|    Oct 22 Mon, 2018 3:10 pm
FLASH NEWS

കുമളി-മൂന്നാര്‍ സംസ്ഥാന പാതയിലെ പാലത്തില്‍ വിള്ളല്‍

Published : 8th November 2017 | Posted By: fsq

 

നെടുങ്കണ്ടം: കുമളി-മൂന്നാര്‍ സംസ്ഥാന പാതയിലെ പാലത്തില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്നുള്ള പ്രതിസന്ധി അധികൃതര്‍ ക്ഷണിച്ചുവരുത്തിയതാണ്. 60 വര്‍ഷത്തിലേറെ പഴക്കമുള്ള പാലം ബലക്ഷയമുള്ളതാണെന്നും പൊളിച്ചുപണിയണമെന്നുമുള്ള കാലങ്ങളായുള്ള ആവശ്യം ബന്ധപ്പെവര്‍ അവഗണിക്കുകയായിരുന്നു. വന്‍ ദുരന്തമായേക്കാവുന്ന സാഹചര്യമാണ് നാട്ടുകാരുടെ ശ്രദ്ധമൂലം ഒഴിവായിപ്പോയത്. അതേസമയം, പാറത്തോട് പാലം അപകടാവസ്ഥയിലായ വിവരം അറിഞ്ഞ് മന്ത്രി എം എം മണി സ്ഥലത്തെത്തി പാലം പരിശോധിച്ചു. പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ ആരാഞ്ഞ മന്ത്രി, എത്രയും പെട്ടെന്ന് പുതിയ പാലത്തിനുള്ള പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു.പാലം അടിയന്തിരമായ പൊളിച്ച് വീതിയുള്ള പുതിയ പാലം നിര്‍മിക്കാന്‍ പൊതുമരാമത്ത് മന്ത്രിയെ നാളെത്തന്നെ കാണുമെന്നും മന്ത്രി മണി അറിയിച്ചു. കാലപ്പഴക്കം മൂലമാണ് കുമളിമൂന്നാര്‍ സംസ്ഥാനപാതയിലെ പാറത്തോട്് പാലം അപകടാവസ്ഥയിലായതെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരടക്കം സമ്മതിക്കുമ്പോഴും പുതിയ പാലമെന്ന സ്വപ്‌നം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. പുതിയ പാലത്തിനായി അടിയന്തരമായി പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ മന്ത്രി എം എം മണി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും പാലം പണി ഉടന്‍ തുടങ്ങാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇടിഞ്ഞു താഴ്്ന്ന അപ്രോച്ച് റോഡിന്റെ സംഭക്ഷണ ഭിത്തി താല്‍ക്കാലികമായി ബലപ്പെടുത്തിയാലും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ബാക്കിയാണ്. കൈവരികള്‍ തകര്‍ന്ന് ജീര്‍ണാവസ്ഥയിലുള്ള പാലം പൊളിച്ച് വീതിയുള്ള പുതിയപാലമെന്നതാണ് പ്രദേശിക ജനപ്രതിനിധികളുടെയും ആവശ്യം. ഇന്നലെ രാവിലെ 7.15ഓടെ അവിചാരിതമായാണ് പാലത്തിലൂടെ നടക്കുന്നതിനിടയില്‍ പതിവില്ലാത്ത ഒരു വെള്ളക്കെട്ട് അപ്രോച്ച് റോഡില്‍ നാട്ടുകാരില്‍ ചിലര്‍ ശ്രദ്ധിച്ചത്.വിശദമായി പരിശോധിച്ചപോഴാണ് റോഡില്‍ വിള്ളല്‍ വീണിരിക്കുന്നതും, സംരക്ഷണഭിത്തി ഇടിഞ്ഞിരിക്കുന്നതും കണ്ടത്. 15 മിനിറ്റിനുള്ളില്‍ പാലത്തിലൂടെയുള്ള വാഹന ഗതാഗതം നാട്ടുകാരുടെയും,ഉടുമ്പന്‍ചോല പഞ്ചായത്തംഗങ്ങളുടെയും നേതൃത്വത്തില്‍ തടഞ്ഞു. നെടുങ്കണ്ടത്തെ പൊതുമരാമത്ത് ഓഫീസിലും പോലിസിലും വിളിച്ചറിയിച്ചു. കാലപ്പഴക്കം മൂലം നേരത്തെ തന്നെ പാലത്തിന് ബലക്ഷയമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. കുടിയേറ്റകാലത്ത് ആദ്യം നിര്‍മിച്ച പാലങ്ങളിലൊന്നാണ് പാറത്തോട് പാലം. കഴിഞ്ഞ രണ്ടാഴ്ചയായി തേക്കടിമൂന്നാര്‍ ദേശീയപാതയുടെ ടാറിങിനായി ചതുരംഗപ്പാറയില്‍ നിന്നും ടാര്‍മിക്‌സ് കയറ്റിയ നൂറിലധികം ടിപ്പര്‍ ലോറികളാണ് പാലത്തിലൂടെ കടന്ന് പൊയ്‌ക്കൊണ്ടിരുന്നത്. ഇടുങ്ങിയ പാലം എന്നതിലുപരി ഇരുവശങ്ങളിലേയും കുത്തനെയുള്ള ഇറക്കവും, ഒരു വശത്തെ റോഡിന്റെ വളവും ഇവിടെ അപകടങ്ങള്‍ ഉണ്ടാവാനും കാരണമായിട്ടുണ്ട്്. അതേസമയം, ഉടുമ്പന്‍ചോലയില്‍ നിന്ന് കല്ലുപാലം വഴി തേവാരംമെട്ടിലെത്തി അവിടെ നിന്ന് താന്നിമൂട്ടിലെത്തുന്ന സമാന്തര പാതയിലൂടെയാണിപ്പോള്‍ ഇരുചക്ര വാഹനങ്ങളൊഴികെയുള്ളവയുടെ ഗതാഗതം നടക്കുന്നത്. ഈ റോഡും ഭാഗീകമായി തകര്‍ന്ന് കിടക്കുകയാണ്. വീതി കുറഞ്ഞ, ഒട്ടേറെ അപകട വളവുകളുള്ള പാതയാണിത്. ബസും, ലോറിയുമടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് ഇതുവഴിയുള്ള യാത്ര ബുദ്ധിമുട്ടാണ്.വീതികുറഞ്ഞ വഴിയായതിനാല്‍ റോഡില്‍ ഗതാഗത നിയന്ത്രണത്തിന് സംവിധാനം ഒരുക്കിയില്ലെങ്കില്‍ വന്‍ ഗതാഗത കുരുക്കിനും കാരണമാവും. താന്നിമൂട്ടില്‍ നിന്ന് നെടുങ്കണ്ടത്തേക്കും, കല്ലാര്‍ വഴി കട്ടപ്പനയിലേക്കും എത്താന്‍ കഴിയും. താന്നിമൂട്‌തേവാരംമെട്ട് റോഡിന്റെ പുനര്‍നിര്‍മ്മാണ ജോലികളുടെ ഭാഗമായി ആനക്കല്ലിലെ ഇടുങ്ങിയ കലുങ്ക് പൊളിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരുന്നു. പാറത്തോടുവഴിയുള്ള ഗതാഗതം നിരോധിച്ചതോടെ കലുങ്ക് പൊളിക്കല്‍ താത്കാലികമായി നിര്‍ത്തിവെച്ചു. പാറത്തോടിന് സമീപം മേട്ടയില്‍ കവലയില്‍ നിന്നും സ്വകാര്യ എസ്‌റ്റേറ്റിനുള്ളിലൂടെ ഇടുങ്ങിയ റോഡും മേട്ടയില്‍ -കാമ്പാള -പാറത്തോട് റോഡും താല്കാലികമായി അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതത്തിന് തുറന്ന് കൊടുക്കും. എന്നാല്‍ ചെറു വാഹനങ്ങള്‍ക്ക് മാത്രമേ ഇതുവഴി പോവാന്‍ സാധിക്കൂ. മലയോര ഹൈവേ പദ്ധതില്‍ ഉള്‍പ്പെടുത്തി പാലം പൊളിച്ച് പണിയാന്‍ തീരുമാനമായിരുന്നതായി നെടുങ്കണ്ടം പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജീവ് അറിയിച്ചു.പുതിയ പാലം നിര്‍മിക്കുന്നതിന് പ്രദേശത്ത് പരിശോധനകള്‍ നടത്താന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചിരുന്നു. ഏജന്‍സി അധികൃതര്‍ ബുധനാഴ്ച പരിശോധനകള്‍ ആരംഭിക്കാനിരിക്കെയാണ് പാലം അപകടാവസ്ഥയിലായത്. നിലവില്‍ അപകടാവസ്ഥയിലായിരിക്കുന്ന സംരക്ഷണ ഭിത്തിയുടെ മുന്‍പിലായി പുതിയ സംരക്ഷണഭിത്തികെട്ടി അപ്രോച്ച് റോഡ് ബലപ്പെടുത്തും. നാല് ദിവസത്തിനുള്ളില്‍ രാത്രിയും പകലുമായി പണികള്‍ പൂര്‍ത്തീകരിക്കാനാണ് പൊതുമരാമത്തിന്റെ തീരുമാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss