|    Oct 20 Fri, 2017 5:30 am
Home   >  News now   >  

കുമ്പളം നട്ടാല്‍ മത്തന്‍ മുളക്കില്ല

Published : 24th February 2017 | Posted By: G.A.G

imthihan-SMALL
കൊച്ചിയില്‍ പട്ടാപകല്‍ സിനിമാ നടിയായ യുവതി ആക്രമിക്കപ്പെട്ടതിനെതിരെ പൊതുജന രോഷമിരമ്പിക്കൊണ്ടിരിക്കുകയാണല്ലോ. നാട്ടില്‍ പൊതുവെയും സ്ത്രീകള്‍ക്കു നേരെ വിശേഷിച്ചും വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ക്കെതിരെ സമൂഹത്തിന്റെ നാനാതട്ടിലുമുളളവര്‍ തങ്ങളുടെ പ്രതിഷേധവും ഉത്കണ്ഠയും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആക്രമിക്കപ്പെട്ടത് സിനിമാ മേഖയിലുളള യുവതിയാതിനാല്‍ വൈകിയാണെങ്കിലും സിനിമാലോകം പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ട്. തങ്ങളുടെ സഹപ്രവര്‍ത്തകയോടുളള അവരുടെ ഈ ഐക്യദാര്‍ഢ്യം ശ്ലാഘനീയം തന്നെ.
എന്നാല്‍ സി പി എം  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതു പോലെ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ചെന്നിത്തലയോ സുധീരനോ ആരോപിക്കുന്നതു പോലെ ഇടതു സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് പുതുതായി ഉണ്ടായ പ്രവണതയുമല്ല. പിണറായി സര്‍ക്കാരിന്റെ കാലത്തും അതിനു മുമ്പുളള സര്‍ക്കാറുകളുടെ കാലത്തും സംസ്ഥാനത്ത് പിടിച്ചുപറിയും തട്ടിക്കൊണ്ടു പോകലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുളള പീഢനങ്ങളും അരങ്ങേറിയിട്ടുണ്ട്. സാങ്കേതിക വിദ്യയും മറ്റു സൗകര്യങ്ങളും പുരോഗമിക്കുന്നതിനനുസരിച്ച് ഇത്തരം കുറ്റകൃത്യങ്ങളും വ്യാപകമാവുന്നുവെന്ന് മാത്രം.
ഈ കുറ്റകൃത്യങ്ങളുടെ ചരിത്രവും പശ്ചാത്തലങ്ങളും സൂക്ഷ്മമായി പഠിക്കുന്ന പക്ഷം വ്യക്തമാവുന്ന ഒരു വസ്തുതയുണ്ട്. പലപ്പോഴും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പ്രചോദനമാകുന്നതു സിനിമയും കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുന്നതു അവയിലെ രംഗങ്ങളെ അനുകരിച്ചും ആണ്. പല കുറ്റവാളികളും പിടിക്കപ്പെടുമ്പോള്‍ തങ്ങള്‍ കൃത്യം ആസൂത്രണം ചെയ്തത് ഇന്ന സിനിമ കണ്ടിട്ടാണ് എന്ന് പറയാറുളളത് പലപ്പോഴും നമ്മള്‍ വായിക്കാറുണ്ട്.
നമ്മുടെ നാട്ടില്‍ പുറത്തിറങ്ങുന്ന സിനിമകളില്‍ നല്ലൊരു പങ്കിലും സെക്‌സും വയലന്‍സും ഒരു പ്രധാന ചേരുവയാണ് എന്നതു ആര്‍ക്കും നിഷേധിക്കാനാവില്ല. ഇവയുടെ അതിപ്രസരത്തെക്കുറിച്ചുളള സെന്‍സര്‍ ബോര്‍ഡിന്റെയും പൊതുസമൂഹത്തിന്റെയും വിമര്‍ശനങ്ങളെ ആവിഷ്‌കാര സ്വാതന്ത്യത്തിന്റെ പേരില്‍ ന്യായീകരിക്കാനാണ് പലപ്പോഴും ബന്ധപ്പെട്ടവര്‍ ശ്രമിക്കാറ്. സെക്‌സിന്റെയും വയലന്‍സിന്റെയും സിനിമയിലെ അതിപ്രസരം യുവാക്കളെയും കുട്ടികളെയും വഴിതെറ്റിക്കുകയും അവരെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കുകയോ കുറ്റകൃത്യങ്ങള്‍ക്ക് പ്രചോദനമാവുകയോ ചെയ്യുന്നതായി ഒട്ടേറെ പഠനങ്ങള്‍ കണ്ടെത്തിയിട്ടുമുണ്ട്.
എത്രത്തോളമെന്നാല്‍ സിനിമയില്‍ കാണുന്നതു പോലെ മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കുകയോ സ്ത്രീകള്‍ക്കു നേരെ ലൈംഗികാതിക്രമങ്ങള്‍ നടത്തുകയോ ചെയ്യാത്തവന്‍ പുരുഷനല്ല എന്ന മിഥ്യാധാരണ യുവാക്കളില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ അപ്പോഴൊക്കെയും സിനിമയുടെ വിപണി വിജയം മാത്രം ലാക്കാക്കി തങ്ങളുടെ നിലപാടുകളില്‍ യാതൊരു മാറ്റത്തിനും തയ്യാറാകാതെ, സമൂഹത്തിന്റെ ധാര്‍മ്മിക തകര്‍ച്ച തങ്ങളെ ബാധിക്കുന്ന ഒന്നേ അല്ലെന്ന നിലയില്‍  മസാല പടങ്ങള്‍ നല്‍കുന്ന ഉയര്‍ന്ന വരുമാനം കൊണ്ട് അത്യാടംബരപൂര്‍ണമായ ജീവിതം നയിക്കുന്നവരാണ് സിനിമാലോകത്തെ ബഹുഭൂരിപക്ഷം പേരും.

തീര്‍ച്ചയായും  സിനിമ മനുഷ്യജീവിതത്തിന്റെ പച്ചയായ നേര്‍ പരിഛേദം തന്നെയാണ്. ജീവിതഗന്ധിയായിരിക്കുമ്പോഴാണ് മറ്റേതൊരു കലയേയും പോലെ സിനിമയും ആസ്വാദകന് പ്രിയങ്കരവുമാവുന്നത്. അവ ഉപദേശിയുടെ പ്രസംഗം പോലെയായിത്തീര്‍ന്നാല്‍ അറുബോറായിരിക്കുമെന്ന് മാത്രമല്ല എട്ടു നിലയില്‍ പൊട്ടി നിര്‍മ്മാതാക്കള്‍ കുത്തുപാളയെടുക്കുകയും ചെയ്യുമെന്നുറപ്പ്. പക്ഷേ അതിനര്‍ത്ഥം സിനിമ വിജയിക്കാന്‍ സെക്‌സിന്റെയും വയലന്‍സിന്റേയും ചേരുവ കൂടിയേ തീരൂ എന്നല്ല.

ഉയര്‍ന്ന മൂല്യബോധം നിലനിര്‍ത്തി കൊണ്ടു തന്നെ ജീവിതഗന്ധിയായ സിനിമകളുടെ ഒരു ബദല്‍ സാധ്യമാണ് എന്നത് വെറുമൊരു അവകാശവാദമല്ല. അത് ഇറാന്‍ പോലുളള മധ്യപൗരസ്ത്യദേശങ്ങളിലെ സിനിമകള്‍ക്കു മാത്രം സാധിക്കുന്ന ഒന്നുമല്ല. നമ്മുടെ മലയാളത്തില്‍ തന്നെ അത്തരത്തിലുളള ഒരുപാട് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. പക്ഷെ മിക്കപ്പോഴും സംവിധായകരുടെ സര്‍ഗശേഷിയുടെ കുറവ് നികത്താനോ കൈ നനയാതെ മീന്‍ പിടിക്കാനുളള വ്യഗ്രത കൊണ്ടോ  സെക്‌സും വയലന്‍സും ചേര്‍ത്താലേ സിനിമ വിജയിക്കൂ എന്ന് സിനിമാലോകം തീര്‍പ്പ് കല്‍പിക്കുന്നു. അഥവാ അതിലുപരിയായ സര്‍ഗ നിലവാരം പ്രേക്ഷകന് ഉള്‍ക്കൊളളാനാവില്ലെന്ന്   അവര്‍ വിധിയെഴുതുന്നു. ഈ പ്രവണതക്കു പിന്നില്‍ സിനിമാനിര്‍മ്മാണത്തിന് മുതല്‍മുടക്കുന്നവരുടെ  മദ്യ-മയക്കുമരുന്ന് മാഫിയ ബന്ധം കൂടി കാരണമാകാറുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. ഫലമോ സിനിമയുടെ പ്രേക്ഷരില്‍ ബഹുഭൂരിപക്ഷം വരുന്ന യുവാക്കളിലും കുട്ടികളിലും മദ്യമയക്കുമരുന്നുപയോഗങ്ങളും കുറ്റകൃത്യങ്ങളും പെരുകുന്നു.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു യുവാക്കളെ മയക്കുമരുന്നിനടിമകളാക്കുന്ന സംഘങ്ങള്‍ പോലും സജീവമാണ്. പ്രത്യേകിച്ചും കൊച്ചി കേന്ദ്രീകരിച്ച് അടുത്ത കാലത്ത് പുറത്തിറങ്ങിയ പുതുതലമുറ സിനിമകളില്‍ ഈ പ്രവണതയുടെ ബഹിര്‍സ്പുരണങ്ങള്‍ ധാരാളമായി കാണാം.
സിനിമ ജീവിതത്തിന്റെ പരിഛേദമാണെന്നതു പോലെത്തന്നെ സിനിമാപ്രവര്‍ത്തകരും സമൂഹത്തില്‍ ജീവിക്കുന്നവരാകയാല്‍ കുറ്റകൃത്യങ്ങള്‍ പെരുകുമ്പോഴത്തെ സാമൂഹിക അരക്ഷിതാവസ്ഥകളില്‍ നിന്നു അവര്‍ക്കു മാത്രം മാറി നില്‍ക്കുക സാധ്യമല്ല. സിനിമ നല്‍കുന്ന ഉയര്‍ന്ന വരുമാനം അവരുടെ ജീവിത നിലവാരം എത്ര തന്നെ ഉയര്‍ത്തിയാലും ശരി. അത്തരത്തിലുളള അത്യാഹിതങ്ങള്‍  വല്ലതും സംഭവിക്കുമ്പോള്‍ മാത്രം ഭൂമിയിലിറങ്ങുന്ന താരദൈവങ്ങള്‍ കേരളത്തെയും മലയാളികളെയും ഓര്‍ത്ത് ലജ്ജിച്ചു തലതാഴ്ത്തുന്നുവെന്ന് വിലപിച്ചതു കൊണ്ടോ സാമൂഹിക മാധ്യമങ്ങളില്‍ ഹാഷ്ടാഗ് കാമ്പയിനുകള്‍ സംഘടിപ്പിച്ചതു കൊണ്ടോ കാര്യമില്ല. വിതച്ചതേ കൊയ്യാനാകൂ. മീശമാധവനില്‍ യശ്ശശരീരനായ അനുഗ്രഹീത കലാകാരന്‍ കൊച്ചിന്‍ ഹനീഫ പറയുന്നതു പോലെ കുമ്പളം നട്ടാല്‍ മത്തന്‍ മുളക്കില്ല.

സ്റ്റോപ് പ്രസ്: മിക്ക മാധ്യമങ്ങളും സിനിമാനടിക്ക് നേരെ  ആക്രമണമെന്ന മാത്രം വാര്‍ത്ത നല്‍കിയപ്പോള്‍ ചില പത്രങ്ങള്‍ ഇരയുടെ പേര് മുന്‍പേജില്‍ തലക്കെട്ടായി നല്‍കി. ഇരയുടെ മാന്യതയും സ്വകാര്യതയും ഒക്കെ വിലപ്പെട്ടതു തന്നെ, പക്ഷെ ദീപസ്തംഭം മഹാശ്ചര്യമെന്തായാലും നമുക്കും കിട്ടണം പണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക