|    Oct 23 Tue, 2018 11:35 pm
FLASH NEWS

കുമ്പളത്ത് ടോള്‍ വെട്ടിച്ച് പോവാനുള്ള ശ്രമത്തിനിടെ ലോറി മരത്തിലിടിച്ചു

Published : 7th September 2017 | Posted By: fsq

 

മരട്: ദേശീയപാതയില്‍ കുമ്പളത്തുള്ള ടോള്‍ ഒഴിവാക്കി പോവാനുള്ള ലോറിയുടെ പരാക്രമം  അപകടത്തില്‍ കലാശിച്ചു. ഇന്നലെ രാവിലെ പത്തോടെയാണ് അരൂര്‍ ഭാഗത്ത് നിന്ന് വന്ന ലോറി ടോള്‍ പിരിവ് ഒഴിവാക്കുന്നതിന് വേണ്ടി പി വി ശ്രീധരന്‍ റോഡിലൂടെ കടന്ന് തീരെ ഇടുങ്ങിയ ജുമാ മസ്ജിദ് റോഡിലൂടെ ദേശീയപാതയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്. ജുമാ മസ്ജിദ് റോഡിലെത്തിയപ്പോള്‍ അമിതവേഗമെടുത്ത ലോറി റോഡരികിലുള്ള ചെങ്ങാരപ്പള്ളില്‍ മനാഫിന്റെ വീട്ടുവളപ്പില്‍ നിന്ന പരുത്തി മരത്തില്‍ ഉടക്കി. മരം  ലോറിയുടെ മുകളിലേക്ക് ചരിഞ്ഞു. തൊട്ടടുത്ത് തന്നെ വൈദ്യുതി പോസ്റ്റ് ഉണ്ടായിരുന്നതിനാല്‍ ലോറി മാറ്റാനാവാത്ത നിലയില്‍ ഗതാഗതവും തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പോലിസും കെഎസ്ഇബി ഉദ്യോഗസ്ഥരുമെത്തി. അവസാനം ലോറിയുടെ മുകളില്‍ വീണ മരം വെട്ടിമാറ്റിയ ശേഷമാണ് രണ്ട് മണിക്കൂറിലേറെ നേരം തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചത്. പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലോറി പനങ്ങാട് സ്‌റ്റേഷനിലേക്ക് മാറ്റി. ഇടറോഡിലൂടെ ടോള്‍ വെട്ടിച്ച് വരുന്ന വാഹനങ്ങള്‍ അമിത വേഗത്തില്‍ പായുന്നത് മൂലം കുട്ടികളെ പോലും പുറത്തിറക്കുവാന്‍ ഭയമാണെന്ന് പരിസരവാസിയായ മനാഫ് പറഞ്ഞു. റോഡരികിലെ വീടുകളിലേക്കുള്ള സര്‍വീസ് വയറും കേബിള്‍ കണക്ഷനും ലോറികളുടെ ഓട്ടത്തിനിടയില്‍ പൊട്ടുന്നത് പതിവായിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. വാഹന ഷോറൂമുകളിലേക്ക് വലിയ ലോറികളില്‍ എത്തുന്ന കാറുകള്‍, ടോള്‍ വെട്ടിപ്പിന് വേണ്ടി  ഇവിടെ ഇറക്കി, നമ്പര്‍ പ്ലേറ്റ് പോലുമില്ലാതെ ഇടറോഡുകളിലൂടെ പായുന്നുണ്ടെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ നമ്പറില്ലാതെ പാഞ്ഞ് പോവുന്ന കാറുകള്‍ എന്തെങ്കിലും അപകടമുണ്ടാക്കിയാലും കണ്ടു പിടിക്കാനാവാത്ത അവസ്ഥയാണ്. ഇത്തരത്തില്‍ നമ്പറില്ലാതെ വാഹന ഷോറൂമിലേക്ക് ഓടിച്ച് പോയ  കാര്‍ കുമ്പളം ഷാപ്പുപടിയില്‍ വച്ച് വൃദ്ധയെ തട്ടിയിട്ട് നിര്‍ത്താതെ പോയ സംഭവത്തില്‍ വൃദ്ധ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ക്കുന്ന ഇടറോഡുകളിലുള്ള ലോറികളുടെ പരാക്രമം അവസാനിപ്പിക്കുന്നതിന് അധികൃതര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss