|    Jul 23 Mon, 2018 4:04 am
FLASH NEWS

കുമളിയില്‍ ഒക്ടോബര്‍ മൂന്നിന് റോഡ് ഉപരോധിക്കും

Published : 24th September 2017 | Posted By: fsq

 

കുമളി: കെ കെ റോഡിന്റേയും കുമളി-തേക്കടി റോഡിന്റേയും ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ മൂന്നിന് കുമളിയില്‍ റോഡ് ഉപരോധിക്കും. കൊട്ടാരക്കര  ഡിണ്ഡുക്കല്‍ ദേശീയ പാതയുടെ പ്രധാന ഭാഗമായ കെ.കെ റോഡും അന്തരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയിലേക്കുള്ള റോഡും തകര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞു. കെ.കെ റോഡില്‍ 35ാം മൈല്‍ മുതല്‍ കുമളി വരെയുള്ള ഭാഗത്ത് വന്‍ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിട്ടുള്ളത്. മാത്രമല്ല ഈ റോഡിന്റെ ഇരു വശങ്ങളിലും കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നതിതാല്‍ എതിര്‍വശത്തു നിന്നും വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ തുടര്‍ച്ചയായി മൂന്നു ദിവസത്തോളമാണ് വണ്ടിപ്പെരിയാറില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടത്. വണ്ടിപ്പെരിയാറില്‍ റോഡിന് സമാന്തരമായി ഒഴുകുന്ന തോട് കൈയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതാണ് ചെറിയ മഴക്കാലത്ത് പോലും ഇവിടെ വെള്ളം കയറാന്‍ കാരണം. കൈയ്യേറ്റം ഒഴിപ്പിച്ച് ഇവിടെ റോഡ് ഉയര്‍ത്തിപ്പണിയണമെന്ന ആവശ്യത്തിന് കാലപ്പഴക്കമേറെയുണ്ട്. ഈ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും അധികൃതര്‍ ഇത് കണ്ടതായി ഭാവിക്കാറില്ലെന്ന് ചെയര്‍മാനും തോട്ടം തൊഴിലാളി യൂണിയന്‍ (ഐഎന്‍ ടിയുസി) ദേശിയ പ്രസിഡന്റ് പി എ ജോസഫ്, കണ്‍വീനര്‍ ജോഷി ജോസഫ്, സെക്രട്ടറി മാരായ സിറിള്‍ യോഹന്നാന്‍, നൗഷാദ് റോസാപ്പൂക്കണ്ടം അറിയിച്ചു. മൂന്നിന് രാവിലെ പത്തിന് കുമളി തേക്കടിക്കവലയില്‍ നടത്തുന്ന റോഡ് ഉപരോധം ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹീംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss