|    May 28 Sun, 2017 6:30 am
FLASH NEWS

കുരുതിക്കളമായത് സ്‌കൂള്‍ മുറ്റം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Published : 1st October 2016 | Posted By: Abbasali tf

മലപ്പുറം: മലപ്പുറം ഗേള്‍സ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിനെ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തിയത് ഡ്രൈവറുടെ  അവസരോചിത ഇടപെടല്‍. സ്‌കൂള്‍ ബസ് രക്ഷിതാക്കളടക്കം അമ്പതോളം പേരെയും വഹിച്ച് നൂറുമീറ്റര്‍ പിന്നട്ടപ്പഴേക്കും സ്‌കൂള്‍ മുറ്റത്തെ കണ്ണീരിലാഴ്ത്തിയ അപകടത്തിനിടയാക്കി.  ഇന്നലെ വൈകീട്ട് നാലുമണിയോടെ സ്‌കൂള്‍ ബസ് ഓഡിറ്റോറിയത്തിനടുത്ത് നിന്ന് പുറപ്പെട്ട ഉടനെ തന്നെ ബസ്സിന്റെ എയര്‍ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. ബസ് ഡ്രൈവര്‍ ബ്രേക്ക് നഷ്ടപ്പെട്ടതറിഞ്ഞ് കുട്ടികള്‍ക്ക് അപകട സൂചന നല്‍കുകയും മനക്കരുത്ത് വീണ്ടെടുത്ത് കോമ്പൗണ്ടിനകത്ത് റോഡിനോട് ചാരിയുള്ള മരത്തില്‍ ബസ് ഇടിപ്പിച്ചു നിര്‍ത്തുകയായിരുന്നു. മലപ്പുറം നഗരത്തിനൊത്ത നടുക്കുള്ള സ്‌കൂളില്‍ നിന്നും വാഹന തിരക്കുള്ള ഹൈവേയിലേക്ക് പ്രവേശിക്കുന്നതിനു മീറ്ററുകള്‍ക്കു മുന്‍പാണ് ബസ് ഇടിച്ചു നിന്നത്. ബസ് മരത്തിലിടിച്ചു നിന്നിട്ടില്ലായിരുന്നുവെങ്കില്‍ പ്രധാന കവാടത്തിനു മുന്നില്‍ വാഹനങ്ങളെ കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഇടിച്ചു തെറിപ്പിച്ച വന്‍ ദുരന്തത്തെ വിളിച്ചു വരുത്തുമായിരുന്നു. ഇന്നലെ സ്‌കൂളില്‍ രക്ഷിതാക്കളുടെ യോഗമായിരുന്നു. ഇതിനാല്‍ കുട്ടികളോടൊപ്പം രക്ഷിതാക്കളും സ്‌കൂള്‍ വിടുന്ന സമയത്ത് കോമ്പൗണ്ടിനകത്തുണ്ടായിരുന്നു. സ്‌കൂളില്‍ നിന്നും റോഡിലേക്ക് നടന്നു വരുന്ന കുട്ടികളാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ മരിച്ച സിത്താര പര്‍വിനും മാതാവ് ഷാനിബയും പ്രധാന റോഡിലേക്ക് നടന്നു വരികയായിരുന്നു. വലിയ ശബ്ദത്തോടെ ബസ് വരുന്നതറിഞ്ഞ് കുട്ടികള്‍ പരക്കം പാഞ്ഞെങ്കിലും ഇടതു വശത്തുകൂടി നടക്കുകയായിരുന്നവരാണ് അപകടത്തില്‍പെട്ടത്. ഇടതുവശത്ത് സ്‌കൂള്‍ മതിലായിരുന്നതിന്‍ കുട്ടികള്‍ക്ക് എങ്ങോട്ടും ഓടാന്‍ കഴിഞ്ഞില്ല. ഉമ്മയുടെ കണ്‍മുന്നില്‍വച്ചാണ് സിതാരക്ക് അപകടത്തില്‍ ഗുരുതര പരിക്കേല്‍ക്കുന്നത്. ബസ് തട്ടി ഒരു രക്ഷിതാവിന്റെ സ്‌കൂട്ടറും പാടെ തകര്‍ന്നിട്ടുണ്ട്. അപകട സമയത്ത് സ്‌കൂള്‍ വളപ്പിനകത്തും പ്രധാന കവാടത്തിനകത്തും നൂറുകണക്കിനു വിദ്യാര്‍ഥികളാണുണ്ടായിരുന്നത്. അപകടം കണ്ട് ചിലവിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണു. നാട്ടുകാരും പ്രദേശത്തെ കച്ചവടക്കാരും ഓടിയെത്തിയാണ് പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രികളിലെത്തിച്ചത്.ജില്ലാ കലക്ടര്‍ ഷൈനമോള്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല,ആര്‍ടിഒ കെ എം ഷാജി അപകട സ്ഥലവും പരിക്കേറ്റ വിദ്യാര്‍ഥികളെയും സന്ദര്‍ശിച്ചു.അപകട കാരണത്തെക്കുറിച്ച് കലക്ടര്‍ സ്‌കൂള്‍ പ്രധാനധ്യാപകനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day