|    May 24 Wed, 2017 9:54 am
FLASH NEWS

കുര്‍ദ് മേഖലയില്‍ ഐഎസ് ആക്രമണം: 50 പേര്‍ കൊല്ലപ്പെട്ടു

Published : 28th July 2016 | Posted By: SMR

ദമസ്‌കസ്: വടക്കന്‍ സിറിയയില്‍ കുര്‍ദ് ഭൂരിപക്ഷമേഖലയിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 50ഓളം പേര്‍ കൊല്ലപ്പെട്ടു. 170ഓളം പേര്‍ക്കു പരിക്കേറ്റു. തുര്‍ക്കി അതിര്‍ത്തിക്കു സമീപം ഖാമിഷിയില്‍ നടന്ന ആക്രമണത്തില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കും മോട്ടോര്‍സൈക്കിളുമാണ് ഉപയോഗിച്ചതെന്ന് സിറിയയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. കുര്‍ദ് പോലിസിന്റെയും സര്‍ക്കാരിന്റെയും കെട്ടിടങ്ങള്‍ ലക്ഷ്യംവച്ചായിരുന്നു ആക്രമണമെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.
ഖാമിഷിയുടെ പ്രവിശ്യാ തലസ്ഥാനം ഹസാകയിലും ഹലബ് പ്രവിശ്യയിലും കുര്‍ദ് വിമതരെ ലക്ഷ്യമിട്ട് ഐഎസ് തുടരുന്ന ആക്രമണങ്ങളുടെ ഭാഗമാണിതെന്നും ഒബ്‌സര്‍വേറ്ററി വ്യക്തമാക്കി. മരണസംഖ്യ ഇനിയും ഉയരാമെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ആറു വര്‍ഷമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര സംഘര്‍ഷം പരിഹരിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ അടുത്തമാസം പുനരാരംഭിക്കുമെന്ന് സിറിയയിലെ യുഎന്‍ പ്രതിനിധി സ്റ്റഫാന്‍ ദെ മിസ്തുര അറിയിച്ചു. കഴിഞ്ഞ ദിവസം സ്വിസ് തലസ്ഥാനം ജനീവയില്‍ യുഎസ്, റഷ്യന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം തീരുമാനമായതായും ദെ മിസ്തുര അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day