|    Oct 24 Tue, 2017 11:32 am
FLASH NEWS

കുമ്പിച്ചല്‍ കടവില്‍ പാലം ഉടന്‍

Published : 5th August 2016 | Posted By: SMR

വെള്ളറട: കുമ്പിച്ചല്‍ കടവില്‍ നടപ്പാലത്തിനു പകരം അമരവിള പാലത്തിനു സമാനമായ വലിയ പാലത്തിന്റെ പണി ഉടനെ ആരംഭിക്കും. സി കെ ഹരീന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് എടുത്തു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാലത്തിനു വേണ്ടി ശിലയിടുകയും മെറ്റല്‍, മണല്‍, കമ്പി, സിമന്റ് എന്നിവ ഇറക്കുകയുമുണ്ടായി. ഉദ്ഘാടന മാമാങ്കവും ഏറെ നടന്നു. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാലം വെറുംസ്വപ്‌നമായി അവശേഷിച്ചു. തുടര്‍ന്ന് ജനം റീത്ത് വച്ച് കരിങ്കൊടി നാട്ടി.
ദിവസങ്ങള്‍ക്കകം ഫലകവും അപ്രത്യക്ഷമായി. ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിശാലമായ പാലത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. 15 കോടി രൂപയാണ് പാലത്തിനായി സര്‍ക്കാര്‍ നല്‍കുക. പാലം യാഥാര്‍ഥ്യമാവുന്നതോടെ കുമ്പിച്ചല്‍ കടവില്‍ നിന്നു കൊബൈ വരെ വിശാല ടാറിങ് റോഡും കൊബൈയില്‍ ബോട്ട് സര്‍വീസും ഏര്‍പ്പെടുത്തുമെന്നാണ് വനംവകുപ്പിന്റെ വാഗ്ദാനം. കുമ്പിച്ചലിലും കൊബൈയിലും ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനുമുണ്ടാവും.
കുമ്പിച്ചല്‍ കടവില്‍ വള്ളം മറിഞ്ഞ് നിരവധി പേര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രാത്രി 8 കഴിഞ്ഞാല്‍ ആര്‍ക്കും അക്കരേക്കോ ഇക്കരേക്കോ കടക്കാനാവില്ല. മഴയും കാറ്റും വന്നാലും ഫലം മറിച്ചല്ല. പാമ്പുകടിയേറ്റാലോ രോഗം വന്നാലോ രാത്രിയില്‍ പുറംനാട്ടില്‍ എത്തിക്കാന്‍ കഴിയാതെ മരിച്ചവരുടെ കണക്കും കുറവല്ല. കാട്ടുമൂപ്പന്‍ ഭരണമുണ്ടായിരുന്നപ്പോള്‍ പാമ്പുകടിയേറ്റാലും രോഗം മൂര്‍ച്ഛിച്ചാലും ആയുര്‍വേദ ഔഷധങ്ങള്‍ നല്‍കി സുഖപ്പെടുത്തുമായിരുന്നു. പുതിയ തലമുറ വിദ്യാഭ്യാസവും സംസ്‌കാരവും സാമ്പത്തികവും മെച്ചപ്പെട്ടതോടെ പഴയ മാമൂലുകളില്‍ വിശ്വാസം നഷ്ടമായി. ഇപ്പോള്‍ എന്തിലും ഏതിനും പുറത്തെത്തണം. ആ സ്വപ്‌നം പൂവണിയാന്‍ ഇനി ഏതാനും മാസങ്ങള്‍ മതിയാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. സി കെ ഹരീന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള ഉന്നതസംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക