|    May 26 Sat, 2018 6:09 am

കുറുന്തോട്ടയം പാലം ഗതാഗതത്തിന്എന്ന് തുറക്കുമെന്ന് മാത്യു ടി തോമസ്

Published : 28th November 2016 | Posted By: SMR

പത്തനംതിട്ട: എംസി റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി പുനര്‍നിര്‍മിക്കുന്ന പന്തളം കുറുന്തോട്ടയം പാലം ഗതാഗതത്തിനായി എന്ന് തുറക്കുമെന്ന് മന്ത്രി മാത്യു ടി തോമസ്. ജില്ലാ വികസന സമിതി യോഗത്തിലാണ് മന്ത്രി തനിക്കുള്ള ഉത്്കണ്ഠ പങ്കു വച്ചത്. ഡിസംബര്‍ 14ന് തുറന്നുകൊടുക്കാനാവുമെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മറുപടി പറഞ്ഞു. ശബരിമല തീര്‍ഥാടനം നടക്കുന്ന സാഹചര്യത്തില്‍ കുന്നാറില്‍ ജലം കുറഞ്ഞാല്‍ സന്നിധാനത്ത് ആവശ്യമായ ജലം ശരംകുത്തിയില്‍ നിന്ന് എത്തിക്കാന്‍ ജലവിഭവ വകുപ്പിന് സാധിക്കുമോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. മാരാമണ്‍, ചെറുകോല്‍പ്പുഴ കണ്‍വന്‍ഷനുകള്‍ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ വിലയിരുത്തണം. തിരുവല്ല സര്‍ക്കാര്‍ ആശുപത്രി കെട്ടിടത്തിന്റെ ബാക്കിയുള്ള ഇലക്ട്രിക്കല്‍ പണി ഉടന്‍ പൂര്‍ത്തിയാക്കണം. ഒരാഴ്ചയ്ക്കുള്ളില്‍ വൈദ്യുതി മീറ്റര്‍ വാങ്ങി സ്ഥാപിക്കണം. മല്ലപ്പള്ളി ആയുര്‍ദേവ ആശുപത്രിയുടെ പണി വേഗത്തിലാക്കണം. തിരുവല്ല ആയുര്‍വേദ ആശുപത്രിയുടെ പണി ഉടന്‍ ടെന്‍ഡര്‍ ചെയ്യണം. തോട്ടഭാഗത്തും പൊടിയാടിയിലും ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിക്കണം. ആലംതുരുത്തി-കുത്തിയം റോഡിന്റെ കുഴികള്‍ അടയ്ക്കാന്‍ നടപടി സ്വീകരിക്കണം. ഇടിഞ്ഞില്ലം മുതലുള്ള എംസി റോഡിലെ പണി കെഎസ്ടിപി വേഗത്തിലാക്കണം.     ആറന്‍മുളയില്‍ വള്ളംകളി നടക്കുന്ന സ്ഥലത്തെ മണ്‍പുറ്റ് നീക്കം ചെയ്യുന്നതിന് ശാശ്വത പരിഹാരം വേണമെന്നും വള്ളംകളിക്കുള്ള ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങണമെന്നും ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. മണ്‍പുറ്റ് നീക്കുന്നത് സംബന്ധിച്ച് ഇറിഗേഷന്‍ വകുപ്പ് പഠനം നടത്തണം. ഡിസംബറില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകണം. എംഎല്‍എമാരുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് യോഗം വിളിക്കണം. തിരുവല്ല റെയില്‍വേ സ്റ്റേഷനിലെ സിമന്റ് യാര്‍ഡില്‍ സ്വീകരിക്കേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ റെയില്‍വേ പാലിച്ചില്ലെങ്കില്‍ കേസെടുക്കണമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട കലക്ടറേറ്റില്‍ നിന്ന് പുറത്തേക്ക് വരുന്ന റോഡിന്റെ വീതി കൂട്ടുന്നത് സംബന്ധിച്ച് പൊതുമരാമത്ത് കെട്ടിട വിഭാഗം, പത്തനംതിട്ട നഗരസഭ, റവന്യു വകുപ്പ് എന്നിവര്‍ സംയുക്ത പരിശോധന നടത്തണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ നിര്‍ദേശിച്ചു. ഇതിനായി എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ ഉറപ്പ് നല്‍കി. കലക്ടറേറ്റിന്റെ സുരക്ഷ സംബന്ധിച്ച് ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചുറ്റുമതില്‍ നിര്‍മിക്കുന്നത് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം പരിശോധിക്കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുന്നത് സംബന്ധിച്ച് എംഎല്‍എമാരുടെ നേതൃത്വത്തില്‍ വിശദ ചര്‍ച്ച നടത്താനും വികസന സമിതി തീരുമാനിച്ചു. എഡിഎം അനു എസ് നായര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കമലാസനന്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss