|    Jan 16 Mon, 2017 8:24 pm
FLASH NEWS

കുറുന്തോട്ടിക്കു വാതപ്പനി വന്നാല്‍

Published : 24th July 2016 | Posted By: SMR

slug-a-bനാട്ടിലെ നിയമവും ക്രമസമാധാനവും സംബന്ധിച്ച് ഏറ്റവുമധികം ധര്‍മബോധം പ്രകടിപ്പിക്കാറുള്ള രണ്ടുകൂട്ടരാണ് മാധ്യമങ്ങളും അഭിഭാഷകസമൂഹവും. നിയമവാഴ്ചയെ പൊക്കിപ്പിടിച്ചു വാ കീറുന്നതില്‍ രാഷ്ട്രീയക്കാര്‍ പോലും ഇവര്‍ക്കു പിന്നിലേ വരൂ. എന്നിരിക്കെ, ഈ രണ്ടു നീതികോവിദന്മാര്‍ കവലച്ചട്ടമ്പികളെപ്പോലെ തെരുവുതല്ലു നടത്താനിറങ്ങിയാലോ?
ഹൈക്കോടതിയിലെ ഒരു സര്‍ക്കാര്‍ വക്കീലിന്റെ പെണ്ണുകേസാണ് ക്ഷിപ്രപ്രകോപനം. പരാതി കിട്ടിയതും പോലിസുകാര്‍ പ്രതിയെ കൈയോടെ പൊക്കുന്നു. വക്കീല്‍ബുദ്ധി വച്ച് പ്രതി ഉടനെ വാദിയുമായി കോംപ്രമൈസ് ഫോര്‍മുലയുണ്ടാക്കി ഹൈക്കോടതിക്കു നല്‍കുന്നു. കൂട്ടത്തില്‍, തന്നെ പിടികൂടിയ പോലിസുകാരനെ കെണിയിലാക്കുന്ന പരാതിയും കൊടുക്കുന്നു. പോലിസുകാരന്‍ വിടുമോ? വാദിയെക്കൊണ്ട് മജിസ്‌ട്രേറ്റിനു മുന്നില്‍ 164 പ്രകാരമുള്ള രഹസ്യ സത്യവാങ്മൂലം കൊടുപ്പിക്കുകയായി. ഹൈക്കോടതി മുമ്പാകെയിരിക്കുന്ന കേസുകെട്ടിന്മേല്‍ തീര്‍പ്പ് വരുംമുമ്പ് പോലിസുകാരന്‍ കാണിച്ച ഈ അതിക്രമം പോരാഞ്ഞ് മേല്‍പ്പറഞ്ഞ കോംപ്രമൈസ് ഫോര്‍മുലയുടെ രേഖയും വാദിയുടെ സത്യവാങ്മൂലവും വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുന്നു. പീഡനക്കേസിലെ ഇരയുടെ പേരുപോലും പുറത്തുവിടരുതെന്ന് കര്‍ശന നിയമമുള്ള നാട്ടിലാണ് രഹസ്യമൊഴിയുടെ ഈ സമ്പൂര്‍ണ സംപ്രേഷണം!
ഇപ്പറഞ്ഞ നഗ്നമായ കുറ്റകൃത്യവും വാദിയായ സ്ത്രീയോടുള്ള പച്ചയായ ക്രൂരകൃത്യവുമല്ല പുകിലായത്. മറിച്ച്, വക്കീലന്‍മാരുടെ സംഘടനയില്‍ ഈ കേസുകെട്ടിന്മേല്‍ ഭിന്നിപ്പുണ്ടെന്ന മട്ടില്‍ ഒരു പത്രത്തില്‍ വന്ന റിപോര്‍ട്ടാണ്. ടി പത്രം അതു തിരുത്തി, മാപ്പെഴുതിയെങ്കിലും വക്കീലന്‍മാരുടെ അരിശം അടങ്ങുന്നില്ല. പ്രതിയുടെ മുഖം ടിവിയില്‍ കാണിച്ചതും ബന്ധപ്പെട്ട ഒത്തുകളിയുടെ രേഖ പ്രകാശിപ്പിച്ചതുമൊക്കെ ടിയാന്മാരെ സംബന്ധിച്ച് അക്ഷന്തവ്യമായ പാതകങ്ങളാണ്.
ഹൈക്കോടതി വക്കീലന്‍മാര്‍ തുടര്‍ന്ന് കാട്ടിയത് തിണ്ണമിടുക്കായിരുന്നു. നമ്മുടെ രാജ്യത്തുള്ളത് തുറന്ന കോടതികളാണ്. ആര്‍ക്കും കയറിച്ചെല്ലാം. എന്നുവച്ച് നാട്ടുകാര്‍ക്കെല്ലാം കൂടി അവിടെ ചെന്ന് നടപടികള്‍ കാണാന്‍ പ്രായോഗിക പ്രയാസമുണ്ട്. അതുകൊണ്ടാണ് നാട്ടുകാര്‍ക്കുവേണ്ടി മാധ്യമപ്രതിനിധികള്‍ കോടതി റിപോര്‍ട്ടിങ് നടത്തുന്നത്. പത്രക്കാര്‍ കോടതിയില്‍ പോവുന്നതു നടപടികള്‍ അറിയാനുള്ള പൗരാവകാശത്തിന്റെ നടത്തിപ്പിനാണ്. വക്കീലന്മാര്‍ പോവുന്നത് സ്വന്തം കക്ഷികളുടെ കേസ് നടത്തിപ്പിനും. അല്ലാതെ ഈ രണ്ടുകൂട്ടര്‍ക്കും കോടതിവളപ്പ് കുടുംബസ്വത്തൊന്നുമല്ല. ഇതില്‍ ഒരുകൂട്ടര്‍ മറ്റേ കൂട്ടരേക്കാള്‍ ഇമ്മിണി ബല്യ കോടതിക്കാരാണെന്ന വിചാരഗതിയില്‍നിന്നാണു തിണ്ണമിടുക്കിന്റെ ഉദ്ഭവം.
ഉടനെ ടെലിവിഷന്‍ റിപോര്‍ട്ടര്‍മാരും ആങ്കര്‍മാരും വികാരവിശ്വംഭരന്‍മാരായിക്കൊണ്ട് അവരുടെ തിണ്ണമിടുക്കു കാട്ടി. ടിവി ചര്‍ച്ചയാണല്ലോ ടിയാന്‍മാരുടെ തിണ്ണ. അതിലിരുന്ന് കോട്ടിട്ട ക്രിമിനലുകള്‍, തെമ്മാടികള്‍ എന്നുവേണ്ട ഭീകരപ്രവര്‍ത്തകര്‍ എന്നുവരെ വക്കീലന്‍മാരെ ആവേശത്തോടെ വിളിച്ചു. യുഎപിഎ ചുമത്തേണ്ട ഭീകരപ്രവര്‍ത്തനമാണ് വഞ്ചിയൂര്‍ കോടതിവളപ്പില്‍ നടന്നതെന്നുപോലും ഒരു ടിവി നങ്കൂരന്‍ വിടുവായടിക്കുന്നതു കേട്ടു.
ടെലിവിഷന്റെ വരവിനു മുമ്പ് കോടതി വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ നാട്ടിലെ പത്രങ്ങള്‍ സാമാന്യം തരക്കേടില്ലാത്ത സൂക്ഷ്മത പുലര്‍ത്തിയിരുന്നു. നേരിട്ട് റിപോര്‍ട്ട് ചെയ്യുന്നവര്‍ തന്നെ കാര്യവിവരമുള്ള അഭിഭാഷകരുടെ സേവനം തേടിയിരുന്നു. എന്നാല്‍, പുതിയകാലത്ത് ആര്‍ക്കും കൈവീശിച്ചെന്ന് എന്തും റിപോര്‍ട്ട് ചെയ്തുകളയാം എന്നൊരു ധാരണ വ്യാപകമായി. ചാനല്‍ മല്‍സരം മൂത്തതോടെ സിനിമാസെറ്റിലെ നീക്കുപോക്കുകള്‍ റിപോര്‍ട്ട് ചെയ്യുംമാതിരിയായി കോടതി വൃത്താന്തം. ഒരു ഹരജി കേള്‍ക്കുന്നതിനിടെ ജഡ്ജിമാര്‍ നടത്തുന്ന പാസിങ് കമന്റ് തൊട്ട് ജഡ്ജിയുടെ ‘ശരീരഭാഷ’ വരെ ഏതാണ്ടൊരു മഹാകാര്യമായി റിപോര്‍ട്ട് ചെയ്യുന്ന ഊളത്തരത്തിലേക്ക് കാര്യങ്ങളെത്തി. പല അവതാരകരും സ്വയം ജഡ്ജിവേഷം കെട്ടി ‘ഹമ്പട ഞാനേ’ കളിക്കുന്നു. ഈ പിള്ളേരുകളിയില്‍ കൊടികെട്ടിയ പല വക്കീലന്‍മാരും പങ്കാളികളായിക്കൊടുക്കുന്നു എന്നതാണ് മറ്റൊരു ഫലിതം.
പുതിയ കൂട്ടരുടെ അവിവേകവും സംശുദ്ധമായ വിവരക്കേടും തിരുത്താന്‍ മാധ്യമസ്ഥാപനങ്ങളിലെ മുതിര്‍ന്ന തലമുറ തയ്യാറാവുന്നില്ല എന്നതാണ് മറ്റൊരു ഘടകം. മാധ്യമ മല്‍സരത്തിന്റെ അങ്ങാടിപ്പൂരത്തില്‍ അവരും ഗത്യന്തരമില്ലാതെ വഴങ്ങിക്കൊടുക്കുന്നതിന്റെ ചേതം. അറിവുള്ളവന്‍ മിണ്ടുന്നില്ലെങ്കില്‍, അതില്ലാത്തവന്‍ മുണ്ടഴിച്ചു തലയില്‍ കെട്ടും. തങ്ങള്‍ സവിശേഷ പ്രിവിലേജുള്ള ഒരു വരേണ്യവര്‍ഗമാണെന്ന അവരുടെ വിചാരഗതിക്കു കിട്ടിയ ഷോക്കല്ലേ കോടതിവളപ്പിലെ തല്ല്? അല്ലെങ്കില്‍ പിന്നെ ഈ വിഷയത്തിന്‍മേല്‍ സമനില തെറ്റിയുള്ള തിണ്ണമിടുക്കിന് സംഭവാനന്തരം അവര്‍ മുതിരുമോ? വിഷയവിവരക്കേടു തൊട്ട് സ്വന്തം നിലയെക്കുറിച്ച മിഥ്യാധാരണ വരെ ചേര്‍ന്നുണ്ടാക്കിയ ഒരു സന്നിപാതജ്വരത്തിന്റെ വ്രണംപൊട്ടല്‍ കൂടിയാണ് ഇപ്പോഴത്തെ പുകില്.
ഇതൊക്കെ പത്രക്കാരുടെ ബാലിശതകൊണ്ട് ഉണ്ടായതാണെന്നു പറഞ്ഞ് ഞെളിയാന്‍ വക്കീല്‍ഗണത്തിനും പറ്റില്ല. അവരുടെ തിണ്ണമിടുക്ക് മ്ലേച്ഛതയില്‍ സന്നതെടുക്കുന്ന കാഴ്ച ഇതാദ്യമല്ല. വഞ്ചിയൂര്‍ കോടതിവളപ്പില്‍ തന്നെ പോലിസിനോട് ഏറ്റുമുട്ടിയ വക്കീല്‍ വീരഗാഥയ്ക്ക് അത്ര പഴക്കമില്ല. എന്തിനേറെ, സാക്ഷാല്‍ സുപ്രിംകോടതിയില്‍ ജെഎന്‍യു പിള്ളേരെയും മാഷുമാരെയും ചവിട്ടിക്കൂട്ടുന്ന നിയമകേസരികളെ രാജ്യം കണ്‍കുളിര്‍ക്കെ കണ്ടതല്ലേ?
