭത്തില്‍ വര്‍ഷംപ്രതി ശരാശരി 12.6 ശതമാനം വര്‍ധനവ് കാണുന്നുണ്ട്. അശ്ലീല ചലച്ചിത്രങ്ങളും ഓണ്‍ലൈന്‍ പോര്‍ണോഗ്രഫിയും ചേര്‍ന്നുള്ള ബിസിനസ് 2006ല്‍ അടിച്ചെടുത്ത ലാഭം മാത്രം 9700 കോടി ഡോളര്‍ കടക്കും. ഒരു പഠനമനുസരിച്ച് 28,000 പേര്‍ ഓരോ സെക്കന്‍ഡിലും ലൈംഗികവേഴ്ചയുടെ ദൃശ്യങ്ങള്‍ കാണുന്നു. മുതിര്‍ന്നവരെ ഉദ്ദേശിച്ചുള്ള വീഡിയോ ഗെയിം, ജപ്പാനിലെ മാംഗ എന്ന കാര്‍ട്ടൂണ്‍, ത്രിമാന വീഡിയോകള്‍ എന്നിവ അടങ്ങുന്ന വന്‍ ലോകമാണത്.
മാന്യന്മാരെന്നു തോന്നുന്നവര്‍ നിയന്ത്രിക്കുന്ന കമ്പനികളാണ് പലതും. ഉദാഹരണത്തിനു പലതരം പോര്‍ണോഗ്രഫിക് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതും വലിയ ലാഭമെടുത്തു വില്‍ക്കുന്നതും മൈന്‍ഡ്ഗീക്ക് എന്ന കമ്പനിയാണ്. യുഎസിലെ പത്ത് പോര്‍ണോസൈറ്റുകളില്‍ എട്ടെണ്ണവും അവര്‍ കൈവശം വച്ചിരിക്കുന്നു. മിക്കപ്പോഴും മറ്റു സൈറ്റുകളില്‍ നിന്നു മോഷ്ടിച്ചെടുത്ത വീഡിയോ ആണ് മൈന്‍ഡ്ഗീക്കുപയോഗിക്കുന്നത്. മാത്രമല്ല പോണ്‍സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ അഭിരുചികള്‍ എന്തെന്നു രേഖപ്പെടുത്തുന്ന കമ്പനി പിന്നീട് ആ വിവരമുപയോഗിച്ച് ഉപഭോക്താവിനെ വീണ്ടും സമീപിക്കുന്നു. ആമസോണ്‍ ചെയ്യുന്നതിന്റെ നീലവശം.
ഇതൊരു കമ്പനിയുടെ മാത്രം പ്രശ്‌നമല്ല. നിഴലുകള്‍ ഏറെയുള്ള ഒരു ബിസിനസിന്റെ ഇരകളാവുന്നവര്‍ അനവധിയാണ്. സെക്‌സ് ടൂറിസം തൊട്ട് തുടങ്ങിയ പല നാടുകളിലുമുള്ള വേശ്യാത്തെരുവുകളില്‍ നരകിക്കുന്ന ബാലികാബാലന്മാരുടെ ക്ഷിപ്രായുസ്സില്‍ വരെ അതിന്റെ നീരാളി കൈകളുണ്ട്. വംശീയതയും സ്ത്രീ പീഡനവും അതിന്റെ ഭാഗമാണ്. പലര്‍ക്കും വിചിത്രമായ ലൈംഗിക ചോദനകള്‍ ആയതിനാല്‍ അതിനനുസരിച്ചുള്ള ഉല്‍പന്നങ്ങള്‍ കമ്പോളത്തിലെത്തും. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ഏതൊരു പിഞ്ചുകുഞ്ഞിനും ലൈംഗിക ദൃശ്യങ്ങള്‍ ലഭിക്കും. കുഞ്ഞു കരയുമ്പോള്‍ മുലയൂട്ടുകയോ കുപ്പിപ്പാല്‍ കൊടുക്കുകയോ ചെയ്യുന്നതിനു പകരം അമ്മമാര്‍ മൊബൈല്‍ഫോണോ ടാബോ കൊടുക്കുന്ന ശീലം വ്യാപകമായി വരുന്നതിനാല്‍ അതിനൊരു നിയന്ത്രണം ഭരണകൂടം തന്നെയാണു കൊണ്ടുവരേണ്ടത്. മോദിയോ സോണിയ ഗാന്ധിയോ സൈബര്‍ ലോകത്ത് ആക്രമിക്കപ്പെട്ടാല്‍ ഉടന്‍ പോലിസെത്തുമെന്നു നമുക്കറിയാം. അതിനുള്ള സാങ്കേതിക വിദ്യ നമ്മുടെ പക്കലുണ്ട്. പക്ഷേ, പോണ്‍സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ പറ്റില്ലത്രെ! അത്ര മിടുക്കന്മാരൊന്നുമില്ലാത്ത സൗദി അറേബ്യക്ക് വളരെയെളുപ്പം സാധിക്കുന്ന ഒരു കാര്യമാണിത്.
സാങ്കേതികവിദഗ്ധരുടെ പട തന്നെയുള്ള ഒരു രാജ്യത്ത് അതു സാധ്യമല്ല എന്നു പറയുമ്പോള്‍ യഥാര്‍ഥത്തില്‍ ആര് ആരെ സഹായിക്കുന്നു എന്നന്വേഷിക്കാന്‍ നാം നിര്‍ബന്ധിതരാവുന്നു.
ഓണ്‍ലൈന്‍ ബിസിനസില്‍ ആദ്യം ലാഭമുണ്ടാക്കാന്‍ തുടങ്ങിയത് പോര്‍ണോഗ്രഫിയാണ്. സില്‍ക് റോഡ് എന്നു പേരുള്ള മയക്കുമരുന്ന് ഷോപ്പിങ് മാള്‍ പിന്നെയും കഴിഞ്ഞാണ് മുതല്‍മുടക്കു തിരിച്ചുപിടിക്കാന്‍ തുടങ്ങിയത്. പോര്‍ണോഗ്രഫി മനുഷ്യരുടെ കര്‍മശേഷിയില്‍ കാര്യമായ കുറവു വരുത്തുന്നുവെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അത് ഓരോരുത്തരെയും സെക്‌സ് ക്രിമിനലുകള്‍ക്കു വേട്ടയാടാന്‍ അവസരമൊരുക്കിക്കൊടുക്കുന്നു. ബാലലൈംഗിക വേഴ്ചകളുടെ ഒരു ദശലക്ഷം വിഡിയോകളാണ് ഓണ്‍ലൈനില്‍ വൈറസുപോലെ വ്യാപിക്കുന്നത്. അതില്‍ അഭിനയിക്കുന്ന കുഞ്ഞുങ്ങളും യുവതികളും പലപ്പോഴും അടിമവൃത്തിയായിരിക്കും ചെയ്യുന്നത്. അധോലോക സംഘങ്ങള്‍ അവരെ ഉപയോഗിച്ചാണ് പണമുണ്ടാക്കുന്നത്. മൊബൈല്‍ ഫോണിലൂടെയുള്ള സെക്‌സ് വില്‍പനയില്‍ 2015ല്‍ മാത്രം 300 കോടി ഡോളറിന്റെ വിറ്റുവരവ് കാണുന്നുണ്ട്. ഇത്തരം ബിസിനസ് കാര്യക്ഷമമായി നടക്കുന്ന രാജ്യങ്ങളില്‍ യുഎസ് ഒന്നാം സ്ഥാനത്താണ്. നടുക്കുന്ന ചില കണക്കുകളിതാ:
$ ഓരോ സെക്കന്‍ഡിലും 28,258 പേര്‍ നെറ്റിലൂടെ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നു.
$ ഓരോ സെക്കന്‍ഡിലും 3,075.64 ഡോളര്‍ അതിനായി ചെലവഴിക്കുന്നു.
$ ഓരോ സെക്കന്‍ഡിലും 372 പേര്‍ മുതിര്‍ന്നവര്‍ എന്ന പദമുപയോഗിച്ച് സര്‍ച്ച് ചെയ്യുന്നു.
$ 40 ദശലക്ഷം അമേരിക്കക്കാര്‍ പോര്‍ണോസൈറ്റുകള്‍ നിരന്തരമായി സന്ദര്‍ശിക്കുന്നു.
$ നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ 35 ശതമാനം ലൈംഗിക ദൃശ്യങ്ങളാണ്.
$ പോര്‍ണോസൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരില്‍ മൂന്നിലൊരു ഭാഗം സ്ത്രീകളാണ്.
$ ദിവസവും 1,16,000 അന്വേഷണങ്ങളാണ് ബാലികാ-ബാലന്മാര്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ സംബന്ധിച്ചുണ്ടാവുന്നത്.
$ ബ്രിട്ടനിലെ നോട്ടിങ്ഹം സര്‍വകലാശാല നല്‍കുന്ന ചില വിവരങ്ങള്‍ കൂടി കാണുക.
$ വിവാഹിതരാവുന്നതിനു മുമ്പ് ഗര്‍ഭം ധരിക്കുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നു.
ലൈംഗികതയെക്കുറിച്ചും ധാര്‍മികതയെക്കുറിച്ചുമൊക്കെ ആരോഗ്യകരമായ അഭിപ്രായങ്ങള്‍ രൂപപ്പെടുന്നതിന് പോര്‍ണോഗ്രഫി തടസ്സം നില്‍ക്കുന്നു. വിവാഹമോചനത്തിന്റെ നിരക്കില്‍ ഇതു കാരണം മൂന്നിരട്ടി വര്‍ധനവാണുണ്ടായത്.
ലൈംഗികാസക്തി കൂടിയതാണ് 40 ശതമാനം വിവാഹമോചനങ്ങള്‍ക്കും കാരണം. 58 ശതമാനത്തിന് അതുമൂലം സാമ്പത്തിക നഷ്ടമുണ്ടാവുന്നു.
സ്ത്രീകള്‍ ലൈംഗികോപകരണങ്ങള്‍ മാത്രമാണെന്നു കരുതുന്നവരുടെ എണ്ണം കൂടിവരുന്നു. സ്ത്രീകളുടെ നഗ്നത കാണിക്കുന്ന വ്യാപാര പരസ്യങ്ങളും ആ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നു.
അശ്ലീല വ്യവസായത്തിന്റെ മഹാപ്രവാഹത്തെ തടയാന്‍ അമേരിക്കന്‍ ജനത തന്നെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. കാത്തലിക് എജ്യൂക്കേഷന്‍ എന്ന ക്രൈസ്തവ സംഘടന കഴിഞ്ഞ വര്‍ഷം മാത്രം 630 ദശലക്ഷം മുതിര്‍ന്നവര്‍ക്കുള്ള വീഡിയോ അമേരിക്കക്കാര്‍ ഉപയോഗിച്ച കാര്യം പറഞ്ഞു സങ്കടപ്പെടുന്നു. അവരുടെ തന്നെ അഭിപ്രായത്തില്‍ 70 ശതമാനം ബാലികാബാലന്മാരും സ്‌കൂളില്‍ വച്ചോ ലൈബ്രറികളില്‍ നിന്നോ ലൈംഗികവേഴ്ചയുടെ ദൃശ്യങ്ങള്‍ കാണുന്നുണ്ട്.
ഡോ. വിക്റ്റര്‍ ക്ലൈന്‍ എന്ന മനോരോഗവിദഗ്ധന്റെ അഭിപ്രായത്തില്‍ പോര്‍ണോഗ്രഫി നാലു വിധത്തിലാണ് മനുഷ്യരെ സ്വാധീനിക്കുന്നത്. ഒന്നത് മയക്കുമരുന്നുപോലെയാണ്. രണ്ടാമതായി കൂടുതല്‍ കിക്ക് ലഭിക്കുന്നതിനുവേണ്ടി ഒരാള്‍ കൂടുതല്‍ വഷളായ ദൃശ്യങ്ങളിലേക്കു നീങ്ങുന്നു. മൂന്നാമതായി പീഡനത്തിന്റെയും ക്രൂര ബലാല്‍സംഗത്തിന്റെയും ദൃശ്യങ്ങള്‍ ഒരാളെ കുറ്റകൃത്യങ്ങളോട് പൊരുത്തപ്പെടുന്ന മനോഭാവമുണ്ടാക്കുന്നു. ഭാവനാകല്‍പിതമായ ലൈംഗിക ലോകത്തുകൂടി സഞ്ചരിക്കുമ്പോള്‍ അയാള്‍/ അവള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഒരുമ്പെടുന്നു.
വ്യഭിചാരം, ശരീര പ്രകടനം, ഒളിഞ്ഞുനോട്ടം എന്നിവയ്ക്കു പ്രധാന ചോദന സെക്‌സ് വീഡിയോ ആണെന്നും അത് ലൈംഗികമായ കുറ്റകൃത്യങ്ങള്‍ക്കു വഴിവയ്ക്കുന്നുവെന്നും സാമൂഹിക ശാസ്ത്രജ്ഞന്മാര്‍  പൊതുവില്‍ സൂചിപ്പിക്കുന്നു.
ഇന്റര്‍നെറ്റ് പോര്‍ണോഗ്രഫി കുടുംബങ്ങള്‍ ശിഥിലമാക്കുന്നതിലും അമിത ലൈംഗികാസക്തി വര്‍ധിപ്പിക്കുന്നതിലും വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ടെന്നുള്ള ആശങ്ക മിക്ക നാടുകളിലുമുണ്ട്. ബാലികാബാലന്മാരില്‍ ആരോഗ്യകരമായ ലൈംഗികത വികസിച്ചുവരുന്നതിന് അതു തടസ്സം നില്‍ക്കുന്നു.
ബാലപീഡനം മാത്രമല്ല, മറ്റിനം ലൈംഗിക പീഡനങ്ങളും കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ വിസ്മയാവഹമായ വേഗത്തില്‍ വര്‍ധിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഇതു സംബന്ധിച്ചു നടന്ന ഒരു സര്‍വേയില്‍ കുറ്റം ചെയ്തവരില്‍ 25 ശതമാനത്തിന്റെ കൈയിലും അശ്ലീല ദൃശ്യങ്ങളുടെ ശേഖരമുണ്ടായിരുന്നു. മാത്രമല്ല ഇതിനൊക്കെ പുരുഷന്മാര്‍ മാത്രമാണ് പങ്കാളികള്‍ എന്നു കരുതരുത്. ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍ പറയുന്നത് സ്ത്രീകളില്‍ അഡിക്ഷന്‍ കൂടിവരുന്നുവെന്നാണ്. ക്വിറ്റ് പോണ്‍ അഡിക്ഷന്‍ എന്ന കൗണ്‍സലിങ് സര്‍വീസിന്റെ കണക്കു പ്രകാരം മൂന്നില്‍ രണ്ടുപേരും സ്ത്രീകളാണ്. അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മയക്കുമരുന്നു നല്‍കുന്നതുപോലെയുള്ള സംതൃപ്തി നല്‍കുന്നുണ്ട്. രതിമൂര്‍ച്ഛയില്‍ ഡോപമിന്‍ ഓക്‌സിറ്റോസിന്‍ എന്‍സൈമിന്റെ സാന്നിധ്യം കൂടുതലുള്ളത് ഏതാണ്ട് ഹെറോയിന്‍ ഉപയോഗിക്കുന്നതിനു തുല്യമാണ്. ഉല്‍ക്കണ്ഠ അകറ്റുന്നതിനു രണ്ടും സഹായിക്കും.
ഇതൊന്നും പാശ്ചാത്യ രാഷ്ട്രങ്ങളില്‍ മാത്രം കാണുന്നതല്ല. പ്രായപൂര്‍ത്തിയാവാത്തവരുമായുള്ള ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങള്‍ ആണ് ഇന്ത്യയില്‍ വലിയ ലാഭമുണ്ടാക്കുന്ന ഒരു കച്ചവടം. അതിനു മാത്രം നിയന്ത്രണമാവാമെന്നു സ്വതന്ത്ര ലൈംഗികതയ്ക്കുവേണ്ടി നിലകൊള്ളുന്ന ചില പരിഷ്‌കാരികള്‍ ആവശ്യപ്പെട്ടതായി കേട്ടിരുന്നു. താരതമ്യേന സുരക്ഷിതമെന്നു കരുതപ്പെടുന്ന മുംബൈ നഗരത്തില്‍ ഓരോ ദിവസവും 12 വയസ്സിനു താഴെയുള്ള രണ്ടു കുഞ്ഞുങ്ങളെങ്കിലും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. യൂനിസെഫിന്റെ ഒരു റിപോര്‍ട്ടു പ്രകാരം 53 ശതമാനം കുട്ടികള്‍ക്കെങ്കിലും അത്തരം ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്. 2007ല്‍ ശിശുക്ഷേമത്തിനുള്ള കേന്ദ്രമന്ത്രാലയം നടത്തിയ പഠനത്തില്‍ ലഭിച്ച വിവരങ്ങളും ഒട്ടും ആശാവഹമല്ല.
സ്വതന്ത്ര ലൈംഗികതയും അരാജകത്വവും സാമൂഹിക മാധ്യമങ്ങളിലൂടെ സ്വീകാര്യമായ ശീലങ്ങളെന്ന നിലയ്ക്ക് അവതരിപ്പിക്കപ്പെടുന്നത് ഇത്തരം സാമൂഹികവിരുദ്ധമായ വ്യാപാരത്തിന് ഇന്ധനം പകരുന്നു. അശ്ലീല വീഡിയോകള്‍ നിയന്ത്രിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെങ്കിലും നിശ്ചയദാര്‍ഢ്യമുള്ള ഒരു ഭരണകൂടത്തിന് ഒട്ടും പ്രയാസമുള്ള കാര്യമല്ലത്. അതു പറയുമ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന കുന്തമുനയുമായി രംഗത്തുവരുന്നവര്‍ കാണും. ധാര്‍മികതയും സദാചാരവുമൊക്കെ നിയമത്തോടൊപ്പം സമൂഹത്തെ നേര്‍വഴിക്കു നയിക്കുന്നതിനു വേണ്ടതുണ്ട്. സദാചാര പോലിസ് എന്നാക്രോശിച്ചു ചാടിവീഴുന്നവര്‍ക്കു മനുഷ്യാന്തസ്സിന്റെ പ്രാധാന്യം അത്രയെളുപ്പം മനസ്സിലായെന്നു വരില്ല. ലൈംഗികമായ കുറ്റകൃത്യങ്ങള്‍ പെരുകാതിരിക്കാന്‍ നിയമങ്ങള്‍ മാത്രംപോര എന്നാണ് ചരിത്രം നല്‍കുന്ന പാഠം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss