|    Oct 19 Fri, 2018 8:32 am
FLASH NEWS

കുരങ്ങന്‍ചോലയിലെ വിവാദ ക്രഷര്‍ യൂണിറ്റിന് അനുമതി : നിയമതടസ്സം മറികടക്കാന്‍ നീക്കം

Published : 9th September 2017 | Posted By: fsq

 

മങ്കട: കുരങ്ങന്‍ചോല ക്രഷര്‍ യൂണിറ്റ് തുടങ്ങുന്നത് സംബന്ധിച്ചുള്ള നിയമ തടസ്സം മറികടക്കാന്‍ നീക്കം. ഏറെ വിവാദങ്ങള്‍ നിലനില്‍ക്കെയാണ് മങ്കട ഗ്രാമപഞ്ചായത്ത് ഭരണസമിതി കുരങ്ങന്‍ചോല ക്രഷര്‍ യൂണിറ്റിന് അനുമതി നല്‍കിയിരുന്നത്. 2014ല്‍ ക്രഷറിന്റെ പ്രവര്‍ത്തികള്‍ ആരംഭിച്ചെങ്കിലും പ്രദേശത്തെ നാട്ടുകാരുടെ എതിര്‍പ്പ് നിലനിന്നിരുന്നു. ക്രഷര്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പ്രദേശം ഉള്‍പ്പെടുന്ന, ഗ്രാമപഞ്ചായത്തിലെ ഭരണപക്ഷത്തുള്ള അംഗം പോലും വിയോജന കുറിപ്പ് രേഖപ്പെടുത്തിയിട്ടും ക്രഷറിന് അനുമതി നല്‍കിയത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ക്രഷര്‍ യൂണിറ്റിനെതിരെ കോടതിയില്‍ സമീപിക്കുന്നതിന് നാട്ടുകാര്‍ തയ്യാറെടുക്കുന്നുമുണ്ട്.  ഈ സാഹചര്യത്തില്‍ ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത് നിയമതടസ്സം വരാന്‍ സാധ്യതയുള്ളതിനാല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. പഞ്ചായത്ത് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം ആരംഭിക്കുന്നതിന് അനുമതി തേടി ക്രഷര്‍ ഉടമകള്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിരിക്കുകയാണ്. ജില്ലാ കലക്ടര്‍ നല്‍കുന്ന തീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് നീക്കം. ഇപ്രകാരം ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കാനായാല്‍ പിന്നീട് നിയമപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയില്ലന്നും ഉടമകള്‍ കരുതുന്നുണ്ട്. എന്നാല്‍ ക്രഷര്‍ യൂണിറ്റിനെതിരെ നേരത്തെ നാട്ടുകാര്‍ നല്‍കിയ വിവിധ പരാതികളില്‍ അന്യേഷണം നടന്ന് വരികയാണ്. ചേരിയം മലയില്‍ വനപ്രദേശമുള്ളതിനാല്‍  ക്രഷര്‍ യൂണിറ്റ് ആരംഭിക്കുന്നത് വനഭൂമിയെ ബാധിക്കുമോ എന്ന പരിശോധന വനം വകുപ്പും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പ്രദേശം വനം വകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ചിരുന്നു. ജില്ലയിലെ ഏറ്റവും ഉയരകം കൂടിയ മലകളിലൊന്നായ ചേരിയം മലയിലെ കൊടികുത്തി കല്ല് പ്രദേശം സ്തിതിചെയ്യുന്നതും വനം വകുപ്പിന്റെ അധീനതയിലുള്ളഭൂമിസ്ഥിതി ചെയ്യുന്നതും കുരങ്ങന്‍ ചോലയുടെ സമീപപ്രദേശത്താണ്.  ഈ ഭാഗത്ത് നടക്കുന്ന ക്വാറി ക്രഷര്‍ പ്രവര്‍ത്തനങ്ങള്‍ ഫോറസ്റ്റ് ഭൂമിയേയും സാരമായി ബാധിക്കമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അവര്‍ അത് സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല. നാട്ടുകാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും തീരുമാനമായിട്ടില്ല. മങ്കട പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന നെല്ല്കുത്ത് പാറയും അനുബന്ധ പാറകളും ഖനനം നടത്തുവാനും ഗ്രാമപഞ്ചായത്ത് അനുമതി നല്‍കിയിട്ടുണ്ട്. വേരുമ്പിലാക്കല്‍ പന്തലൂര്‍റോഡില്‍ പ്രകൃതി സൗന്ദര്യം കൊണ്ടനുഗ്രഹീതമായതും സഞ്ചാരികളെ ആകര്‍ഷിക്കുന്നതുമായപ്രദേശമാണ്  കുരങ്ങന്‍ ചോല  ഈ പ്രദേശത്തെ ക്വാറിയുടെ പ്രവര്‍ത്തനം കാരണമായി ചരിത്ര ശേഷിപ്പായ നെല്ല് കുത്ത് പാറയടക്കമുള്ളവയും  പ്രകൃതി ലോല പ്രദേശത്തില്‍ ഉള്‍പെടുന്നതുമായ ഒട്ടേറെ ഭാഗങ്ങള്‍ നശിക്കുമെന്നും ഭാവിയില്‍ ഉരുള്‍ പൊട്ടല്‍ അടക്കമുള്ള പ്രകൃതി ദുരന്തത്തിന് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നത്.   പഞ്ചായത്തിലെ ഏറ്റവും നല്ല ശുദ്ധ ജല സ്രോതസ്സായ ആയിരനാഴിപടിയിലെ അമ്മണംചോല, കുരങ്ങന്‍ചോല, ആര്‍ക്കാട്ട്‌ചോല തുടങ്ങിയ കാട്ടരുവികളുടെ ഉല്‍ഭവ സ്ഥാനവും ഈ പ്രദേശത്താണെന്നും അപൂര്‍വ്വ സസ്യങ്ങളുടെയും ജീവികളുടെയും കലവറകൂടിയായ ഈ പ്രദേശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നത്. ഈ പരാതികളെല്ലാം മറികടക്കാനാണ് ക്രഷര്‍ ഉടമകള്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss