
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് വന്നേക്കും. സംസ്ഥാന അധ്യക്ഷനാവുമെന്നാണ് സൂചന. ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമുണ്ടായേക്കും. തീവ്ര ഹിന്ദുത്വ പക്ഷക്കാരനുമായ കുമ്മനം രാജശേഖരനെ അമിത് ഷാ ഇന്നലെ ഡല്‍ഹിക്കു വിളിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘപരിവാര കുടുംബത്തിലെ ജനകീയമുഖമെന്ന നിലയിലാണ് കുമ്മനത്തെ ദേശീയനേതൃത്വം പരിഗണിക്കുന്നത്. കുമ്മനത്തെ പ്രസിഡന്റാക്കി ബിജെപിയുടെ നേതൃത്വം നേരിട്ടേറ്റെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ആര്‍എസ്എസ്. എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് എന്നീ സംഘടനകളുമായുള്ള കുമ്മനത്തിന്റെ ബന്ധം അദ്ദേഹത്തിന് ഗുണം ചെയ്തേക്കും. അതേസമയം സംഘപരിവാര്‍ സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര് ബാലശങ്കറിന്റെ പേരും അധ്യക്ഷ പദവിയിലുണ്ട്.് എന്നാല്‍, കേരളത്തിലെ ജനങ്ങളുമായി ബന്ധമില്ലാത്ത നേതാവെന്നത് ബാലശങ്കറിന് തിരിച്ചടിയായിട്ടുണ്ട്. എങ്കിലും ബിജെപിയുടെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ പെടാത്ത നേതാവെന്നത് ബാലശങ്കറിന് സാധ്യത കല്പിക്കുന്നു. സംസ്ഥാന ഘടകത്തിലെ രൂക്ഷമായ വിഭാഗീയതയുടെ പശ്ചാത്തലത്തില്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലശങ്കറിനെ സംസ്ഥാന നേതൃത്വത്തിലേക്ക് അയയ്ക്കാനും സാധ്യതയുണ്ട്.
എന്നാല്‍ ,ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന് കുമ്മനം അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നതില്‍ താല്പര്യമില്ല. ജന്മഭൂമി പത്രത്തിന്റെ ചെയര്‍മാനാണ് എന്നതൊഴിച്ചാല്‍ ബിജെപിയുടെ വര്‍ത്തമാനകാല രാഷ്ട്രീയവുമായി കുമ്മനം രാജശേഖരന് യാതൊരു ബന്ധവുമില്ലെന്നാണ് ഇവരുടെ വാദം. 1987ല്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്തു നിന്ന് നിയമസഭയിലേക്ക് മല്സരിച്ചതൊഴിച്ചാല് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സജീവമല്ല കുമ്മനം. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശം കുമ്മനം സ്വീകരിച്ചാല്‍ മറ്റ് തര്ക്കങ്ങളൊന്നുമുണ്ടാവാനിടയില്ല.
മുന്‍ പ്രസിഡന്റ് പി കെ കൃഷ്ണദാസിനെ വീണ്ടും പരിഗണിക്കണമെന്ന വികാരമാണ് സംസ്ഥാന നേതാക്കളിലെ ഭൂരിപക്ഷത്തിനുമുള്ളത്. സംസ്ഥാന—ത്തെ നേതാക്കളുടെ നിര്‍ദേശം പരിഗണിക്കപ്പെട്ടാല്‍ കൃഷ്ണദാസിനെ ഒരിക്കല്‍ക്കൂടി തിരഞ്ഞെടുക്കും. എന്നാല്‍, എ എന്‍ രാധാകൃഷ്ണന്റെ പേരാണ് കൃഷ്ണദാസ് നിര്‍ദേശിക്കുന്നത്. ശോഭാ സുരേന്ദ്രന് അവസരം നല്‍കണമെന്ന എസ്എന്‍ഡിപിയുടെ നിലപാട് ചര്‍ച്ച ചെയ്യുമെങ്കിലും പരിഗണിക്കാനിടയില്ല. ജനസമ്മതിയുള്ള നേതാക്കളെന്ന അവകാശവാദവുമായി കെ സുരേന്ദ്രന്, എം ടി രമേശ് എന്നിവരും മുന്നോട്ടു വന്നിട്ടുണ്ട്. സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കി സംസ്ഥാന അധ്യക്ഷനെ നേരിട്ട് നാമനിര്‍ദേശം ചെയ്യാനാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ അധ്യക്ഷനെ നിയോഗിക്കുന്നത് വൈകിക്കരുതെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും ആര്‍എസ്എസ് സംസ്ഥാന നേതൃത്വവും ബിജെപി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വി മുരളീധരനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി പുതിയ പ്രസിഡന്റിനെ നിയോഗിക്കണമെന്ന സംസ്ഥാന ബിജെപിയിലെ ഒരുവിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. മുതിര്‍ന്ന നേതാക്കളായ കെ രാമന്‍പിള്ള, പി പി മുകുന്ദന് എന്നിവരെ നേതൃനിരയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതു സംബന്ധിച്ചും കോര്‍ കമ്മിറ്റി ചര്‍ച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.