|    Oct 19 Thu, 2017 5:40 am
FLASH NEWS

കുറുവയും തോല്‍പ്പെട്ടി വന്യജീവി സങ്കേതവും അടച്ചു; സഞ്ചാരികള്‍ കര്‍ണാടകയിലേക്ക്

Published : 13th October 2016 | Posted By: Abbasali tf

മാനന്തവാടി: അന്യജില്ലകളില്‍ നിന്നു വടക്കേ വയനാട്ടിലെത്തുന്ന വിനോദസഞ്ചാരികള്‍, ആകര്‍ഷണകേന്ദ്രങ്ങള്‍ അടച്ചിട്ടതോടെ യാത്ര കര്‍ണാടകയിലേക്ക് മാറ്റുന്നു. തുടര്‍ച്ചയായ അവധി ദിനങ്ങള്‍ ആഘോഷിക്കാനെത്തുന്ന സഞ്ചാരികളാണ് പ്രധാന കേന്ദ്രങ്ങളായ കുറുവാദ്വീപും തോല്‍പ്പെട്ടി വന്യജീവി സങ്കേതവും അടഞ്ഞുകിടക്കുന്നതു കാരണം യാത്ര കര്‍ണാടകയിലേക്ക് മാറ്റുന്നത്. ദീര്‍ഘദൂരം യാത്ര ചെയ്ത് കുറുവയിലും തോല്‍പ്പെട്ടിയിലും എത്തിയ ശേഷമാണ് കേന്ദ്രങ്ങള്‍ അടച്ച വിവരം പലരും അറിയുന്നത്. ഇതു സഞ്ചാരികള്‍ക്ക് ദുരിതമായി. തോല്‍പ്പെട്ടിയില്‍ നിന്നു കര്‍ണാടകയിലെ മൈസൂര്‍, കുട്ട, ഇരുപ്പ്് വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിപ്പെടാമെന്നതാണ് സഞ്ചാരികളെ അവിടേക്കാകര്‍ഷിക്കുന്നത്. ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കാണ് ഇതു മുഖേന നഷ്ടം. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ജില്ലയില്‍ പതിനയ്യായിരത്തോളം സഞ്ചാരികളാണ് എത്തിയത്. ബാണാസുര ഡാം, പൂക്കോട്, കുറുവ, കര്‍ളാട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു തിരക്ക്. വടക്കേ വയനാട്ടിലെ രണ്ടു പ്രധാന കേന്ദ്രങ്ങളാണ് അടഞ്ഞുകിടക്കുന്നത്. ഡിടിപിസിക്ക് കീഴിലുള്ള കുറുവാദ്വീപ് മഴക്കാലത്തെ തുടര്‍ന്ന് ജൂണില്‍ അടച്ചിട്ടതാണ്. മഴ പൂര്‍ണമായി മാറിയിട്ടും കേന്ദ്രം തുറക്കുന്നതിനാവശ്യമായ നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. വനംവകുപ്പില്‍ നിന്നുള്ള തടസ്സങ്ങളാണ് കേന്ദ്രം തുറക്കാന്‍ വൈകുന്നതിന് കാരണമെന്നാണ് പറയപ്പെടുന്നത്. ഇതോടെ വനംവകുപ്പിനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനും ദിവസവും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാവുന്നത്. ടാക്‌സി ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് തോല്‍പ്പെട്ടി വന്യജീവി സങ്കേതം അടച്ചിട്ടത്. ഡ്രൈവര്‍മാര്‍ തമ്മിലുള്ള ഭിന്നത പരിഹരിക്കാതെ സങ്കേതം തുറക്കില്ലെന്ന നിലപാടിലാണ് വനംവകുപ്പ്. ഇതിനു പുറമെ ഡിടിപിസിക്ക് കീഴിലുള്ള മാനന്തവാടി പഴശ്ശി പാര്‍ക്ക് ഒരുവര്‍ഷത്തിലധികമായി അടഞ്ഞുകിടക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക