|    Jul 26 Wed, 2017 4:22 pm
FLASH NEWS

കുറിക്കമ്പനി കോടികള്‍ തട്ടി മുങ്ങിയെന്നു പരാതി; പണം നഷ്ടപ്പെട്ടവര്‍ നിരവധി

Published : 30th September 2016 | Posted By: Abbasali tf

തൃശൂര്‍: പൂത്തോള്‍ റോഡിലെ എഎംഎ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന റോളണ്ട് കുറീസ് പ്രൈവറ്റ് ലിമിറ്റഡ് നൂറിലേറെ പേരില്‍ നിന്ന് രണ്ടുകോടിയിലേറെ പണം പിരിച്ചെടുത്ത് വഞ്ചിച്ചതായി പണം നഷ്ടപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ചെയര്‍മാന്‍ എളത്തോളി സുരേഷ് ബാബു, മാനേജിങ് ഡയറക്ടര്‍ നാരങ്ങളില്‍ അനില്‍നാഥ്, ഡയറക്ടര്‍ ചുള്ളിപ്പറമ്പില്‍ ജയജിത്ത് എന്നിവര്‍ ചേര്‍ന്നാണ് കുറിക്കമ്പനിനടത്തുന്നത്. പോലിസില്‍ പരാതി നല്‍കിയപ്പോള്‍ ചെക്ക് നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങി. കുറിസംഖ്യ മുഴുവനായി അടച്ചു തീര്‍ത്തവര്‍ പണത്തിനായി കമ്പനിയില്‍ ചെന്നപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി മനസ്സിലായതെന്ന് പണം നഷ്ടപ്പെട്ടവരില്‍ ഒരാളായ ശ്രീജാ ഹരിദാസ് പറഞ്ഞു. ഇതേ തുടര്‍ന്ന് വെസ്റ്റ് പോലിസിനെ സമീപിച്ചെങ്കിലും കുറിക്കമ്പനിയുടമകള്‍ക്ക് സഹായകമായ വിധത്തില്‍ നിസംഗമായാണ് പോലിസ് പ്രതികരിച്ചതെന്നും അവര്‍ വ്യക്തമാക്കി. കുറിസംഖ്യ മുഴുവനായി അടച്ചുതീര്‍ത്തവരെ മാസങ്ങളോളം പണം കൊടുക്കാതെ വലച്ചു. ഒരു ലക്ഷത്തിലേറെ പണം നഷ്ടപ്പെട്ട നിരവധിപേര്‍ കേസും മറ്റും ഭയന്ന് പോലിസില്‍ പരാതി നല്‍കാന്‍ പോലും തയാറായിട്ടില്ല.  ഇടപാടുകാരെ വഞ്ചിച്ച് കോടികള്‍ തട്ടിയ കുറിക്കമ്പനിയുടമകള്‍ യാതൊരു സങ്കോചവുമില്ലാതെ പ്രദേശത്ത് വിലസി നടക്കുകയാണ്. വ്യാജചെക്ക് നല്‍കി കബളിപ്പിച്ച വിവരമറിഞ്ഞ് കുറി ഉടമകളുമായി ബന്ധപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്.  പണം തരാന്‍ പറ്റില്ലെന്നും നിങ്ങള്‍ പോയി കേസ് കൊടുത്തോളൂ എന്നുമാണ് അവര്‍ പറഞ്ഞത്. ഇനി കോടതിയെ സമീപിക്കുകയല്ലാതെ തങ്ങള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗമില്ല. കുറിക്കമ്പനിയുടെ വഞ്ചനക്കിരയായ രമേഷ്, ജിജോ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍   സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക