|    Jan 21 Sat, 2017 10:08 am
FLASH NEWS

കുമ്പളത്തെ ആംബുലന്‍സ് സോളാര്‍ ബോട്ട് കട്ടപ്പുറത്ത്

Published : 12th October 2016 | Posted By: Abbasali tf

കുമ്പളം: മല്‍സ്യബന്ധനത്തിനിടയിലോ കായല്‍യാത്രയ്ക്കിടയിലോ ആപത്തില്‍പെടുന്ന മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി ഫിഷറീസ് വകുപ്പ് കുമ്പളത്തെ മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ ആംബുലന്‍സ് സോളാര്‍ ബോട്ട് കട്ടപ്പുറത്ത്. 2 വര്‍ഷം മുമ്പാണ് ബോട്ട് നല്‍കിയത്. 5 ലക്ഷം രൂപ മുടക്കി നിര്‍മിച്ചതാണിത്. എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കാന്‍ മാത്രം പെട്രോളും പിന്നീട് സൗരോര്‍ജത്തിലുമാണ് ബോട്ട് പ്രവര്‍ത്തിക്കുന്നത്. ഫൈബറില്‍ നിര്‍മിച്ച ബോട്ടില്‍ 4 പേര്‍ക്ക് യാത്ര ചെയ്യാം. മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍, 2 ബാറ്ററി, ഒരു സ്‌റ്റോറേജ് ബോക്‌സ്, എന്‍ജിന്‍ എന്നിവയടങ്ങിയതാണ് ബോട്ട്. വള്ളംമറിഞ്ഞോ, മറ്റും മല്‍സ്യത്തൊഴിലാളികള്‍ ആപത്തില്‍പെടുമ്പോള്‍ കരയിലുള്ളവര്‍ക്ക് എളുപ്പത്തിലെത്തി രക്ഷപ്പെടുത്തുന്നതിനായാണ് ബോട്ട് നല്‍കിയത്. മല്‍സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് ബോട്ട് നല്‍കിയത് ആഘോഷമായിട്ടായിരുന്നു. താല്‍പര്യമുള്ളവരെ കണ്ടെത്തി ഡ്രൈവിങില്‍ പരിശീലനം നല്‍കുമെന്ന് ചടങ്ങിനിടെ വകുപ്പധികൃതര്‍ പറഞ്ഞെങ്കിലും പിന്നീടതുണ്ടായില്ല. പരിശീലനം ലഭിക്കാത്തതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ബോട്ട് പിന്നീട് കെട്ടഴിക്കേണ്ടിയും വന്നില്ല. 2 വര്‍ഷമായി അതേ നിലയില്‍തന്നെ. ഇപ്പോള്‍ സ്റ്റാര്‍ട്ടാവുന്നുമില്ല. എന്‍ജിനും ബാറ്ററിയും അപ്രത്യക്ഷമായി. കുമ്പളം കിഴക്ക് കൊമരോത്ത് ജട്ടിയിലാണ് ബോട്ട് കെട്ടിയിട്ടിരിക്കുന്നത്. മല്‍സ്യബന്ധനത്തിനിടെ നിരവധി മല്‍സ്യത്തൊഴിലാളികള്‍ പ്രദേശത്തെ കായലുകളില്‍ അപകടത്തില്‍പെട്ട സംഭവവുമുണ്ടായി. എന്നാല്‍ ഡ്രൈവിങ് പരിശീലനം ലഭിക്കാത്തതിനാല്‍ ബോട്ട് പ്രയോജനപ്പെടുത്താനായില്ല. 3 മാസം മുമ്പ് അരൂക്കുറ്റിയില്‍നിന്നും ഇടക്കൊച്ചിയില്‍നിന്നുമെത്തിയ 2 യുവാക്കള്‍ ഉച്ചസമയത്ത് വഞ്ചിയില്‍വച്ച് ജന്മദിനമാഘോഷിക്കുന്നതിനിടെ കുമ്പളം കായലില്‍ മുങ്ങി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് വൈക്കം സ്വദേശികളായ 3 മല്‍സ്യത്തൊഴിലാളികള്‍ വഞ്ചി മറിഞ്ഞ് ചാത്തമ്മക്കായലില്‍ അപകടത്തില്‍പെട്ടു. ചാത്തമ്മയിലെ മറ്റ് മല്‍സ്യത്തൊഴിലാളികള്‍ അവരുടെ എന്‍ജിന്‍ ഘടിപ്പിച്ച വഞ്ചിയില്‍ചെന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇത്തരം ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി പനങ്ങാട് പോലിസിന് നല്‍കിയ ബോട്ടും അപ്രത്യക്ഷമായിട്ട് വര്‍ഷം 3 കഴിഞ്ഞു. ഇത്തരത്തിലുള്ള ബോട്ട് വക ഇനത്തില്‍ സര്‍ക്കാര്‍ പാഴാക്കുന്ന കോടികള്‍ തങ്ങളുടെ തലയില്‍ വന്നുവീഴുമോ എന്ന ആശങ്കയിലുമാണ് മല്‍സ്യത്തൊഴിലാളികള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക