|    May 27 Sat, 2017 2:36 am
FLASH NEWS

കുമ്പളം മാടവന പാലത്തില്‍ ട്രെയിലര്‍ ലോറി മറിഞ്ഞു

Published : 10th August 2016 | Posted By: SMR

മരട്: അരൂര്‍- ഇടപ്പള്ളി ദേശീയപാതയില്‍ കുമ്പളം മാടവന പാലത്തില്‍ ട്രെയിലര്‍ ലോറി മറിഞ്ഞു. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് വരുകയായിരുന്നു വാഹനം. പാലത്തിന്റെ മീഡിയനിലൂടെ കയറി നാലുവരിപ്പാതയില്‍ ഇരുവശവും വാഹനങ്ങള്‍ കടന്നുപോവാന്‍ സാധിക്കാത്ത രീതിയില്‍ റോഡിന് കുറുകെയാണ് വാഹനം കിടന്നത്.
ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെയാണ് കൂറ്റന്‍ കണ്ടെയ്‌നര്‍ ലോറി അപകടത്തില്‍പെട്ടത്. വെളുപ്പിനായതും ഈ സമയത്ത് റോഡില്‍ തിരക്ക് കുറവായിരുന്നതും മറ്റ് വാഹനങ്ങള്‍ കടന്നുവരാതിരുന്നതും വാഹനത്തില്‍ ലോഡില്ലാതിരുന്നതും മൂലം ഒരു വന്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കില്ല.
പാലത്തിന്റെ ഇറക്കത്തില്‍ ലോറിയുടെ മുന്‍ഭാഗത്തെ ഡ്രൈവര്‍ ക്യാബിന്‍ വലത്തോട്ട് വെട്ടിതിരിഞ്ഞ് ഡിവൈഡര്‍ തകര്‍ത്ത് മറുഭാഗത്തെ റോഡിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പോലിസ് പറഞ്ഞു.
ഹൈവേ പോലിസ്, പനങ്ങാട് പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. രാവിലെ എട്ടു മണിയോടുകൂടി ട്രെയിലറിന്റെ എന്‍ജിന്‍ഭാഗം ആദ്യം മാറ്റുകയും രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ച് കണ്ടെയ്‌നര്‍ ഭാഗം ഉയര്‍ത്തി മാറ്റി വീണ്ടും എന്‍ജിന്‍ ക്യാബിനുമായി കൂട്ടിയോജിപ്പിച്ച ശേഷം സ്ഥലത്തുനിന്ന് നീക്കംചെയ്തു. അപകടത്തെ തുടര്‍ന്ന് കുണ്ടന്നൂര്‍ മുതല്‍ അരൂര്‍ വരെ ദേശീയപാതയില്‍ ഇരു വശത്തും മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
സര്‍വീസ് റോഡുകള്‍ അടക്കം തഗാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി. അപകടം നടന്ന് 4 മണിക്കൂറിന് ശേഷമാണ് ദേശീയ പാതയില്‍നിന്നും അപകടത്തില്‍പെട്ട ലോറി നീക്കിയത്. നിരവധി സ്‌കൂള്‍ വാഹനങ്ങളും കുരുക്കില്‍പെട്ടു. നാട്ടുകാരും ഓട്ടോ തൊഴിലാളികളും പോലിസും ഏറെ നേരം ഗതാഗതം നിയന്ത്രിക്കാന്‍ ശ്രമിച്ചു. വാഹനം മാറ്റിയതിന് ശേഷമാണ് ദേശീയ പാതയിലടക്കം കുരുക്കഴിഞ്ഞത്. ഒരു വര്‍ഷത്തിന് മുമ്പ് ഇതുപോലൊരു ട്രെയിലര്‍ ഡ്രൈവര്‍ ഉറങ്ങിയത് കാരണം നെട്ടൂര്‍പള്ളി സ്‌റ്റോപ്പ് പാലത്തില്‍ ഇടിക്കുകയും ഡ്രൈവറുടെ വലത് കൈ മുറിച്ചുമാറ്റേണ്ടതായി വന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day