|    Dec 16 Sat, 2017 12:56 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കുരികേശ് മാത്യുവിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍; മെഡലണിഞ്ഞത് കേരള ഫുട്‌ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍

Published : 15th August 2016 | Posted By: SMR

ടി പി ജലാല്‍

മഞ്ചേരി: മലപ്പുറം എംഎസ്പിയിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് കുരികേശ് മാത്യുവിന് രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡല്‍ ലഭിച്ചത് 31 വര്‍ഷത്തെ പോലിസ് സേവനത്തിനാണെങ്കിലും അറിയപ്പെടുന്നത് ഫുട്‌ബോള്‍ താരമായാണ്. 20 തവണ പോലിസ് സേവനമേഖലയില്‍ ഗുഡ് സര്‍വീസ് എന്‍ട്രി(ജിഎസ്ഇ) ലഭിച്ചതാണ് കുരികേശിനെ മെഡലിന് അര്‍ഹനാക്കിയത്.
കേരളത്തിലെ സേവനത്തിനു പുറമേ ഡല്‍ഹി, മധ്യപ്രദേശ്, തമിഴ്‌നാട്, ബംഗളൂരു, ബിഹാര്‍ എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ പങ്കെടുത്തിട്ടുണ്ട്. 1963 ജൂലൈ 29ന് കൊല്ലം കൊട്ടാരക്കര മുകള്‍വിള പുത്തന്‍വീട്ടില്‍ തോമസ് മത്തായിയുടെയും കുഞ്ഞമ്മയുടെയും 11 മക്കളില്‍ ഒമ്പതാമനായാണ് ജനനം. 1985ലാണ് കുരികേശ് മാത്യു തൃശൂര്‍ ആംഡ് പോലിസില്‍ എഎസ്‌ഐ ആയി ആദ്യ നിയമനം നേടുന്നത്. പിന്നീട് 1988ല്‍ മലപ്പുറം എംഎസ്പിയില്‍ എസ്‌ഐയായി പ്രമോഷന്‍ ലഭിച്ചു. 1990ല്‍ തിരുവനന്തപുരം എസ്എടിയില്‍ സിഐയും 1998ല്‍ അസിസ്റ്റന്റ് കമാന്‍ഡന്റായും പ്രമോഷന്‍ ലഭിച്ചു. 2003 വരെ അടൂരിലും കണ്ണൂരിലും അസിസ്റ്റന്റ് കമാന്‍ഡന്റായി. തുടര്‍ന്ന് കുരികേശ് 2011ല്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് തസ്തികയിലേക്കുയര്‍ന്നു.
പത്തനംതിട്ടയിലായിരുന്നു ആദ്യ നിയമനം.  1970ല്‍ സബ്ജൂനിയര്‍ കേരള ടീമിന്റെ ക്യാപ്റ്റനായി കളിയാരംഭിച്ച കുരികേശ് മമ്പാട് എംഇഎസ് കോളജിനും പിന്നീട് മലപ്പുറം സോക്കര്‍, സാന്റോസ് ക്ലബുകള്‍ക്കും കളിച്ചു. കണ്ണൂര്‍ ലക്കിസ്റ്റാര്‍ ക്ലബില്‍ നിന്നാണ് പോലിസിലെത്തുന്നത്. 1985 മുതല്‍ കളിയാരംഭിച്ച കുരികേശ് മാത്യു 1998ല്‍ കളി നിര്‍ത്തി. കേരളത്തെ സന്തോഷ് ട്രോഫിയില്‍ അഞ്ചുതവണ ഫൈനലിലെത്തിക്കുകയും രണ്ടുതവണ ജേതാക്കളാക്കുകയും ചെയ്തിട്ടുണ്ട്. 1993ല്‍ കേരള ക്യാപ്റ്റനായിരുന്നു.
മമ്പാട് എംഇഎസിലാണ് കോളജ് വിദ്യാഭ്യാസം നേടിയത്. കേരള പോലിസ് രണ്ടുതവണ ഫെഡറേഷന്‍ കപ്പ് നേടിയപ്പോഴും ടീമിന്റെ പ്രതിരോധത്തിലെ ഉരുക്കുകോട്ടയായിരുന്നു. പോലിസില്‍ ചേര്‍ന്ന ശേഷം കേരള പോലിസിനല്ലാതെ മറ്റൊരു ക്ലബിനും കുരികേശ് ജഴ്‌സിയണിയാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല. ഇതില്‍ അഭിമാനമുണ്ട്. മെഡല്‍ നേടിയത് ഔദ്യോഗിക സേവനത്തിനായതിനാല്‍ സന്തോഷത്തിന് ഒരു കുറവുമില്ല- കുരികേശ്  തേജസിനോട് പറഞ്ഞു. കേരള പോലിസ് ഫെഡറേഷന്‍ കപ്പ് നേടിയ സമയത്ത് ജനിച്ചതിനാലാണ് മകള്‍ക്ക് ഫെഡ്രീന (ബംഗളൂരു എംവിജെ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി) എന്നു പേരിട്ടത്.
എന്‍ജിനീയറിങ് വിദ്യാര്‍ഥി മാത്യു കുരികേശ് മകനാണ്. വീട്ടമ്മയായ ജെസ്സി കുരികേശാണ് ഭാര്യ. അടുത്ത  റിപബ്ലിക്ദിനത്തില്‍ പുരസ്‌കാരം വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക