|    Jun 19 Tue, 2018 10:43 am
FLASH NEWS

കുറുമസമുദായത്തില്‍ നിന്നൊരു വനിതാ റേഞ്ചര്‍

Published : 4th August 2017 | Posted By: fsq

 

മാനന്തവാടി: കാടിന്റെ മക്കളാണെങ്കിലും വനസംരക്ഷണത്തിന് താഴെ തട്ടില്‍ വാച്ചര്‍ പോലുള്ള സ്ഥാനങ്ങള്‍ മാത്രം ചെയ്തുവന്നിരുന്ന ആദിവാസികളിലെ കുറുമ സമുദായത്തില്‍ നിന്ന് ആദ്യ ഫോറസ്റ്റ് റേഞ്ചറായി രമ്യ സ്ഥാനമേറ്റു. കാട് കാക്കാന്‍ വളയിട്ട കൈകള്‍ക്കു കഴിയുമെന്നു തെളിയിച്ച വയനാട്ടുകാരിയായ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള റേഞ്ചര്‍ എ ഷജ്‌നക്ക് പിന്നാലെയാണ് വയനാട്ടില്‍ നിന്നു തന്നെ വീണ്ടുമൊരു വനിത ആ തസ്തികയില്‍ എത്തിച്ചേരുന്നത്. കൂലിപ്പണിക്കാരായ മീനങ്ങാടി അമ്പലപ്പടി മന്ദത്ത് രാഘവന്റെയും കുഞ്ഞിലക്ഷ്മിയുടെയും മകളായ രമ്യ രാഘവന്‍ (26) ആണ് കഴിഞ്ഞ മെയ് 25ന് പേര്യ റേഞ്ചില്‍ ജോലിയില്‍ പ്രവേശിച്ചത്. ഒരുവര്‍ഷം പ്രബേഷന്‍ കാലമുള്ള ഇവര്‍ ഇപ്പോള്‍ വരയാല്‍ ഫോറസ്റ്റ് സ്‌റ്റേഷനിലാണ് ജോലി ചെയ്യുന്നത്. പൊതുവെ വിദ്യാഭ്യാസത്തില്‍ പിന്നില്‍ നില്‍ക്കുന്ന കുറുമ സമുദായത്തില്‍ നിന്ന് ആദ്യമായാണ് ഒരു സ്ത്രീ ഫോറസ്റ്റ് റേഞ്ചര്‍ പദവിയിലെത്തുന്നത്. രമ്യ പ്ലസ്ടു വരെ മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പഠിച്ചത്. പിന്നീട് മണ്ണുത്തി വെള്ളാനിക്കര ഫോറസ്റ്റ് കോളജില്‍ നിന്നു ബിഎസ്‌സി, എംഎസ്‌സി ഫോറസ്ട്രി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി ഇതോടെയാണ് വനംവകുപ്പില്‍ ജോലി ചെയ്യണമെന്ന ആഗ്രഹമുദിക്കുന്നത്. ഇതിനായി അപേക്ഷ നല്‍കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2015ല്‍ കോയമ്പത്തൂര്‍ വനം പരിശീലന അക്കാദമിയില്‍ പരിശീലനത്തിന് ചേര്‍ന്നു. ഒന്നര വര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതിനു ശേഷമാണ് വയനാട്ടില്‍ തന്നെ ജോലി ലഭിച്ചത്. മൂന്നു വനിതകളടക്കം 13 പേരാണ് രമ്യയ്‌ക്കൊപ്പം പരിശീലനം നേടിയത്. രണ്ടുപേര്‍ക്ക് പാലക്കാടും പുനലൂരുമാണ് നിയമനം. വന്യമൃഗങ്ങളെയെല്ലാം നേരിടേണ്ട ജോലിയായതിനാല്‍ അമ്മയ്ക്ക് പേടിയായിരുന്നുവെന്നും തന്റെ നിര്‍ബന്ധത്തിന് ഒടുവില്‍ അച്ഛനും അമ്മയും വഴങ്ങുകയായിരുന്നെന്നും രമ്യ പറഞ്ഞു. ആദിവാസികള്‍ കാടുമായി ഇഴകിച്ചേര്‍ന്നവരായതിനാല്‍ ഇവരുടെ സേവനം വകുപ്പിന് മുതല്‍ക്കൂട്ടാവുമെന്നാണ് മേലുദ്യോഗസ്ഥരുടെ പ്രതീക്ഷ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss