|    May 28 Sun, 2017 8:52 pm
FLASH NEWS

കുരുന്നുകള്‍ക്ക് ആശ്ചര്യമായി പ്രവേശനോല്‍സവം

Published : 2nd June 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: ജില്ലാതല സ്‌കൂള്‍ പ്രവേശനോല്‍സവം നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്തിലെ മാതമംഗലം ഹൈസ്‌കുളില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അക്ഷരവെളിച്ചം തേടി കലാലയത്തിലെത്തിയ വിദ്യാര്‍ഥികളെ ജനപ്രതിനിധികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്നു സ്വീകരിച്ചു. ഗൃഹാന്തരീക്ഷത്തില്‍ നിന്നു പുതിയ ഒരു ലോകത്തേക്ക് വരുന്ന കൊച്ചുകുട്ടികളിലെ അപരിചിതത്വവും ഭയാശങ്കകളും മാറ്റി ഉല്‍സവാന്തരീക്ഷം സൃഷ്ടിച്ച് കലാലയവുമായി അടുപ്പിക്കുകയാണ് പ്രവേശനോല്‍സവത്തിന്റെ ലക്ഷ്യം.
തലയില്‍ വര്‍ണ്ണത്തൊപ്പിയും കൈയില്‍ ബലൂണുകളും മധുരപലഹാരവും ലഭിച്ചതോടെ കണ്ണീര്‍ത്തുള്ളികളുടെ ഒഴുക്ക് നിലച്ചു. പിന്നെ ആശ്വാസത്തിന്റെ നെടുവീര്‍പ്പ്. അതുകഴിഞ്ഞ് സഹപാഠികളോട് കുശലം. വീറും വാശിയും ഉപേക്ഷിച്ച് നല്ലപിള്ള ചമഞ്ഞിരുന്ന ചിലര്‍ അല്‍പ്പം കഴിഞ്ഞപ്പോള്‍ വാവിട്ട് കരഞ്ഞു. ഇന്നലെ ജില്ലയിലെ സ്‌കൂളുകളില്‍ വിപുലമായി നടത്തിയ പ്രവേശനോല്‍സവത്തിലെ ചില കാഴ്ചകളാണിത്. ജില്ലയിലെ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ത്രിതല പഞ്ചായത്തുകള്‍ ഒന്നിച്ച് പരിശ്രമിക്കണമെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് അധ്യാപകരും രക്ഷിതാക്കളും ഒരു പോലെ പ്രവര്‍ത്തിക്കണം.
നിരാംലംബരായവര്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനും സുരക്ഷിതത്വം ഒരുക്കുന്നതിനും നടപടികളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി നിര്‍മിച്ച ഹൈസ്‌കുള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് പ്രവേശനോല്‍സവ കിറ്റ് വിതരണം ചെയ്തു.
വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ എ ദേവകി, വികസനകാര്യ ചെയര്‍പേഴ്‌സണ്‍ കെ മിനി, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ അനില തോമസ്, ഡിഡിഇ സി രാഘവന്‍, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ എം ഉണ്ണികൃഷ്ണന്‍, എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ. ടി അബാസലി, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു മനോജ്, ബ്ലോക്ക് അംഗം നസീറ ഇസ്മായില്‍, എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ കെ എം മൊയ്തീന്‍ കുഞ്ഞി, പഞ്ചായത്ത് അംഗങ്ങളായ വി ബാലന്‍, അനിത വിനോദ്, സി അനില്‍, കനകമണി, ബിപിഒ എം കെ സുന്ദര്‍ലാല്‍, പ്രധാനാധ്യാപകരായ സി കെ ഹൈദ്രോസ്, കെ വി ബാബു, പിടിഎ വൈസ് പ്രസിഡന്റ് എം ഭാസ്‌കരന്‍, സബിത ബിജു, എ വി സന്തോഷ്‌കുമാര്‍, സി ഭാസ്‌കരന്‍, കെ എല്‍ പൗലോസ്, എന്‍ ഷറഫുദ്ദീന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day