കോടതി ബഹിഷ്‌കരണം എന്ന കുറുവടിയാണ് വക്കീലന്‍മാരുടെ തിണ്ണമിടുക്കിലെ അടുത്തയിനം. ഫാക്ടറി തൊഴിലാളിയോ ഓട്ടോ തൊഴിലാളിയോ പണിമുടക്കുംപോലെയുള്ള അവകാശസമരമാണോ ഇത്? ഒന്നാമത്, കോടതിയുടെ തൊഴിലാളിയല്ല വക്കീല്‍. പൗരന്‍മാരുടെ കേസ് കോടതി മുമ്പാകെ അവതരിപ്പിക്കാന്‍ പ്രാതിനിധ്യ ചുമതല ഏല്‍പിച്ചുകിട്ടുന്ന ഇടനിലക്കാരന്‍ മാത്രമാണ്. ദല്ലാള് കയറി കല്യാണം മുടക്കുന്ന കന്നന്തിരിവല്ലേ പൗരാവലിയുടെ വ്യവഹാരനടത്തിപ്പിനു ഭംഗംവരുത്തുന്ന കോടതി ബഹിഷ്‌കരണം? സത്യത്തില്‍ ഇങ്ങനെയൊരു പണിമുടക്കിനുള്ള അവകാശം നിയമഗത്യാ വക്കീലന്‍മാര്‍ക്കില്ല. നീതിപീഠങ്ങളുടെ ദാക്ഷിണ്യത്തിന്റെയും പൗരാവലിയുടെ മൗനത്തിന്റെയും ചെലവിലാണ് ഈ താന്തോന്നിത്തം വച്ചുനടത്തുന്നത്. എന്താണ് ഇതിനര്‍ഥം? നീതിന്യായനിര്‍വഹണത്തിന് ജുഡീഷ്യറിയെയും പൗരാവലിയെയും സഹായിക്കാന്‍ ബാധ്യസ്ഥരായവര്‍ (ടി ബാധ്യത അവര്‍ സ്വയമേറ്റെടുത്തതാണ്- ഈ പണിക്കിറങ്ങുക വഴി) അതിനു കടകവിരുദ്ധമായ നിലപാടെടുക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ കോടതി റിപോര്‍ട്ടിങില്‍ പിശകുപറ്റുന്ന പത്രക്കാരനെക്കാള്‍ പതിന്‍മടങ്ങ് കുറ്റകൃത്യമാണ് വക്കീല്‍ ചെയ്യുന്നത്. പത്രക്കാരന് പിറ്റേന്നു തിരുത്താം. ബഹിഷ്‌കരിച്ച വ്യവഹാരദിനങ്ങള്‍ മടക്കിത്തരാന്‍ വക്കീലിനു പറ്റുമോ?
രണ്ടുകൂട്ടരുടെയും സ്വകീയനിലകളിലുള്ള നെഗളിപ്പാണു നടന്നിരിക്കുന്നത്. അതിന്റെ മര്‍മമാവട്ടെ രണ്ടുകൂട്ടര്‍ക്കും അവരവരുടെ യഥാര്‍ഥ നിലയും സ്വന്തം പണിയുടെ ഭരണഘടനാ വിവക്ഷയും സംബന്ധിച്ച വകതിരിവില്ലായ്മ. രസമതുമല്ല. ഇപ്പറഞ്ഞ രണ്ടുകൂട്ടരുമാണ് സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്കുമേല്‍ വികാരം മാറ്റിവച്ച് വിവേകചിന്ത പ്രവര്‍ത്തിപ്പിക്കാന്‍ തൊഴില്‍പരമായി ബാധ്യസ്ഥരായവര്‍. അത്തരക്കാര്‍ക്ക് വികാരഭ്രാന്ത് പിടിക്കുമ്പോള്‍ വീണ്ടും തോല്‍ക്കുന്നത് പൗരാവലി തന്നെ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 85 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക