|    Dec 17 Sun, 2017 12:25 am
FLASH NEWS

കുരീപ്പുഴ ടര്‍ക്കി ഫാമില്‍ പുതിയ ഇനം ടര്‍ക്കിക്കോഴികള്‍

Published : 21st November 2015 | Posted By: SMR

കാവനാട്: പുതിയ ഇനത്തിലുള്ള ടര്‍ക്കി കോഴിക്കുഞ്ഞുങ്ങളെ കുരീപ്പുഴ ഫാമില്‍ വളര്‍ത്തി തുടങ്ങി. ഏഷ്യായിലെ ഏറ്റവും പ്രമുഖ ടര്‍ക്കിഫാമായ കുരീപ്പുഴ റീജിയണല്‍ ടര്‍ക്കി കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പുതിയ ഇനത്തിലുള്ള ടര്‍ക്കികോഴി കുഞ്ഞുങ്ങളെ വളര്‍ത്തി തുടങ്ങിയിരിക്കുന്നത്. പത്തു മാസങ്ങള്‍ക്ക് മുമ്പ് കുരീപ്പുഴ ടര്‍ക്കി ഫാമില്‍ പക്ഷിപ്പനി ബാധയുണ്ടായി. അതിനെ തുടര്‍ന്ന് ഇവിടെ ഏറെക്കാലങ്ങളായി വളര്‍ത്തി വന്നിരുന്ന ലാര്‍ജ് വൈറ്റ്, ബ്രോണ്‍സ് ഇനത്തില്‍പ്പെട്ട കുറേ ടര്‍ക്കി കോഴികള്‍ ചത്തിരുന്നു. പക്ഷിപ്പനി മൂലമാണ് അവകള്‍ ചത്തതെന്ന് കണ്ടെത്തി. തുടര്‍ന്ന് രോഗം പകരാതിരിക്കാനായി ഇവിടെ വളര്‍ത്തിവന്ന 8246 ടര്‍ക്കികോഴികളേയും കുഞ്ഞുങ്ങളേയും മുഴുവന്‍ കൊന്നൊടുക്കി തീയിട്ട് നശിപ്പിച്ചിരുന്നു. വീണ്ടും പക്ഷിപ്പനി ബാധിക്കാതിരിക്കാനായി എല്ലാ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തുകയും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് എട്ടുമാസത്തോളം ഫാം അടച്ചുപൂട്ടിയിട്ടിരുന്നു. എന്നാല്‍ ടര്‍ക്കിഫാമിലെ ഇത്രയേറെ ടര്‍ക്കികോഴികള്‍ ചത്തിട്ടും പരിസരപ്രദേശങ്ങളിലെ വീടുകളില്‍ വളര്‍ത്തിവന്നിരുന്ന കോഴി, താറാവ്, തത്ത, ചെറുപക്ഷികള്‍ ഒന്നുപോലും ചാകാത്തത് ഏറെ വിവാദത്തിന് കാരണമായിരുന്നു. അടുത്തിടെ അമേരിക്കയില്‍ നിന്നും ബെന്‍സ്‌വില്‍ എന്ന പേരിലുള്ള ടര്‍ക്കികോഴി മുട്ടകള്‍ തമിഴ്‌നാട് വെറ്റനറി സര്‍വകലാശാലയില്‍ എത്തിച്ചിരുന്നു. അവിടെ മുട്ട വിരിയിച്ച് വളര്‍ത്തി വന്നിരുന്ന 275 ടര്‍ക്കികോഴികുഞ്ഞുങ്ങളെയാണ് കുരീപ്പുഴ ടര്‍ക്കിഫാമിലെത്തിച്ച് വളര്‍ത്തിവരുന്നത്. ഇപ്പോള്‍ വളര്‍ന്നുവരുന്ന ടര്‍ക്കികോഴികുഞ്ഞുങ്ങള്‍ എട്ടുമാസമാകുമ്പോള്‍ മുട്ടയിട്ട് തുടങ്ങുമെന്ന് കരുതുന്നു. അങ്ങനെ മുട്ടകളിട്ട് തുടങ്ങുമ്പോള്‍ അതില്‍നിന്ന് മുന്തിയ 200ഓളം പിടകളെ തിരഞ്ഞെടുത്ത് വളര്‍ത്താനാണ് തല്‍ക്കാലം ശ്രമിക്കുന്നത്. ഇങ്ങനെ വളര്‍ത്തിവരുന്ന ടര്‍ക്കിയില്‍നിന്ന് 12000ത്തോളം മുട്ടകള്‍ കിട്ടുന്ന മുറയ്ക്ക് പൂവന്‍ ഇനത്തില്‍പ്പെട്ട ടര്‍ക്കികോഴികളെ ഇറച്ചിക്കായും പിടകളെ മുട്ട ഉല്‍പ്പാദനത്തിനുമായ് ആദ്യം പ്രയോജനപ്പെടുത്തമെന്നാണ് ജീവനക്കാര്‍ അധികൃതരുടെ പദ്ദതി. ഇപ്പോള്‍ മുട്ടകുഞ്ഞുങ്ങളാകയാല്‍ പിടയേയും പൂവനേയും തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ശരിക്കും തിരിച്ചറിയണമെങ്കില്‍ കുറഞ്ഞത് നാലുമാസമെങ്കിലും വേണ്ടുവരുമെന്നാണ് പറയുന്നത്.
ടര്‍ക്കികോഴികള്‍ പിടയും പൂവനും തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ അഞ്ച് പിടയ്ക്ക് ഒരു പൂവന്‍ മതിയാവും. ബാക്കിവരുന്നവകളെ ഇറച്ചിക്കായി വില്‍ക്കാനാണ് ശ്രമം. നേരത്തേയിവിടെ വളത്തിവന്നിരുന്ന ലാര്‍ജ് വൈറ്റ് ബ്രോണ്‍സ് ടര്‍ക്കിയിനത്തില്‍പ്പെട്ട ടര്‍ക്കികോഴികളുടെ ഇറച്ചിക്ക് ഏറെ കട്ടിയുണ്ടായിരുന്നു. എന്നാലിപ്പോള്‍ വളര്‍ത്തുന്ന കോഴിയുടെ ഇറച്ചി മൃദുവും പോഷകസമൃദ്ധവുമാണെന്ന് പറയുന്നു. വളര്‍ന്നുവരുന്ന പൂവന് കുറഞ്ഞത് എട്ടുകിലോയും പിടയ്ക്ക് അഞ്ചുകിലോയും തൂക്കം കാണും. ടര്‍ക്കിഫാമിലെ അസിസ്റ്റന്റ് ഡയറക്ടറും വെറ്റനറി സര്‍ജന്മാരുടേയും നേതൃത്വത്തില്‍ അതീവശ്രദ്ധയോടെയാണ് ഇവകളെ വളര്‍ത്തുന്നത്. ഫാമില്‍ അണുബാധയുണ്ടാവുമെന്ന് പറഞ്ഞ് പൊതുജനങ്ങളുടെ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. പുതുതായി പണിത ഫാമിലെ പ്രത്യേക ബ്ലോക്കിലാണ് ഇവകളെ പാര്‍പ്പിച്ചിരിക്കുന്നത്. വിദേശ ജനുസായതിനാല്‍ ഭക്ഷണക്രമത്തിലും മാറ്റങ്ങളുണ്ട്. ചെറിയ ഉള്ളി കൊത്തിയരിഞ്ഞതും മുരിങ്ങയിലയും പപ്പായയുമാണ് ഭക്ഷണമായി നല്‍കുന്നത്. ഒരുവാള്‍ട്ട് വൈദ്യുതി ബള്‍ബിന്റെ ചൂടിലാണ് സംരക്ഷണം. ഇതിന്റെ മുട്ടയും ഇറച്ചിയും കേരളീയര്‍ക്ക് ഏറ്റവും പ്രിയങ്കരമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് മൃഗസംരക്ഷണ വകുപ്പിന്റെ ഫാം അധികൃതര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss